സയ്യിദ് മുഷ്താഖ് അലി ടി20 ടൂർണ്ണമെന്റിൽ മഹാരാഷ്ട്രയ്ക്കെതിരെ കേരളത്തിന് 94 റൺസിന്റെ ഉജ്ജ്വല വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 211 റൺസെടുത്തപ്പോൾ മഹാരാഷ്ട്ര 117 റൺസിന് ഓൾഔട്ടായി. എം.ഡി. നിധീഷിന്റെ അഞ്ച് വിക്കറ്റ് നേട്ടവും സഞ്ജു സാംസൺ, രോഹൻ കുന്നുമ്മൽ എന്നിവരുടെ ബാറ്റിംഗുമാണ് വിജയത്തിന് സഹായിച്ചത്.

ന്യൂ ചണ്ഡീഗഢ്: സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ടൂര്‍ണ്ണമെന്റില്‍ കരുത്തരായ മഹാരാഷ്ട്രയ്‌ക്കെതിരെ തകര്‍പ്പന്‍ വിജയവുമായി കേരളം. 94 റണ്‍സിനാണ് കേരളം മഹാരാഷ്ട്രയെ തോല്‍പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മഹാരാഷ്ട്ര 16 ഓവറില്‍ 117 റണ്‍സിന് ഓള്‍ഔട്ടായി. ക്യാപ്റ്റന്‍ സഞ്ജു സാംസന്റെയും രോഹന്‍ കുന്നുമ്മലിന്റെയും തകര്‍പ്പന്‍ ബാറ്റിങ്ങും എം.ഡി. നിധീഷിന്റെ അഞ്ച് വിക്കറ്റ് നേട്ടവുമാണ് കേരളത്തിന് ഉജ്ജ്വല വിജയം സമ്മാനിച്ചത്. എം ഡി നിധീഷാണ് പ്ലെയര്‍ ഓഫ് ദി മാച്ച്

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളത്തിന് മുഹമ്മദ് അസറുദ്ദീന്റെ (1) വിക്കറ്റ് തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും തകര്‍പ്പന്‍ ഫോമിലായിരുന്ന രോഹന്‍ കുന്നുമ്മലിന്റെ ഇന്നിങ്‌സ് തുണയായി. രോഹനും അഹ്മദ് ഇമ്രാനും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 47 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 13 റണ്‍സെടുത്ത അഹ്മദ് ഇമ്രാന്‍ വിക്കി ഓസ്വാളിന്റെ പന്തില്‍ പുറത്തായി. തുടര്‍ന്ന് ഒത്തുചേര്‍ന്ന സഞ്ജു സാംസണും രോഹന്‍ കുന്നുമ്മലും ചേര്‍ന്ന് 26 പന്തുകളില്‍ 66 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ആദ്യ പന്തില്‍ തന്നെ പ്രശാന്ത് സോളങ്കിയെ ബൗണ്ടറി കടത്തിയാണ് സഞ്ജു സ്‌കോറിംഗിന് തുടക്കമിട്ടത്.

സോളങ്കിയുടെ അടുത്ത ഓവറില്‍ തുടരെ രണ്ട് സിക്‌സും ഒരു ബൗണ്ടറിയും നേടിയ സഞ്ജു, തനയ് സാംഘ്വിയുടെ ഓവറില്‍ തുടരെ മൂന്ന് സിക്‌സുകള്‍ നേടി. 16 പന്തുകളില്‍ മൂന്ന് ഫോറും അഞ്ച് സിക്‌സുമടക്കം 47 റണ്‍സെടുത്ത സഞ്ജു, വിക്കി ഓസ്വാളിന്റെ പന്തിലാണ് പുറത്തായത്. മറുവശത്ത് ബാറ്റിങ് തുടര്‍ന്ന രോഹന്‍ 47 പന്തുകളില്‍ ഒന്‍പത് ഫോറും മൂന്ന് സിക്‌സുമടക്കം 75 റണ്‍സ് നേടി. സഞ്ജു - രോഹന്‍ കൂട്ടുകെട്ടിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങിനൊപ്പം അവസാന ഓവറുകളില്‍ സല്‍മാന്‍ നിസാറിന്റെ വെടിക്കെട്ട് ഷോട്ടുകള്‍ കൂടി ചേര്‍ന്നതോടെയാണ് കേരളത്തിന്റെ സ്‌കോര്‍ 211ല്‍ എത്തിയത്. സല്‍മാന്‍ നിസാര്‍ 13 പന്തുകളില്‍ രണ്ട് ഫോറും രണ്ട് സിക്‌സുമടക്കം 29 റണ്‍സുമായി പുറത്താകാതെ നിന്നു. മഹാരാഷ്ട്രയ്ക്ക് വേണ്ടി മുകേഷ് ചൗധരി മൂന്നും വിക്കി ഓസ്വാള്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മഹാരാഷ്ട്രയുടെ ബാറ്റിങ് നിര എം.ഡി. നിധീഷിന്റെ ഉജ്ജ്വല ബൗളിങ്ങിന് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. ഇന്നിങ്‌സിന്റെ ആദ്യ പന്ത് തന്നെ സിക്‌സര്‍ പറത്തിയാണ് മഹാരാഷ്ട്ര ക്യാപ്റ്റന്‍ പൃഥ്വി ഷാ തുടക്കമിട്ടത്. എന്നാല്‍ ഓവറിലെ മൂന്നാം പന്തില്‍ പൃഥ്വിയെ (6) നിധീഷ്, ഗോവിന്ദ് ദേവ് പൈയുടെ കൈകളിലെത്തിച്ചു. അഞ്ച് റണ്‍സെടുത്ത ആര്‍ഷിന്‍ കുല്‍ക്കര്‍ണ്ണി കെ.എം. ആസിഫിന്റെ പന്തില്‍ പുറത്തായി. തൊട്ടടുത്ത ഓവറില്‍ തുടരെയുള്ള പന്തുകളില്‍ രാഹുല്‍ ത്രിപാഠിയെയും കിരണ്‍ ചോര്‍മാലെയെയും പുറത്താക്കി നിധീഷ് ആഞ്ഞടിച്ചതോടെ കളിയുടെ നിയന്ത്രണം കേരളത്തിന്റെ കൈകളിലായി.

തുടര്‍ന്ന് സൂരജ് ഷിന്‍ഡയെയും മുകേഷ് ചൗധരിയെയും കൂടി പുറത്താക്കി നിധീഷ് അഞ്ച് വിക്കറ്റ് തികച്ചു. 21 പന്തുകളില്‍ 28 റണ്‍സെടുത്ത രാമകൃഷ്ണ ഘോഷും 14 പന്തുകളില്‍ 23 റണ്‍സെടുത്ത പ്രശാന്ത് സോളങ്കിയും മാത്രമാണ് മഹാരാഷ്ട്ര നിരയില്‍ അല്പമെങ്കിലും പിടിച്ചു നിന്നത്. എം.ഡി. നിധീഷിന്റെ അഞ്ച് വിക്കറ്റ് നേട്ടത്തിന് പുറമെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ബിജു നാരായണനും കേരള ബൗളിങ് നിരയില്‍ തിളങ്ങി.

YouTube video player