
ബെംഗളൂരു: ടി20 ലോകകപ്പ് ടീമില്‍ നിന്ന് വൈസ് ക്യാപ്റ്റനായ ശുഭ്മാന്‍ ഗില്ലിനെ ഒഴിവാക്കാന്‍ കാരണമായത് ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിന്‍റെ മോശം ഫോമെന്ന് തുറന്നു പറഞ്ഞ് മുന്‍ ഇന്ത്യൻ താരം റോബിന്‍ ഉത്തപ്പ. ഒരു വര്‍ഷമായി ടി20 ടീമിലില്ലാതിരുന്ന ഗില്ലിനെ കഴിഞ്ഞ ഏഷ്യാ കപ്പിലാണ് ഓപ്പണറും വൈസ് ക്യാപ്റ്റനുമായി ടീമിലെടുതത്ത്. എന്നാല്‍ അതിനുശേഷം നടന്ന 18 ടി20 മത്സരങ്ങളില്‍ ഒരു അര്‍ധസെഞ്ചുറി പോലും നേടാനാവാതിരുന്നതോടെയാണ് ഗില്ലിനെ ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കിയത്. അതേസമയം കഴിഞ്ഞ 22 മത്സരങ്ങളില്‍ ഒരു അര്‍ധസെഞ്ചുറി പോലും ഇല്ലാതിരുന്നിട്ടും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെ നിലനിര്‍ത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഗില്ലിന്‍റ പുറാത്തകലിന് കാരണമായത് സൂര്യകുമാര്‍ യാദവിന്‍റെ മോശം ഫോമാണെന്ന് ഉത്തപ്പ പറഞ്ഞത്. അവസാനം കളിച്ച 22 ഇന്നിംഗ്സില്‍ രണ്ട് തവണ മാത്രമാണ് സൂര്യകുമാര്‍ 25ന് മുകളില്‍ സ്കോര്‍ ചെയ്തത്.
ലോകകപ്പ് ടീമില്‍ ഫോമിലില്ലാത്ത ഒരു കളിക്കാരനെ കൂടുതല്‍ നിലനിര്‍ത്തുന്നത് തിരിച്ചടിയാവുമെന്നതിനാലാണ് ഗില്ലിനെ ഒഴിവാക്കി ക്യാപ്റ്റനായതിനാല്‍ സൂര്യകുമാറിനെ നിലനിര്‍ത്തിയതെന്ന് ഉത്തപ്പ പറഞ്ഞു. അങ്ങനെ നോക്കുമ്പോള്‍ സൂര്യകുമാറിന്‍റെ മോശം ഫോമാണ് ഗില്ലിന്‍റെ പുറത്താകലിന് കാരണമായത്. നിലവിലെ ഫോം പരിഗണിക്കുകയാണെങ്കില്‍ ഗില്‍ ലോകകപ്പ് ടീമിലെത്താന്‍ അര്‍ഹനായിരുന്നോ എന്ന് ചോദിച്ചാല്‍ അല്ലെന്നായിരിക്കും എന്‍റെ മറുപടി. ബാറ്റ് ചെയ്യാനിറങ്ങുമ്പോള്‍ ഗില്ലിനെ ശ്രദ്ധിച്ചാല്‍ മനസിലാവും, അയാള്‍ ആശയക്കുഴപ്പത്തിലാണെന്ന്. ദക്ഷിണാഫ്രിക്കക്കെതിരെ ബാറ്റിംഗിനിറങ്ങിയപ്പോഴാകട്ടെ അയാള്‍ ചില മികച്ച പന്തുകളില്‍ പുറത്താവുകയും ചെയ്തു. ലുങ്കി എന്‍ഗിഡിയൊക്കെ ഗില്ലിനെതിരെ മികച്ച രീതിയിലാണ് പന്തെറിഞ്ഞത്. പരമ്പരയിലാകെ എന്‍ഗിഡിക്ക് മുമ്പില്‍ ഗില്‍ പതറിയിരുന്നു.
ലോകകപ്പ് ടീം പ്രഖ്യാപിച്ചതുകണ്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയെന്നും ഉത്തപ്പ പറഞ്ഞു. യാത്രയൊക്കെ കഴിഞ്ഞ് ക്ഷീണം കാരണം ഉറങ്ങിപ്പോയതിനാല്‍ ടീം പ്രഖ്യാപനം നേരില്‍ കാണാനായില്ല. പിന്നീട് ഉണര്‍ന്നപ്പോള്‍ ഫോണെടുത്ത് നോക്കിയപ്പോഴാണ് ടീം പ്രഖ്യാപിച്ചതായി അറിഞ്ഞത്. ലോകകപ്പ് ടീം അംഗങ്ങളുടെ പേര് വായിച്ചപ്പോള്‍ ശരിക്കും എനിക്ക് സന്തോഷമാണോ ഞെട്ടലാണോ ഉണ്ടായത് എന്നറിയില്ല. കാരണം, ശക്തമായ ടീമിനെയാണ് സെലക്ടര്‍മാര്‍ തെരഞ്ഞെടുത്തത്. അപ്പോഴും ശുഭ്മാന്‍ ഗില്ലിനെ പിന്നെ എന്തിനാണ് ടീമിലെടുത്തതെന്നും ഒഴിവാക്കിയതെന്നും ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്നും ഓര്‍ത്ത് ഞാന്‍ ശരിക്കും ഞെട്ടിപ്പോയി.കാരണം, വെറും കളിക്കാരനായി ടീമിലെടുത്തശേഷമല്ല, വൈസ് ക്യാപ്റ്റനായി ടീമിലെടുത്തശേഷമാണ് പുറത്താക്കിയത്. അതാണ് തന്നെ ശരിക്കും ഞെട്ടിച്ചതെന്നും ഉത്തപ്പ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!