
ഗാലെ: ശ്രീലങ്കയ്‌ക്കെതിരായ (SL vs PAK) ആദ്യ ടെസ്റ്റില്‍ പാകിസ്ഥാന് ത്രസിപ്പിക്കുന്ന ജയം. ഗാലെയില്‍ നടന്ന മത്സരത്തില്‍ 342 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ സന്ദര്‍ശകര്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 160 റണ്‍സുമായി പുറത്താവാതെ നിന്ന ഓപ്പണര്‍ അബ്ദുള്ള ഷെഫീഖാണ് (Abdullah Shafique) പാകിസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. സ്‌കോര്‍: ശ്രീലങ്ക 222, 337 & പാകിസ്ഥാന്‍ 218, 344 ജയത്തോടെ രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ പാകിസ്ഥാന്‍ (Pakistan) മുന്നിലെത്തി.
ദുഷ്‌കരമായ പിച്ചില്‍ വലിയ വിജയലക്ഷ്യത്തിലേക്ക് മികച്ച തുടക്കമാണ് പാകിസ്ഥാന് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ ഷെഫീഖ്- ഇമാം ഉള്‍ ഹഖ് സഖ്യം 87 റണ്‍സ് കൂട്ടിചേര്‍ത്തു. ഇമാമിന് (35) പിന്നാലെ അസര്‍ അലി (6) മടങ്ങിയെങ്കിലും ബാബര്‍ അസം (55) നിര്‍ണായക പ്രകടനം പുറത്തെടുത്തു. ജയസൂര്യയുടെ പന്തില്‍ അസം ബൗള്‍ഡായെങ്കിലും മുഹമ്മദ് റിസ്‌വാന്‍ (40) ഷെഫീഖിന് പിന്തുണ നല്‍കി. റിസ്‌വാനേയും ജയസൂര്യ മടക്കി. തുടര്‍ന്നെത്തി അഖ സല്‍മാന്‍ (12), ഹാസന്‍ അലി (5) എ്ന്നിവര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. അവസാന ഘട്ടത്തില്‍ അല്‍പം പ്രതിരോധത്തിലായെങ്കിലും മുഹമ്മദ് നവാസിനൊപ്പം (19) ചേര്‍ന്ന് ഷെഫീഖ് മത്സരം പാകിസ്ഥാന് അനുകൂലമാക്കി.
കാര്യമൊക്കെ ശരിതന്നെ, 2019 ഏകദിന ലോകകപ്പ് വിജയം ബെന്‍ സ്റ്റോക്‌സിന്‍റേത്: മൈക്കല്‍ വോണ്‍
നേരത്തെ, 94 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ദിനേശ് ചാണ്ഡിമലാണ് ശ്രീലങ്കയ്ക്ക് മികച്ച ലീഡ് സമ്മാനിച്ചത്. കുശാല്‍ മെന്‍ഡിസ് (76), ഒഷാഡ ഫെര്‍ണാണ്ടോ (64) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. അഞ്ച് വിക്കറ്റ് നേടിയ നവാസാണ് പാക് ബൗളര്‍മാരില്‍ മികച്ച പ്രകടനം പുറത്തെടുത്തത്. യാസിര്‍ ഷാ മൂന്ന് വിക്കറ്റുമായി പിന്തുണ നല്‍കി.
റണ്‍കുതിപ്പ് തുടര്‍ന്ന് ബാബര്‍ അസം; ടെസ്റ്റില്‍ 3000 റണ്‍സ് ക്ലബില്‍
നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക ഒന്നാം ഇന്നിംഗ്‌സില്‍ 222ന് പുറത്തായിരുന്നു. 76 റണ്‍സ് നേടിയ ദിനേശ് ചാണ്ഡിമല്‍ തന്നെയായിരുന്നു ടോപ് സ്‌കോറര്‍. നാല് വിക്കറ്റ് നേടിയ ഷഹീന്‍ അഫ്രീദിയാണ് ആതിഥേയര്‍ തകര്‍ത്തത്. എന്നാല്‍ ഒന്നാം ഇന്നിംഗ്‌സില്‍ നാല് റണ്‍സിന്റെ ലീഡ് നേടാന്‍ ലങ്കയ്ക്കായി.
മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ 218ന് എല്ലാവരും പുറത്താവുകയായിരുന്നു. ഒരുഘട്ടത്തില്‍ തകര്‍ന്ന പാകിസ്ഥാനെ ബാബര്‍ അസമാണ് (119) വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ജയസൂര്യ അഞ്ച് വിക്കറ്റ് നേടിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!