
ചണ്ഡീഗഡ്: ഐപിഎല്‍ എലിമിനേറ്ററില്‍ മുബൈ ഇന്ത്യൻസിനെതിരെ തോല്‍വി വഴങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ തന്ത്രങ്ങളെ വിമര്‍ശിച്ച് മുന്‍ ഇന്ത്യൻ താരം റോബിന്‍ ഉത്തപ്പ. നിര്‍ണായക ക്യാച്ചുകള്‍ കൈവിട്ട് ഫീല്‍ഡില്‍ തുടര്‍ അബദ്ധങ്ങള്‍ വരുത്തിയിട്ടും എലിമിനേറ്റര്‍ മത്സരം ജയിക്കുമെന്ന് കരുതുന്നത് മണ്ടത്തരമാണെന്ന് ഉത്തപ്പ പറഞ്ഞു.
ക്യാച്ചുകള്‍ കൈവിട്ടതിന് പിന്നാലെ ഗുജറാത്ത് വരുത്തിയ വലിയ പിഴവ് പ്രസിദ്ധ് കൃഷ്ണയെ പവര്‍ പ്ലേയില്‍ പന്തെറിയിച്ചതാണ്. മധ്യ ഓവറുകളില്‍ റണ്‍നിരക്ക് നിയന്ത്രിക്കാനുള്ള ഗുജറാത്തിന്‍റെ വജ്രായുധമായിരുന്നു പ്രസിദ്ധ് കൃഷ്ണ. എന്നാല്‍ പവര്‍ പ്ലേയില്‍ പന്തെറിയാനെത്തിയ പ്രസിദ്ധ് ആദ്യ ഓവറില്‍ 10ഉം രണ്ടാം ഓവറിൽ 26 ഉം റൺസ് വഴങ്ങിയതോടെ ഗുജറാത്തിന്‍റെ കണക്കുകൂട്ടല്‍ പാടെ പിഴച്ചു.
മുംബൈ ഇന്നിംഗ്സിലെ 26ഉം 22 ഉം റണ്‍സ് പിറന്ന രണ്ടോവറുകളാണ് വിജയലക്ഷ്യം ഗുജറാത്തിന് അപ്രാപ്യമാക്കിയത്. പ്രദിദ്ധ് 26 റണ്‍സ് വഴങ്ങിയപ്പോള്‍ ഇരുപതാം ഓവര്‍ എറിഞ്ഞ ജെറാള്‍ഡ് കോട്സി ആണ് 22 റണ്‍സ് വഴങ്ങിയത്. ഇതിനെല്ലാം പുറമെയായിരുന്നു ക്യാച്ചുകള്‍ കൈവിട്ടത്. ഇത്രയും മോശം ഫീല്‍ഡംഗ് കാഴ്ചവെച്ചശേഷം ടൂര്‍ണമെന്‍റ് ജയിക്കാനാകുമെന്ന് കരുതരുത്. തുടക്കത്തില്‍ ക്യാച്ചുകള്‍ കൈവിട്ടപ്പോള്‍ രോഹിത് റിസ്ക് എടുത്ത് കളിക്കാന്‍ തീരുമാനിച്ചെങ്കിലും പിന്നീട് സാഹചര്യം തിരിച്ചറിഞ്ഞ് കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. ഉത്തരവാദിത്തത്തോടെ ബാറ്റ് ചെയ്ത രോഹിത് മികച്ച കൂട്ടുകെട്ടുകള്‍ ഉണ്ടാക്കുകയും നിര്‍ണായക സമയത്ത് സ്കോറിംഗ് ഉയര്‍ത്തുകയും ചെയ്തു.
ധോണിയെയും കോലിയെയും രോഹിത്തിനെയും പോലുള്ള കളിക്കാര്‍ ക്രീസിലുണ്ടായാല്‍തന്നെ എതിരാളികള്‍ സമ്മര്‍ദ്ദത്തിലാകും. ഗുജറാത്തിന്‍റെ സായ് സുദര്‍ശനും ഇപ്പോള്‍ ആ നിലവാരത്തിലേക്ക് ഉയരുന്നുണ്ടെന്നും ഉത്തപ്പ പറഞ്ഞു. ഗുജറാത്തിനെതിരെ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സെടുത്തപ്പോള്‍ ഗുജറാത്തിന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെ നേടാനായുള്ളു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക