ശ്രേയസിന് ഐപിഎല്‍ പൂര്‍ണമായും നഷ്ടമാവും; ഡല്‍ഹി നായകനാവാന്‍ റിഷഭ് പന്തും സ്റ്റീവ് സ്മിത്തും

By Web TeamFirst Published Mar 25, 2021, 6:13 PM IST
Highlights

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ കൂടിയായ ശ്രേയസ് കഴിഞ്ഞ സീസണില്‍ ടീമിനെ ഫൈനലില്‍ എത്തിച്ചിരുന്നു. നായകനെന്നതിലുപരി ടീമിന്‍റെ പ്രധാന ബാറ്റ്സ്മാന്‍ കൂടിയാണ് ശ്രേയസ്. കഴിഞ്ഞ സീസണില്‍ ഡല്‍ഹിക്കായി ഏറ്റവും കൂടുതല്‍ റണ്‍സടിച്ച താരങ്ങളില്‍ ശിഖര്‍ ധവാന് പിന്നില്‍ രണ്ടാം സ്ഥാനത്തായിരുന്നു ശ്രേയസ്.

ദില്ലി: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ  ആദ്യ മത്സരത്തില്‍ ഫീല്‍ഡിംഗിനിടെ വീണ് ഇടതു തോളിന് പരിക്കേറ്റ ശ്രേയസ് അയ്യർക്ക് ഏകദിന പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്ക് പുറമെ ഐപിഎല്ലും പൂര്‍ണമായും നഷ്ടമാവും. ഇന്നലെ സ്കാനിംഗ് റിപ്പോര്‍ട്ട് പരിശോധിച്ചശേഷം ഏതാനും ആഴ്ച വിശ്രമമാണ് ശ്രേയസിന് ഡോക്ടര്‍മാര്‍ ആദ്യം നിര്‍ദേശിച്ചത്. ഇതോടെ ഐപിഎല്ലിലെ ആദ്യ മത്സരങ്ങള്‍ മാത്രമെ ശ്രേയസിന് നഷ്ടമാവു എന്നായിരുന്നു റിപ്പോര്‍ട്ട്.

എന്നാല്‍ വേദന കുറയാതിരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ക്കുശേഷം ശ്രേയസിന് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദേശിക്കുകയായിരുന്നു. ശസ്ത്രക്രിയക്കുശേഷം നാലോ അഞ്ചോ മാസമെങ്കിലും ശ്രേയസിന് വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെയാണ് ശ്രേയസിന് ഐപിഎല്‍ പൂര്‍ണമായും നഷ്ടമാവുമെന്ന് ഉറപ്പായത്. ഇംഗ്ലീഷ് കൗണ്ടി ടീമായ ലങ്കാഷെറയറിന് വേണ്ടിയും ശ്രേയസിന് ഈ സീസണില്‍ കളിക്കാനായേക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

ശ്രേയസിന്‍റെ അഭാവം ഐപിഎല്ലില്‍ ഡല്‍ഹി ടീമിന് കനത്ത തിരിച്ചടിയാണെന്ന് വ്യക്തമാക്കിയ ടീം ഉടമ പാര്‍ത്ഥ് ജിന്‍ഡാല്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ശ്രേയസ് ഉണ്ടാവണമെന്നും കൂടുതല്‍ കരുത്തോടെ അദ്ദേഹം തിരിച്ചെത്തുമെന്നും ട്വീറ്റ് ചെയ്തു.

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ കൂടിയായ ശ്രേയസ് കഴിഞ്ഞ സീസണില്‍ ടീമിനെ ഫൈനലില്‍ എത്തിച്ചിരുന്നു. നായകനെന്നതിലുപരി ടീമിന്‍റെ പ്രധാന ബാറ്റ്സ്മാന്‍ കൂടിയാണ് ശ്രേയസ്. കഴിഞ്ഞ സീസണില്‍ ഡല്‍ഹിക്കായി ഏറ്റവും കൂടുതല്‍ റണ്‍സടിച്ച താരങ്ങളില്‍ ശിഖര്‍ ധവാന് പിന്നില്‍ രണ്ടാം സ്ഥാനത്തായിരുന്നു ശ്രേയസ്.

ശ്രേയസിന്‍റെ അഭാവത്തിൽ റിഷഭ് പന്തോ സ്റ്റീവ് സ്മിത്തോ ഡൽഹി ക്യാപിറ്റൽസിന്‍റെ നായകനായേക്കുമെന്നാണ് സൂചന. ആര്‍ അശ്വിനും ശിഖര്‍ ധവാനും നായക സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാവുന്നരാണ്. അടുത്ത മാസം ഒൻപതിനാണ് ഐപിഎല്ലിന് തുടക്കമാവുക.

click me!