
മുംബൈ: ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റിയതിനെച്ചൊല്ലി വിരാട് കോലിയും(Virat Kohli) ബിസിസിഐ(BCCI) പ്രസിഡന്‍റ് സൗരവ് ഗാംഗുലിയും(Sourav Gnguly) തമ്മിലുള്ള അഭിപ്രായ ഭിന്നത പരസ്യമായതിന് പിന്നാലെ ടി20 ക്യാപ്റ്റന്‍ സ്ഥാനത്ത് രോഹിത് ശര്‍മക്ക്(Rohit Sharma) പരസ്യ പിന്തുണ പ്രഖ്യാപിച്ച് വീണ്ടും ഗാംഗുലി. ഏകദിന, ടി20 ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് രോഹിത് ശര്‍മയാണ് ഏറ്റവും അനുയോജ്യനെന്ന് ബൊറിയ മജൂംദാറുായുള്ള അഭിമുഖത്തില്‍ ഗാംഗുലി പറഞ്ഞു.
മുംബൈ ഇന്ത്യന്‍സിനൊപ്പം(Mumbai Indians) ഐപിഎല്ലില്‍(IPL) അഞ്ച് കിരീടങ്ങള്‍, ഡെക്കാന്‍ ചാര്‍ജേഴ്സിനൊപ്പം മറ്റൊരു കിരീടം. സമ്മര്‍ദ്ദഘട്ടങ്ങളില്‍ മികവ് കാട്ടാനുള്ള രോഹിത്തിന്‍റെ മികവിന് ഇതൊക്കെ പോരെ, വിരാട് കോലി ടി20 നായകസ്ഥാനം രാജിവെക്കാന്‍ തീരുമാനിച്ചതോടെ ആ സ്ഥാനത്തേക്ക് ഏറ്റവും അനുയോജ്യന്‍ രോഹിത് ശര്‍മ തന്നെയായിരുന്നു-ഗാംഗുലി പറഞ്ഞു.
ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര 3-0ന് സ്വന്തമാക്കി രോഹിത് മികച്ച രീതിയിലാണ് തുടങ്ങിയത്. അതേ പ്രകടനം തുടരാന്‍ അദ്ദേഹത്തിന് ഇനിയും കഴിയുമെന്നാണ് കരുതുന്നത്. ഈ വര്‍ഷത്തേക്കാള്‍ മികച്ച ഫലമാവും ഇന്ത്യയെ അടുത്ത വര്‍ഷം കാത്തിരിക്കുന്നത് എന്ന് പ്രതീക്ഷിക്കാം-ഗാംഗുലി കൂട്ടിച്ചേര്‍ത്തു.
2017ലെ ചാമ്പ്യന്‍സ് ട്രോഫിയിലും 2019ലെ ഏകദിന ലോകകപ്പിലും ഇന്ത്യയുടേതത് മികച്ച പ്രകടനമായിരുന്നുവെന്ന് വ്യക്തമാക്കിയ ഗാംഗുലി കഴിഞ്ഞ നാലോ അഞ്ചോ വര്‍ഷത്തിനിടയിലെ ഏറ്റവും മോശം പ്രകടനമായിരുന്നു കഴിഞ്ഞ ടി20 ലോകകപ്പിലേതെന്നും വ്യക്തമാക്കി. 2019ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യ അസാമാന്യ പ്രകടനമാണ് പുറത്തെടുത്തത്. എന്നാല്‍ ഒരു മോശം ദിവസം നമ്മുടെ രണ്ട് മാസത്തെ തയാറെടുപ്പുകളെ മുഴുവന്‍ ഇല്ലാതാക്കി കളഞ്ഞു. കഴിഞ്ഞ ടി20 ലോകകപ്പിലെ ഇന്ത്യയുടെ പ്രകടനത്തില്‍ ഞാന്‍ തീര്‍ത്തും നിരാശനാണ്.
എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. ഭയരഹതിമായി കൂടുതല്‍ സ്വാതന്ത്ര്യത്തോടെ നമ്മള്‍ കളിച്ചില്ലെന്നാണ് എനിക്ക് തോന്നുന്നത്. ചില സമയങ്ങളില്‍ നമ്മള്‍ നിശ്ചലമായിപ്പോകും. പാക്കിസ്ഥാനും ന്യൂസിലന്‍ഡിനുമെതിരെ സംഭവിച്ചത് പോലെ. കഴിവിന്‍റെ 15 ശതമാനം മാത്രമെ ഈ കളികളില്‍ നമ്മള്‍ പുറത്തെടുത്തുള്ളു എന്നാണ് എന്‍റെ അഭിപ്രായം. അതില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മുന്നോട്ടു പോകാനാണ് ശ്രമിക്കുന്നതെന്നും ഗാംഗുലി പറഞ്ഞു.
ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റുന്ന കാര്യം വിരാട് കോലിയെ നേരത്തെ അറിയിച്ചിരുന്നുവെന്നും വ്യക്തിപരമായും കോലിയോട് ഇക്കാര്യം സംസാരിച്ചുവെന്നും ഗാംഗുലി നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് പോകുന്നതിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോലി, ഗാംഗുലിയുടെ വാദങ്ങള്‍ പൂര്‍ണമായും തള്ളിയിരുന്നു.
ടെസ്റ്റ് ടീമിനെ സെലക്ട് ചെയ്യാനുള്ള സെലക്ഷന്‍ കമ്മിറ്റി മീറ്റിംഗിനൊടുവിലാണ് തന്നെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റുന്ന കാര്യം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ തന്നോട് പറഞ്ഞതെന്ന് കോലി പറഞ്ഞു. ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയരുതെന്ന് കോലിയോട് ആവശ്യപ്പെട്ടിരുന്നുവെന്ന ഗാംഗുലിയുടെ വാദവും ഇന്നലെ പത്രസമ്മേളനത്തില്‍ കോലി തള്ളിയിരുന്നു.