സെഞ്ചുറിക്കരികെ സച്ചിനെ ഔട്ട് വിളിച്ചത് തെറ്റായിരുന്നു; തുറന്നുപറഞ്ഞ് സൈമണ്‍ ടോഫലും

By Web TeamFirst Published Aug 8, 2020, 1:21 PM IST
Highlights

2005ല്‍ ശ്രീലങ്കക്കെതിരായ ഡല്‍ഹി ടെസ്റ്റില്‍ സച്ചിന്‍ പുറത്തായിട്ടും താന്‍ ഔട്ട് വിളിക്കാതിരുന്നതിലൂടെ സച്ചിന് സെഞ്ചുറി നേടാന്‍ കഴിഞ്ഞു എന്നത് ആരാധകര്‍ ഒരുപക്ഷെ ഓര്‍ത്തിരിക്കില്ല. എന്നാല്‍ തെറ്റായ തീരുമാനങ്ങളിലൂടെ നഷ്ടമായ സെഞ്ചുറിയെക്കുറിച്ച് അവര്‍ എന്നും ഓര്‍ക്കും.

മെല്‍ബണ്‍: ലോക ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച അമ്പയര്‍മാരിലൊരാളായാണ് സൈമണ്‍ ടോഫല്‍ വിലയിരുത്തപ്പെടുന്നത്. തീരുമാനങ്ങളിലെ സ്ഥിരതയും കൃത്യതയുമായിരുന്നു ടോഫലിന്റെ പ്രത്യേകതകള്‍. അതുകൊണ്ടുതന്നെയാണ് തുടര്‍ച്ചയായി അഞ്ച് വര്‍ഷം ഐസിസിയുടെ ഏറ്റവും മികച്ച അമ്പയറായി ടോഫല്‍ തെരഞ്ഞെടുക്കപ്പെട്ടതും. എന്നാല്‍ തനിക്കും പിഴവുകള്‍ പറ്റിയിട്ടുണ്ടെന്ന് തുറന്നുപറയുകയാണ് ടോഫല്‍ ഇപ്പോള്‍. ഒരു ടോക് ഷോയില്‍ പങ്കെടുക്കവെയാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് സെഞ്ചുറി നിഷേധിച്ച തന്റെ വലിയ പിഴവിനെക്കുറിച്ച് ടോഫല്‍ മനസുതുറന്നത്.

2007ല്‍ ഇംഗ്ലണ്ടിനെതിരായ ട്രെന്റ്ബ്രിഡ്ജ് ടെസ്റ്റിലായിരുന്നു അത്. സച്ചിന്‍ 91 റണ്‍സെടുത്ത് ബാറ്റ് ചെയ്യുകയായിരുന്നു. പോള്‍ കോളിംഗ്‌വുഡ് എറിഞ്ഞ പന്ത് സച്ചിന്‍ ബാറ്റ് ഉയര്‍ത്തി ലീവ് ചെയ്തെങ്കിലും പാഡില്‍ തട്ടി. എല്‍ബിഡബ്ല്യുവിനായി കോളിംഗ്‌വുഡും ഇംഗ്ലണ്ട് ടീമും അപ്പീല്‍ ചെയ്തു. ആരാധകരെ ഞെട്ടിച്ച് ടോഫല്‍ ഔട്ട് വിളിക്കുകയും ചെയ്തു. ടോഫലിന്റെ തീരുമാനം കണ്ട് ഏതാനും സെക്കന്‍ഡ് നേരം അവിശ്വസനീയതയോടെ ക്രീസില്‍ തന്നെ നിന്നശേഷമാണ് സച്ചിന്‍ ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയത്. ടോഫലിന്റെ തീരുമാനത്തിലെ അസംതൃപ്തി സച്ചിന്റെ മുഖത്ത് പ്രകടമായിരുന്നു. റീപ്ലേയിലും ബോള്‍ ട്രാക്കിംഗിലും പന്ത് ഓഫ് സ്റ്റംപില്‍ പോലും തട്ടില്ലെന്ന് വ്യക്തമാവുകയും ചെയ്തു.

