
ചണ്ഡീഗഡ്: ഐപിഎൽ എലിമിനേറ്റര്‍ മത്സരത്തിനിടെ മുംബൈ ഇന്ത്യൻസ് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയോടുള്ള തന്‍റെ പെരുമാറ്റത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകൾ തള്ളി ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ശുഭ്മാന്‍ ഗില്‍. ശനിയാഴ്ച നടന്ന എലിമിനേറ്റര്‍ മത്സരത്തിന് മുന്നോടിയായുള്ള ടോസ് സമയത്തെ ഗില്ലിന്‍റെയും ഹാർദ്ദിക്കിന്‍റെയും പെരുമാറ്റവും ശരീരഭാഷയുമാണ് സോഷ്യൽ മീഡിയയിൽ വലിയ ചര്‍ച്ചയായത്.
ടോസിട്ട ശേഷം ടീം ക്യാപ്റ്റൻമാര്‍ പരസ്പരം ഹസ്തദാനം നടത്തുന്ന പതിവുണ്ടെങ്കിലും ഇന്നലെ ടോസിനുശേഷം ഹാര്‍ദ്ദിക്കും ഗില്ലും ഹസ്തദാനത്തിന് തയാറായിരുന്നില്ല. ഗില്ലിന് കൈ കൊടുക്കാൻ ഹാര്‍ദിക് തയ്യാറായിരുന്നുവെങ്കിലും ഗുജറാത്ത് നായകന്‍ ഇത് അവഗണിക്കുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.
ഇതിനു പിന്നാലെയായിരുന്നു ഇരുവര്‍ക്കുമിടയിൽ ഈഗോ വാര്‍ നടക്കുന്നുണ്ടെന്ന് സോഷ്യൽ മീഡിയ പ്രചാരണം വന്നത്. ഗുജറാത്ത് ഇന്നിംഗ്സിന്‍റെ തുടക്കത്തില്‍ തന്നെ ഗിൽ പുറത്തായപ്പോൾ ഹാര്‍ദിക് പാണ്ഡ്യ ആഘോഷിച്ച രീതിയും ആരാധകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ഗില്‍ തന്നെ മറുപടി നല്‍കിയിരിക്കുന്നത്.
വേറൊന്നുമില്ല, സ്നേഹം മാത്രം, ഇന്‍റര്‍നെറ്റില്‍ കാണുന്നതെല്ലാം വിശ്വസിക്കരുത് എന്നാണ് ഗില്‍ ഐപിഎല്‍ ജേഴ്സിയിലും ഇന്ത്യൻ ജേഴ്സിയിലും ഹാര്‍ദ്ദിക്കിനെ ചേര്‍ത്തുപിടിച്ചു കൊണ്ടുള്ള ചിത്രം പങ്കുവെച്ച് കുറിച്ചത്. ഹാര്‍ദ്ദിക്കിനെ ടാഗ് ചെയ്ത് പങ്കുവെച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറി ഷുബ്ബു ബേബി എന്ന് കുറിച്ച് ലവ് ഇമോജികളോടെ ഹാര്‍ദ്ദിക് റീപോസ്റ്റ് ചെയ്യുകയും ചെയ്തു. ഗില്ലിന് മുമ്പ് ഗുജറാത്ത് ടൈറ്റന്‍സ് നായകനായിരുന്നു ഹാര്‍ദ്ദിക് പാണ്ഡ്യ. മുംബൈ ഇന്ത്യൻസ് നായകനായി ഹാര്‍ദ്ദിക് പോയതോടെയാണ് ഗുജറാത്ത് ഗില്ലിനെ ക്യാപ്റ്റനാക്കിയത്. എലിമിനേറ്ററിന് മുമ്പ് സീസണില്‍ ലീഗ് റൗണ്ടില്‍ രണ്ട് തവണ പരസ്പരം ഏറ്റുമുട്ടിയപ്പോഴും ഗുജറാത്ത് മുംബൈയെ തോല്‍പ്പിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക