സൂര്യയുടെ ഭാവി തുലാസിൽ; നീലപ്പടയെ നയിക്കാൻ പുതിയ ക്യാപ്റ്റൻ? സഞ്ജുവും ശ്രേയസും ബിസിസിഐയുടെ റഡാറിൽ!

Published : May 09, 2026, 05:05 PM IST
Sanju Samon-Shreyas Iyer

Synopsis

ടി20 ലോകകപ്പ് നേടിയെങ്കിലും സൂര്യകുമാർ യാദവിനെ ടി20 ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റാൻ ബിസിസിഐ ആലോചിക്കുന്നതായി റിപ്പോർട്ട്. ശ്രേയസ് അയ്യരെയോ സഞ്ജുവിനെയോ പുതിയ ക്യാപ്റ്റനായി നിയമിച്ചേക്കുമെന്നാണ് സൂചന.

ദില്ലി: ഇന്ത്യൻ ക്രിക്കറ്റിൽ വലിയൊരു മാറ്റത്തിന് കളമൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ടി20 ലോകകപ്പ് നേടിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ സ്ഥാനത്തുനിന്ന് മാറ്റി പുതിയ നായകനെ കണ്ടെത്താൻ ബിസിസിഐ ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ. വരാനിരിക്കുന്ന അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്ക് മുൻപ് തന്നെ ഈ മാറ്റം ഉണ്ടായേക്കും. നിലവിലെ സാഹചര്യത്തിൽ, ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്നത് ശ്രേയസ് അയ്യർക്കും മലയാളി താരം സഞ്ജു സാംസണുമാണ്. സൂര്യകുമാറിന്റെ നേതൃത്വത്തിൽ ഇന്ത്യ ഈ വർഷം ടി20 ലോകകപ്പ് നേടിയെങ്കിലും, അദ്ദേഹത്തിന്റെ വ്യക്തിഗത പ്രകടനത്തിൽ സെലക്ടർമാർക്ക് തൃപ്തിയില്ല. അതേസമയം, ഐപിഎല്ലിൽ ശ്രേയസ് അയ്യരും സഞ്ജുവും കാഴ്ചവെക്കുന്ന മികവിൽ സെലക്ടർമാർ ഏറെ സന്തുഷ്ടരാണ്. 

2026-ലെ ടി20 ലോകകപ്പ് വിജയത്തിൽ സൂര്യകുമാറിന്റെ ക്യാപ്റ്റൻസി നിർണായക പങ്കുവഹിച്ചിരുന്നു. എന്നാൽ ലോകകപ്പിന് ശേഷം ബാറ്റിംഗിൽ അദ്ദേഹത്തിന് സ്ഥിരത കണ്ടെത്താനായിട്ടില്ല. പ്രത്യേകിച്ച് ഐപിഎൽ 2026-ലെ മോശം പ്രകടനം സെലക്ടർമാരെ പുനരാലോചനയ്ക്ക് പ്രേരിപ്പിച്ചതായാണ് വിവരം. ടീമിന്റെ ഭാവി മുന്നിൽ കണ്ട് പുതിയൊരു മുഖത്തെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് നീക്കം. ശ്രേയസ് നയിക്കുന്ന ടീമിൽ വൈഭവ് സൂര്യവംശി പോലുള്ള യുവതാരങ്ങൾക്ക് അവസരം ലഭിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

ഈ സീസൺ ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സിന് വേണ്ടിയുള്ള തകർപ്പൻ പ്രകടനമാണ് ശ്രേയസിനെ തുണയ്ക്കുന്നത്. ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും അദ്ദേഹം തിളങ്ങി. ഇതിന് മുൻപ് ഡൽഹി ക്യാപിറ്റൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, പഞ്ചാബ് കിംഗ്സ് തുടങ്ങിയ ടീമുകളെ നയിച്ചുള്ള അനുഭവസമ്പത്തും ശ്രേയസിനുണ്ട്. 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം കൊൽക്കത്തയെ കിരീടത്തിലേക്ക് നയിച്ചത് ശ്രേയസായിരുന്നു. തൊട്ടടുത്ത സീസണിൽ 12 വർഷത്തിന് ശേഷം പഞ്ചാബ് കിംഗ്‌സിനെ ഫൈനലിലെത്തിക്കാനും അദ്ദേഹത്തിനായി. സമ്മർദ്ദ സാഹചര്യങ്ങളെ ശാന്തമായി നേരിടാനുള്ള കഴിവ് സെലക്ടർമാരുടെ വിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.

