
മുംബൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം പ്രഖ്യാപനം 19നെന്ന് സൂചനകള്‍. ട്വന്റി 20 ഫോര്‍മാറ്റിലുള്ള ടൂര്‍ണമെന്റിന് ദുബായാണ് വേദിയാവുന്നത്. അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി യോഗം ഉടന്‍ ചേര്‍ന്ന് ടീമിനെ തെരഞ്ഞെടുക്കും. പേസര്‍ ജസ്പ്രീത് ബുമ്ര ഏഷ്യാ കപ്പിനുള്ള ടീമിലിടം നേടുമെന്നാണ് പ്രതീക്ഷ. ഏഷ്യ കപ്പില്‍ ഇടം നേടിയാല്‍ വര്‍ക് ലോഡ് മാനേജ്‌മെന്റിന്റെ ഭാഗമായി ബുമ്രയെ വിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ നിന്ന് ഒഴിവാക്കിയേക്കും. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റനായി ശുഭ്മന്‍ ഗില്ലെത്തുമെന്നാണ് സൂചനകള്‍.
അങ്ങനെയെങ്കില്‍ അക്‌സര്‍ പട്ടേലിന് വൈസ് ക്യാപ്റ്റന്‍ പദവി നഷ്ടമാകും. ഓപ്പണിംഗില്‍ സഞ്ജു സാംസണ്‍ തുടരാനാണ് സാധ്യത. സഞ്ജു ഒന്നാം വിക്കറ്റ് കീപ്പറാകുമ്പോള്‍ ജിതേഷ് ശര്‍മ, ധ്രുവ് ജുറല്‍ എന്നിവരില്‍ ഒരാളെ രണ്ടാം വിക്കറ്റ് കീപ്പറായി പരിഗണിച്ചേക്കും. സെപ്റ്റംബര്‍ 10ന് യുഎഇക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. സെപ്റ്റംബര്‍ 14നാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ പാകിസ്ഥാന്‍ സൂപ്പര്‍ പോരാട്ടം. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ കായികക്ഷമത തെളിയിക്കാനെത്തിയ താരങ്ങളുടെ ഫിറ്റ്‌നെസ് റിപ്പോര്‍ട്ട് കൂടി ലഭിച്ചശേഷമാകും ടീം പ്ര്യഖ്യാപനം.
സൂര്യകുമാര്‍ യാദവ് ഹെര്‍ണിയ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലുള്ള സൂര്യകുമാര്‍ കഴിഞ്ഞ ദിവസം ബാറ്റിംഗ് പരിശീലനം നത്തുന്ന വീഡിയോ പങ്കുവെച്ചെങ്കിലും മാച്ച് ഫിറ്റ്‌നെസ് ഇതുവരെ വീണ്ടെടുത്തിട്ടില്ല. ഐപിഎല്ലിനുശേഷം മത്സര ക്രിക്കറ്റില്‍ നിന്ന് വിട്ടു നില്‍ക്കുന്ന സൂര്യകുമാര്‍ യാദവ് ജൂണിലാണ് ഹെര്‍ണിയ ശസ്ത്രക്രിയക്ക് വിധേയനായത്. കഴിഞ്ഞ വര്‍ഷം ശ്രീലങ്കക്കെതിരായ ടി20 പരമ്പരയില്‍ സൂര്യകുമാര്‍ ക്യാപ്റ്റനായി അരങ്ങേറ്റിയ പരമ്പരയിലാണ് ഗില്‍ അവസാനമായി ഇന്ത്യന്‍ ടി20 ടീമില്‍ കളിച്ചത്. അന്ന് സൂര്യകുമാറിന് കീഴില്‍ വൈസ് ക്യാപ്റ്റനായിരുന്നു ഗില്‍. ഗില്‍ തിരിച്ചെത്തിയാല്‍ ഓപ്പണറായി ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അങ്ങനെ വന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യക്കായി ഓപ്പണ്‍ ചെയ്ത അഭിഷേക് ശര്‍മ-സഞ്ജു സാംസണ്‍ ഓപ്പണിംഗ് സഖ്യം മാറും. ഗില്‍ - സഞ്ജു സഖ്യം ഓപ്പണ്‍ ചെയ്യാന്‍ സാധ്യത ഏറെ. ഇനി ഓപ്പണിംഗ് സ്ഥാനത്തു നിന്ന് മാറിയാല്‍ സഞ്ജുവിനെ ടോപ് ഫോറില്‍ കളിപ്പിക്കുമോ എന്നും ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നു. അഭിഷേക് ശര്‍മ, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരും ടീമിലുണ്ടാകും.