'അടുത്ത ലക്ഷ്യം ഏകദിന ലോകകപ്പ്'; ആഗ്രഹം വ്യക്തമാക്കി ശുഭ്മാന്‍ ഗില്‍

Published : Mar 16, 2026, 11:48 AM IST
Shubman Gill

Synopsis

2023-ലെ ഫൈനല്‍ തോല്‍വി പ്രചോദനമാണെന്നും, സമീപകാലത്തെ ഐസിസി കിരീട നേട്ടങ്ങള്‍ക്ക് ശേഷം ഈ ലോകകപ്പ് കൂടി നേടി ചരിത്രം കുറിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുംബൈ: 2027-ലെ ഏകദിന ലോകകപ്പ് കിരീടം സ്വന്തമാക്കുക എന്നതാണ് ഇന്ത്യന്‍ ടീമിന്റെ ഏറ്റവും വലിയ ലക്ഷ്യമെന്ന് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന ബിസിസിഐ 'നമന്‍' അവാര്‍ഡ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2023-ലെ ലോകകപ്പില്‍ കിരീടത്തിനരികെ എത്തിയെങ്കിലും അവസാന നിമിഷം നഷ്ടമായത് ടീമിന് വലിയ പ്രചോദനമാണെന്നും ഗില്‍ കൂട്ടിച്ചേര്‍ത്തു.

ഗില്ലിന്റെ വാക്കുകള്‍ ഇങ്ങനെ... ''ഏതൊരു ഫോര്‍മാറ്റിലും രാജ്യത്തിനായി ലോകകപ്പ് നേടുക എന്നത് തന്നെയാണ് അന്തിമ ലക്ഷ്യം. 2023-ല്‍ ഇന്ത്യയില്‍ നടന്ന ഫൈനലില്‍ വിജയത്തിന് തൊട്ടടുത്തെത്തിയാണ് നമുക്ക് കിരീടം നഷ്ടമായത്. 2027-ല്‍ ദക്ഷിണാഫ്രിക്കയില്‍ ലഭിക്കുന്ന അവസരം മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താന്‍ ഞങ്ങള്‍ കാത്തിരിക്കുകയാണ്.'' സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് ഗില്‍ പറഞ്ഞു. ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2027 ലോകകപ്പ് ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായാണ് നടക്കുക.

അപൂര്‍വ്വ നേട്ടത്തിനരികെ ഇന്ത്യ

ഐസിസി ടൂര്‍ണമെന്റുകളില്‍ സമാനതകളില്ലാത്ത ആധിപത്യം പുലര്‍ത്തുന്ന കാലഘട്ടത്തിലൂടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് കടന്നുപോകുന്നത്. വൈറ്റ് ബോള്‍ ക്രിക്കറ്റിലെ പ്രധാനപ്പെട്ട എല്ലാ കിരീടങ്ങളും ഒരേസമയം കൈവശം വയ്ക്കുന്ന ആദ്യ ടീമാകാനുള്ള സുവര്‍ണ്ണാവസരമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. 2024-ലെ ടി20 ലോകകപ്പും, 2025-ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യ സ്വന്തമാക്കിയിരുന്നു. തുടര്‍ന്ന് 2026-ല്‍ സ്വന്തം മണ്ണില്‍ നടന്ന ടി20 ലോകകപ്പില്‍ കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീം എന്ന ചരിത്രനേട്ടവും ഇന്ത്യ കൈവരിച്ചു.

2027ലെ ഏകദിന ലോകകപ്പ് കൂടി നേടാനായാല്‍ ഒരേ സൈക്കിളില്‍ തന്നെ മൂന്ന് പ്രധാന ഐസിസി വൈറ്റ് ബോള്‍ കിരീടങ്ങളും സ്വന്തമാക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറും. നിലവില്‍ ടെസ്റ്റ് - ഏകദിന ടീമുകളുടെ നായകനായി ഗില്‍ തിളങ്ങുമ്പോള്‍, ആധുനിക ക്രിക്കറ്റിലെ ഏറ്റവും ശക്തമായ ടീമായി ഇന്ത്യ മാറിക്കഴിഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'സഞ്ജുവിനെ ഓര്‍ത്ത് ഏറെ സന്തോഷം'; ലോകകപ്പ് പ്രകടനത്തെ വാഴ്ത്തി രാഹുല്‍ ദ്രാവിഡ്
'ആദ്യ പന്ത് തന്നെ അടിച്ചുപറത്തും'; സൂര്യവന്‍ഷിയുടെ ഐപിഎല്‍ അരങ്ങേറ്റത്തിന് മുമ്പ് ദ്രാവിഡുമായി സംസാരിച്ചതിനെ കുറിച്ച് സഞ്ജു