
ജൊഹന്നസ്‌ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിലെ (South Africa Cricket Team) പ്രമുഖതാരങ്ങള്‍ കറുത്ത വര്‍ഗക്കാര്‍ക്കെതിരെ വിവേചനപരമായി പെരുമാറിയെന്ന് കണ്ടെത്തൽ. ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക (Cricket South Africa) നിയമിച്ച കമ്മീഷന്‍റേതാണ് (Social Justice and Nation-Building Commission) കണ്ടെത്തൽ. മുന്‍ നായകനും നിലവില്‍ ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക ഡയറക്‌ടറുമായ ഗ്രേയം സ്‌മിത്ത് (Graeme Smith), പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍ (Mark Boucher), മുന്‍ നായകന്‍ എ ബി ഡിവിലിയേഴ്‌സ് (AB de Villiers) എന്നിവര്‍ക്കെതിരെയാണ് പരാമര്‍ശങ്ങള്‍.
2015ലെ ഇന്ത്യന്‍ പര്യടനത്തിൽ സെലക്ഷന്‍ ചട്ടം ലംഘിച്ച് കറുത്ത വര്‍ഗക്കാരനായ ഖായാ സോണ്ടോയെ നായകന്‍ ഡിവിലിയേഴ്‌സ് ഒഴിവാക്കിയെന്നാണ് ഒരു കണ്ടെത്തൽ. പരിക്കേറ്റ ജെ പി ഡുമിനിക്ക് പകരമായി സോണ്ടോയെ ഉള്‍പ്പെടുത്താതെ ഡീന്‍ എൽഗാറിന് അവസരം നൽകിയതിലാണ് ചട്ടലംഘനം. കറുത്ത വര്‍ഗക്കാരനായ താരത്തെ അധിക്ഷേപിച്ച് ബൗച്ചറും സുഹൃത്തുക്കളും പാട്ട് പാടിയെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്. 235 പേജുള്ള റിപ്പോര്‍ട്ട് പഠിച്ച ശേഷം പ്രതികരിക്കാമെന്നും കുറ്റക്കാര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കാന്‍ കഴിയില്ലെന്നും ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക വക്താവ് പ്രതികരിച്ചു.
ടി20 ലോകകപ്പിനിടെയും വിവാദം
അടുത്തിടെ യുഎഇയില്‍ നടന്ന ടി20 ലോകകപ്പിനിടെയും വര്‍ണവിവേചനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ചിരുന്നു. വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുട്ടുകുത്താന്‍ വിസമ്മതിച്ച് വിക്കറ്റ് കീപ്പര്‍ ക്വിന്‍റണ്‍ ഡി കോക്ക് വെസ്റ്റ് ഇന്‍ഡിസിനെതിരായ മത്സരത്തില്‍ നിന്ന് അവസാന നിമിഷം പിന്‍മാറുകയായിരുന്നു. സംഭവം വലിയ വിവാദമായതോടെ മാപ്പ് പറഞ്ഞതിനൊടുവിലാണ് ഡി കോക്കിന് ദക്ഷിണാഫ്രിക്കയുടെ പ്ലേയിംഗ് ഇലവനിലേക്ക് മടങ്ങിയെത്താനായത്.
വിവാദത്തില്‍ രാജ്യത്തോടും ജനങ്ങളോടും ക്വിന്‍റണ്‍ ഡി കോക്ക് മാപ്പ് പറഞ്ഞിരുന്നു. വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തിന്‍റെ പ്രാധാന്യം താന്‍ മനസിലാക്കുന്നുവെന്ന് ഡി കോക്ക് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പുറത്തുവിട്ട ക്ഷമാപണ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ പ്രതിനിധീകരിക്കുന്ന കളിക്കാരനെന്ന നിലയില്‍ വര്‍ണവിവേചനത്തിനെതിരെ പോരാടുക തന്‍റെയും ടീം അംഗങ്ങളുടെയും ഉത്തരവാദിത്തമാണെന്നും ഇതിലൂടെ മഹത്തായ മാതൃക സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും ഡി കോക്ക് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!