ഐപിഎൽ അവസാനിച്ച ശേഷം അയർലൻഡ് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിക്കുമ്പോൾ ക്യാപ്റ്റൻസി മാറ്റവും ഔദ്യോഗികമായി അറിയിക്കുമെന്നാണ് സൂചന. ഇംഗ്ലണ്ട് പര്യടനത്തിലും പുതിയ ക്യാപ്റ്റന്റെ കീഴിൽ ടീമിനെ ഇറക്കാനാണ് ബോർഡ് പ്ലാൻ ചെയ്യുന്നത്. ബിസിസിഐയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും, 2028-ലെ ടി20 ലോകകപ്പ് മുന്നിൽ കണ്ട് പുതിയൊരു ടീമിനെ വാർത്തെടുക്കാനാണ് സെലക്ടർമാർ ലക്ഷ്യമിടുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

പരിമിത ഓവർ ക്രിക്കറ്റിൽ വലിയൊരു താരനിരയെ വളർത്തിയെടുക്കാനും ബിസിസിഐക്ക് പദ്ധതിയുണ്ട്. ഏകദിനത്തിനും ടി20ക്കും വെവ്വേറെ ടീമുകൾ എന്ന ദീർഘകാല പദ്ധതിയുടെ ഭാഗമായാണ് ഈ മാറ്റങ്ങളെയും കാണുന്നത്. ഇതോടെ സൂര്യകുമാറിന്റെ ടീമിലെ സ്ഥാനം എന്താകുമെന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നു. ഒരു ബാറ്റർ എന്ന നിലയിൽ ടീമിൽ തുടരുമോ, അതോ വിശ്രമം അനുവദിക്കുകയോ ടീമിൽ നിന്ന് ഒഴിവാക്കുകയോ ചെയ്യുമോ എന്ന് കണ്ടറിയണം. 

അതേസമയം, പരിശീലകന്‍ ഗൗതം ഗംഭീറിന് ശ്രേയസ് അയ്യരെ ക്യാപ്റ്റനാക്കുന്നതിനേക്കാൾ മലയാളി താരം സഞ്ജുവിനെ പരി​ഗണിക്കാനാണ് താത്പ്പര്യമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ബിസിസിഐ ഉദ്യോഗസ്ഥര്‍ ശ്രേയസിന് പൂർണപിന്തുണ നല്‍കുന്നുണ്ടെങ്കിലും ഗംഭീര്‍ സഞ്ജുവിനെ നായകനാക്കണമെന്ന നിലപാടിൽ ഉറച്ച് നില്‍ക്കുകയയാണ്. ടി20 ടീമിന്റെ വിക്കറ്റ് കീപ്പറും ഓപ്പണറുമായ സഞ്ജുവിന് ഐപിഎല്ലില്‍ ദീർഘകാലം രാജസ്ഥാൻ റോയല്‍സിനെ നയിച്ചുള്ള പരിചയവും മികച്ച റെക്കോഡുമുണ്ട്. കൂടാതെ ഗംഭീറുമായുള്ള അടുപ്പവും സഞ്ജുവിന് ഗുണം ചെയ്തേക്കും. ഇതിന്റെ ആദ്യ പടിയായി അയര്‍ലന്‍ഡ്, സിംബാബ്‌വെ പര്യടനങ്ങൾക്കുള്ള ഇന്ത്യന്‍ ടീമിനെ സഞ്ജുവായിരിക്കും നയിക്കുകയെന്നാണ് സൂചന. സഞ്ജുവിനെ വൈസ് ക്യാപ്റ്റനാക്കണമെന്നും വാദവും നിലനില്‍ക്കുന്നുണ്ട്. എല്ലാവരും ഇപ്പോൾ ഉറ്റുനോക്കുന്നത് ഐപിഎല്ലിന് ശേഷമുള്ള ടീം പ്രഖ്യാപനത്തിലേക്കാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഐപിഎല്‍ 2026: ദയനീയ പ്രകടനങ്ങള്‍, ടെസ്റ്റ് കളിക്കാനിറങ്ങിയ നായകന്മാര്‍
ഐപിഎല്‍ 2026: തൊട്ടതെല്ലാം പിഴച്ച് അക്‌സറും, ക്യാപ്റ്റൻസി ഭാരം ഓള്‍റൗണ്ടര്‍ക്കും തിരിച്ചടിയോ?