
വെല്ലിംഗ്ടൺ: ന്യൂസിലൻഡിനെതിരെ വ്യാഴാഴ്ച വെല്ലിംഗ്ടണിലെ ബേസിൻ റിസർവിൽ ആരംഭിക്കുന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ നാല് പേസർമാരുമായി ഇറങ്ങുമെന്ന് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ. സ്ക്വാഡിലുള്ള ആറ് പേസർമാരിൽ ആരൊക്കെയാണ് പ്ലേയിംഗ് ഇലവനിൽ ഉണ്ടാവുകയെന്ന് ടീം മാനേജ്‌മെന്‍റ് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ഗില്‍ പരമ്പരയ്ക്ക് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഏകദിന പരമ്പരയിലെ മികച്ച പ്രകടനത്തിന് ശേഷം യുവ പേസർമാർ മികച്ച ഫോമിലാണെന്നും, ഇത് ടീമിന് സുഖകരമായ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും ഗിൽ പറഞ്ഞു. ജസ്പ്രീത് ബുംറ നയിക്കുന്ന പേസ് നിരയിൽ മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, അൻഷുൽ കാംബോജ്, പുതുതായി ടീമിലെത്തിയ ഗുർനൂർ ബ്രാർ എന്നിവരാണ് ഇടംപിടിച്ചിരിക്കുന്നത്.
ഏകദിന പരമ്പരയിൽ പേസർമാർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അന്തിമ ഇലവനെക്കുറിച്ച് ഞങ്ങൾ ഇപ്പോഴും ആലോചിച്ചുകൊണ്ടിരിക്കുകയാണ്. എന്തായാലും നാല് പേസർമാരുമായായിരിക്കും ഞങ്ങൾ കളിക്കുക. ഏകദിനത്തേക്കാൾ വലിയ വെല്ലുവിളിയായിരിക്കും ടെസ്റ്റ് പരമ്പരയിലെന്നും കാരണം സ്വന്തം നാട്ടില്‍ കിവീസിന് മികച്ച റെക്കോർഡാണുള്ളതെന്നും ഗിൽ വ്യക്തമാക്കി.
ഏഴ് സ്പെഷ്യലിസ്റ്റ് ബാറ്റർമാരുമായിട്ടായിരിക്കും ഇന്ത്യ ആദ്യ ടെസ്റ്റിനിറങ്ങുക. എട്ട്, ഒൻപത് സ്ഥാനങ്ങളിൽ ബാറ്റ് ചെയ്യാൻ ശേഷിയുള്ള ആകാശ് ദീപ്, അൻഷുൽ കാംബോജ് എന്നിവരും, നിതീഷ് കുമാർ റെഡ്ഡിയും ടീമിന് കരുത്താകും. മൂന്നാം ദിനം മുതൽ പിച്ച് ബാറ്റിംഗിന് അനുകൂലമാകാൻ സാധ്യതയുണ്ടെന്നതിനാല്‍ വാലറ്റത്തും തകര്‍ത്തടിക്കാൻ കഴിയുന്ന ബൗളർമാരെയാണ് ടീം ലക്ഷ്യമിടുന്നതെന്നും ഗിൽ കൂട്ടിച്ചേർത്തു.
പരിക്കുമൂലം ഇന്ത്യ എ - ന്യൂസിലൻഡ് എ അനൗദ്യോഗിക ടെസ്റ്റ് പരമ്പര നഷ്ടമായ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത് വെല്ലിംഗ്ടണിൽ ടീമിനൊപ്പം ചേർന്നിട്ടുണ്ട്. പന്തിന്‍റെ ഫോമിനെയും ഫിറ്റ്നസിനെയും കുറിച്ചുള്ള ആശങ്കകൾ തള്ളിക്കളഞ്ഞ ഗിൽ, ടീമിലെ ഏറ്റവും പരിചയസമ്പന്നനായ താരങ്ങളിൽ ഒരാളാണ് റിഷഭ് പന്തെന്നും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സെഞ്ച്വറികൾ നേടിയിട്ടുള്ള താരമാണ് പന്തെന്നും പറഞ്ഞു.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
2027-ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷകൾ നിലനിർത്താൻ ന്യൂസിലൻഡിനെതിരായ ഈ രണ്ട് ടെസ്റ്റുകളിലും വിജയം ഇന്ത്യക്ക് അനിവാര്യമാണ്. ഓവലിൽ നടക്കുന്ന ഫൈനലിൽ കളിക്കാൻ ഇന്ത്യക്ക് ഇപ്പോഴും മികച്ച അവസരമുണ്ടെന്ന് ഗിൽ വിശ്വസിക്കുന്നു. ടെസ്റ്റ് പരമ്പരയ്ക്കായി മികച്ച തയ്യാറെടുപ്പുകൾ നടത്തുന്നതിന് വേണ്ടിയാണ് പ്രധാന ഫാസ്റ്റ് ബൗളർമാരെ ഏകദിന പരമ്പരയിൽ നിന്ന് പിൻവലിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. ന്യൂസിലൻഡിൽ തന്‍റെ കന്നി ടെസ്റ്റ് മത്സരം കളിക്കാനൊരുങ്ങുന്ന ശുഭ്മാൻ ഗിൽ, ടെസ്റ്റ് പരമ്പര കൂടി നേടാനായാൽ ഈ പര്യടനം ഇന്ത്യയെ സംബന്ധിച്ചിടത്തോളം സമ്പൂർണ്ണ വിജയമായി മാറുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!