പരിക്ക് കാരണം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും സ്‌പിന്നര്‍മാരായ രവീന്ദ്ര ജഡേജയും അക്‌സര്‍ പട്ടേലും ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡിലില്ല

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ്, ഏകദിന പരമ്പരകൾക്കായി (India Tour of South Africa 2021-22) യാത്ര തിരിച്ച ഇന്ത്യൻ ടീം (TeamIndia) സെഞ്ചൂറിയനിൽ എത്തി. രാവിലെയാണ് മുംബൈയിൽ നിന്ന് ടീം യാത്ര തിരിച്ചത്. മുംബൈയിൽ ഒരുക്കിയ ബയോ ബബിളിൽ ആണ് താരങ്ങൾ പരിശീലനം നടത്തിയിരുന്നത്. ദക്ഷിണാഫ്രിക്കയിലെ സെഞ്ചൂറിയനിൽ റിസോർട്ടിൽ ആണ് ടീമിന് താമസ സൗകര്യവും പരിശീലനവും ഒരുക്കിയിരിക്കുന്നത്. ഡിസംബര്‍ 26നാണ് ഒന്നാം ടെസ്റ്റിന് തുടക്കമാവുക.

ദക്ഷിണാഫ്രിക്കയില്‍ കന്നി ടെസ്റ്റ് പരമ്പര ജയമാണ് ടീം ഇന്ത്യ ലക്ഷ്യമിടുന്നത്. പരിക്ക് കാരണം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും സ്‌പിന്നര്‍മാരായ രവീന്ദ്ര ജഡേജയും അക്‌സര്‍ പട്ടേലും ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡിലില്ല. 

ടെസ്റ്റ് ടീം നായകന്‍ വിരാട് കോലി ഏകദിന പരമ്പരയിലും കളിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ഏകദിനത്തില്‍ രോഹിത് ശര്‍മ്മയാണ് ടീം ഇന്ത്യയുടെ ക്യാപ്റ്റന്‍. കോലിയെ മാറ്റി രോഹിത്തിന് ബിസിസിഐ ക്യാപ്റ്റന്‍ സ്ഥാനം കൈമാറുകയായിരുന്നു. രോഹിത്തിന് കീഴില്‍ കളിക്കില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നെങ്കിലും താന്‍ കളത്തിലുണ്ടാകുമെന്ന് കോലി തന്നെ സ്ഥിരീകരിക്കുകയായിരുന്നു. കോലി ഏകദിന പരമ്പരയില്‍ കളിക്കുമെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയും വ്യക്തമാക്കി. 

View post on Instagram

ഏകദിന ക്യാപ്റ്റൻ പദവിയിൽ നിന്നും വിരാട് കോലിയെ ഒഴിവാക്കിയ നടപടിയെ ചൊല്ലി വിവാദം പുകയുമ്പോൾ മാധ്യമങ്ങളോട് പ്രതികരിക്കാനില്ലെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി പറഞ്ഞു. ബിസിസിഐ വിഷയം കൈകാര്യം ചെയ്യുമെന്നും ആവശ്യമെങ്കിൽ വാർത്താക്കുറിപ്പ് ഇറക്കുമെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു. സംഭവത്തിലെ പുകമറ മായ്ക്കാൻ സൗരവ് ഗാംഗുലി മൗനം വെടിയണം എന്ന് സുനിൽ ഗാവസ്‌കർ ആവശ്യപ്പെട്ടിരുന്നു. അതേസമയം കോലിയുടെ നടപടിയെ വിമർശിച്ചുകൊണ്ടായിരുന്നു കപിൽദേവിന്‍റെ പ്രതികരണം. 

ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കും മുമ്പ് ബിസിസിഐക്കും സൗരവ് ഗാംഗുലിക്കുമെതിരെ ഒളിയമ്പ് എയ്‌ത് വിരാട് കോലി വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഏകദിന നായക പദവിയില്‍ നിന്ന് മാറ്റുന്ന കാര്യം താനുമായി ചര്‍ച്ച ചെയ്‌തില്ലെന്നും പ്രഖ്യാപനത്തിന് ഒന്നര മണിക്കൂര്‍ മുമ്പ് മാത്രമാണ് ഇക്കാര്യം അറിഞ്ഞതെന്നും കോലി തുറന്നടിച്ചു. ടി20 നായകപദവിയില്‍ നിന്ന് മാറാന്‍ ആഗ്രഹിക്കുന്നു എന്നറിയിച്ചപ്പോള്‍ ബിസിസിഐ അംഗങ്ങള്‍ ഒന്നടങ്കം സ്വാഗതം ചെയ്യുകയായിരുന്നുവെന്നും കോലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡ്

വിരാട് കോലി(ക്യാപ്റ്റന്‍), പ്രിയങ്ക് പാഞ്ചല്‍, കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍, ഹനുമാ വിഹാരി, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), വൃദ്ധിമാന്‍ സാഹ(വിക്കറ്റ് കീപ്പര്‍), രവിചന്ദ്ര അശ്വിന്‍, ജയന്ത് യാദവ്, ഇശാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്‌പ്രീത് ബുമ്ര, ഷര്‍ദ്ദുള്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്.

Australia vs England : വാര്‍ണര്‍ക്ക് വീണ്ടും സെഞ്ചുറി നഷ്‌ടം, കീഴടങ്ങാതെ ലബുഷെയ്‌ന്‍; ആദ്യദിനം ഓസീസിന്