ആദ്യ മത്സരത്തിന് തൊട്ടുമുമ്പ് തന്‍റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ ശ്രേയസ് ചേർത്ത പുതിയ വരികളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.
ബെൽഫാസ്റ്റ്: ഇന്ത്യൻ ടി20 ടീമിന്‍റെ നായകനായി അരങ്ങേറാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, ഇൻസ്റ്റാഗ്രാം ബയോ മാറ്റി ആരാധകരെ കൗതുകത്തിലാഴ്ത്തി ശ്രേയസ് അയ്യർ. ബെൽഫാസ്റ്റിൽ അയർലൻഡിനെതിരെ ആരംഭിക്കുന്ന ടി20 പരമ്പരയോടെയാണ് ശ്രേയസ് ഇന്ത്യയെ ആദ്യമായി നയിക്കാനൊരുങ്ങുന്നത്. സൂര്യകുമാർ യാദവിന് പകരക്കാരനായാണ് കഴിഞ്ഞ മാസം ശ്രേയസിനെ ഇന്ത്യൻ ടി20 ക്യാപ്റ്റനായി പ്രഖ്യാപിച്ചത്.
ആദ്യ മത്സരത്തിന് തൊട്ടുമുമ്പ് തന്‍റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ ശ്രേയസ് ചേർത്ത പുതിയ വരികളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. 'സെക്കൻഡ് ഡേറ്റ് ഓഫ് ബര്‍ത്ത്- 25.12.2025' എന്നാണ് ശ്രേയസ് പുതുതായി ബയോയിൽ കുറിച്ചിരിക്കുന്നത്. ഇതോടെ ഈ തീയതിക്ക് പിന്നിലെ നിഗൂഢത എന്തെന്നറിയാൻ ആരാധകർ നെട്ടോട്ടമോടുകയാണ്. ശ്രേയസ് അയ്യർ ഇതിനെക്കുറിച്ച് കൂടുതലായി ഒന്നും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഒരു ആരാധകൻ കണ്ടെത്തിയ ഇതിന്‍റെ പിന്നിലെ വൈകാരികമായ കഥയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ശ്രദ്ധ നേടുന്നത്. ശ്രേയസിന്‍റെ കരിയറിലെ ഏറ്റവും നിർണായകമായ ഒരു തിരിച്ചുവരവിന്‍റെ തീയതിയായിരുന്നു അത്.
കരിയറിന് തന്നെ ഭീഷണിയായേക്കാവുന്ന ഗുരുതരമായ പരിക്കിൽ നിന്ന് പൂർണ്ണമായി മുക്തനായി ശ്രേയസ് അയ്യർ വീണ്ടും കൈകളിൽ ബാറ്റ് എടുത്ത ദിവസമായിരുന്നു 2025 ഡിസംബർ 25. അത് കേവലം ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് മാത്രമല്ല, കരിയറിലെ ഒരു പുതിയ അധ്യായത്തിന്റെ തുടക്കം കൂടിയായിരുന്നു. അതുകൊണ്ടായിരിക്കാം ആ തീയതിയെ തന്‍റെ 'രണ്ടാം ജന്മദിനം' എന്ന് ശ്രേയസ് വിശേഷിപ്പിച്ചത്.
റെക്കോർഡ് തിളക്കത്തിൽ ഇന്ത്യ; കണ്ണ് വൈഭവിലും
മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ അയർലൻഡിൽ ഒരു പരമ്പര കളിക്കാനെത്തുന്നത്. നിലവിലെ ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യ തന്നെയാണ് പരമ്പരയിലെ ഫേവറിറ്റുകൾ. എങ്കിലും, ക്രിക്കറ്റ് ലോകത്തിന്‍റെ മുഴുവൻ ശ്രദ്ധയും 15 വയസുകാരൻ ബാറ്റിംഗ് വിസ്മയം വൈഭവ് സൂര്യവംശിയുടെ ധീരമായ ബാറ്റിംഗ് ശൈലി കാണാനാണ്. ടി20 ക്രിക്കറ്റിൽ അയർലൻഡിനെതിരെ ഇന്ത്യയ്ക്ക് 8-0 ന്‍റെ തകർപ്പൻ റെക്കോർഡാണുള്ളത്. 2024-ലെ ടി20 ലോകകപ്പിലാണ് ഇരുടീമുകളും അവസാനമായി ഏറ്റുമുട്ടിയത്. 2007-ന് ശേഷം ആദ്യമായാണ് ഇന്ത്യ ബെൽഫാസ്റ്റിലെ സ്റ്റോർമോണ്ട് ഗ്രൗണ്ടിൽ ഒരു അന്താരാഷ്ട്ര മത്സരം കളിക്കുന്നത്. ഈ വർഷം കളിച്ച 14 ടി20 മത്സരങ്ങളിൽ 12 എണ്ണത്തിലും വിജയിച്ച ഇന്ത്യ തങ്ങളുടെ വിജയക്കുതിപ്പ് തുടരാനാകും ഇന്ന് ഇറങ്ങുക.