തെറ്റിപ്പോയെന്ന് മനസിലായപ്പോള്‍ അതിന് ഏതു തരത്തിലുള്ള പ്രതികരണങ്ങളാണ് വരുക എന്ന് മനസിലായി. അതുകൊണ്ടുതന്നെ ഞാന്‍ ക്രിക്ക് ഇന്‍ഫോ തുറക്കാനോ പത്രങ്ങള്‍ മറിച്ചുനോക്കാനോ ധൈര്യപ്പെട്ടില്ല. എന്നാല്‍ തൊട്ടടുത്ത ദിവസം, കളിക്ക് മുമ്പ് ഗ്രൗണ്ടിലൂടെ മോണിംഗ് വാക്കിന് പോയപ്പോള്‍ സച്ചിന്‍ എന്നെ കടന്നുപോയി. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, സച്ചിന്‍, താങ്കള്‍ക്കെതിരെ ഞാന്‍ ഇന്നലെ എടുത്ത തീരുമാനം തെറ്റായിപ്പോയി. റീപ്ലേകള്‍ കണ്ടപ്പോഴാണ് എനിക്ക് മനസിലായത് എനിക്ക് തെറ്റ് പറ്റിയെന്ന്. എന്നാല്‍ വളരെ മാന്യമായിട്ടായിരുന്നു സച്ചിന്റെ പ്രതികരണം, നോക്കു സൈമണ്‍, അതെനിക്ക് അറിയാമായിരുന്നു. താങ്കളൊരു മികച്ച അമ്പയറാണ്. അങ്ങനെയൊന്നും താങ്കള്‍ക്ക് പിഴക്കാറില്ല. അതുകൊണ്ട് ഈ തീരുമാനത്തെ ഓര്‍ത്ത് ആശങ്കപ്പെടേണ്ട.

സത്യം പറഞ്ഞാല്‍, ഞാനത് സച്ചിനോട് പറഞ്ഞത്, ക്ഷമ ചോദിക്കാനോ അദ്ദേഹത്തിന് എന്തെങ്കിലും ദേഷ്യമുണ്ടെങ്കില്‍ അത് ഒഴിവാക്കാനോ വേണ്ടിയൊന്നും ആയിരുന്നില്ല. എന്റെ തന്നെ മന:സമാധാനത്തിന് വേണ്ടിയായിരുന്നു. കാരണം, ഞങ്ങളുടേതായ മേഖലകളില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഞങ്ങളിരുവരും. അതുകൊണ്ടുതന്നെ പറ്റിപ്പോയ തെറ്റ് ഏറ്റുപറയുകയും, ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പു നല്‍കുകയും ബന്ധം പഴയതുപോലെ ഊഷ്മളമാക്കുകയും ചെയ്യുക എന്നത് മാത്രമായിരുന്നു എന്റെ ഉദ്ദേശം-ടോഫല്‍ പറഞ്ഞു.

ഒരു തവണയല്ല, ഒരുപാട് തവണ എനിക്ക് ഇതുപോലെ സച്ചിന്റെ കാര്യത്തില്‍ തെറ്റ് പറ്റിയിട്ടുണ്ട്. പക്ഷെ ചെയ്ത തെറ്റുകള്‍ അംഗീകരിക്കുകയും വീണ്ടും ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്തതിലൂടെ ഞങ്ങളിരുവരും തമ്മില്‍ പരസ്പര ബഹുമാനത്തോടെയുള്ള ബന്ധം കാത്തുസൂക്ഷിക്കാനായി. 2005ല്‍ ശ്രീലങ്കക്കെതിരായ ഡല്‍ഹി ടെസ്റ്റില്‍ സച്ചിന്‍ പുറത്തായിട്ടും താന്‍ ഔട്ട് വിളിക്കാതിരുന്നതിലൂടെ സച്ചിന് സെഞ്ചുറി നേടാന്‍ കഴിഞ്ഞു എന്നത് ആരാധകര്‍ ഒരുപക്ഷെ ഓര്‍ത്തിരിക്കില്ല. എന്നാല്‍ തെറ്റായ തീരുമാനങ്ങളിലൂടെ നഷ്ടമായ സെഞ്ചുറിയെക്കുറിച്ച് അവര്‍ എന്നും ഓര്‍ക്കും. അന്ന് ശ്രീലങ്കന്‍ പരിശീലകനായിരുന്ന ടോം മൂഡി സച്ചിനെ ഔട്ട് വിളിക്കാതിരുന്ന എന്റെ തീരുമാനത്തില്‍ അസംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു-ടോഫല്‍ പറഞ്ഞു.

സച്ചിനെതിരായ ചില തീരുമാനങ്ങള്‍ പിഴച്ചുപോയെന്ന് വെസ്റ്റ് ഇന്‍ഡീസ് അമ്പയറായ സ്റ്റീവ് ബക്നറും അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

click me!