ഇംഗ്ലണ്ട് ഉയര്‍ത്തിയ 2019ലെ ഏകദിന ലോകകപ്പ് കിരീടത്തിന്‍റെ ക്രഡിറ്റ് പൂര്‍ണമായും ബിഗ് ബെന്നിന് നല്‍കുകയാണ് മൈക്കല്‍ വോണ്‍

റിവര്‍സൈഡ് ഗ്രൗണ്ട്: സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളെന്ന വിശേഷണമുള്ള താരമാണ് ഇംഗ്ലണ്ടിന്‍റെ ബെന്‍ സ്റ്റോക്‌സ്(Ben Stokes). എന്നാല്‍ വെറും 31-ാം വയസില്‍ ഏകദിന ക്രിക്കറ്റിനോട് സ്റ്റോക്‌സ് വിടപറഞ്ഞത് ക്രിക്കറ്റ് പ്രേമികള്‍ക്ക് ഇതുവരെ വിശ്വസിക്കാനായിട്ടില്ല. സ്റ്റോക്‌സിന്‍റെ വണ്‍ഡേ വിരമിക്കലിന് പിന്നാലെയുള്ള ചര്‍ച്ചകള്‍ ഇംഗ്ലീഷ് ക്രിക്കറ്റില്‍ സജീവമായിരിക്കേ താരത്തെ പ്രശംസ കൊണ്ട് മൂടിയിരിക്കുകയാണ് മുന്‍ ക്യാപ്റ്റനും കമന്‍റേറ്ററുമായ മൈക്കല്‍ വോണ്‍. 

ഇംഗ്ലണ്ട് ഉയര്‍ത്തിയ 2019ലെ ഏകദിന ലോകകപ്പ് കിരീടത്തിന്‍റെ ക്രഡിറ്റ് പൂര്‍ണമായും ബിഗ് ബെന്നിന് നല്‍കുകയാണ് മൈക്കല്‍ വോണ്‍. 'നാല് വര്‍ഷത്തെ കഠിനാധ്വാനത്തിന്‍റെ ഫലമായാണ് ഇംഗ്ലണ്ട് ലോകകപ്പ് നേടിയത്. എങ്കിലും സത്യസന്ധമായി പറഞ്ഞാല്‍ ഫൈനലില്‍ സ്റ്റോക്‌സിന്‍റെ ഹീറോയിസമാണ് അവരെ ജയിപ്പിച്ചത്. 31-ാം വയസില്‍ സ്റ്റോക്‌സ് വിരമിക്കുന്നത്(ഏകദിനം മാത്രം) സങ്കടപ്പെടുത്തുന്നു. എന്തൊരു മഹത്തായ താരമാണയാള്‍' എന്നാണ് മൈക്കല്‍ വോണിന്‍റെ ട്വീറ്റ്.

Scroll to load tweet…

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്നലെ റിവര്‍സൈഡ് ഗ്രൗണ്ടിലെ ആദ്യ ഏകദിനത്തോടെയാണ് ഇംഗ്ലണ്ട് ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് ഏകദിന ക്രിക്കറ്റ് കരിയറിന് വിരാമമിട്ടത്. മൂന്ന് ഫോര്‍മാറ്റിലേയും സ്ഥിരം താരമെന്ന നിലയില്‍ വളരെ തിരക്കുപിടിച്ച മത്സരക്രമങ്ങളാണ് 31-ാം വയസില്‍ സ്റ്റോക്‌സിനെ ഈ തീരുമാനത്തിലെത്തിച്ചത്. ബെന്‍ സ്റ്റോക്‌സ് 105 ഏകദിനങ്ങളില്‍ 2924 റണ്‍സും 74 വിക്കറ്റും നേടിയിട്ടുണ്ട്. 

ഗാര്‍ഡ് ഓഫ് ഓണറോടെയാണ് 2019 ഏകദിന ലോകകപ്പിലെ സൂപ്പര്‍ ഹീറോയെ ഇംഗ്ലണ്ട് ക്രിക്കറ്റ് മൈതാനത്തേക്ക് ആനയിച്ചത്. എന്നാല്‍ ഏറെ പ്രതീക്ഷയുമായി മൈതാനത്തെത്തിയ ബിഗ് ബെന്നിന് മത്സരം നിരാശയായി. 11 പന്ത് നേരിട്ട് ബൗണ്ടറിയൊന്നും നേടാതിരുന്ന താരത്തെ പ്രോട്ടീസ് ഓള്‍റൗണ്ടര്‍ എയ്ഡന്‍ മര്‍ക്രാം അഞ്ച് റണ്‍സില്‍ വച്ച് പുറത്താക്കി. സ്റ്റോക്‌സിന്‍റെ കരിയറിലെ അവസാന ഏകദിനത്തില്‍ ഇംഗ്ലണ്ട് 62 റൺസിന്‍റെ തോൽവി നേരിട്ടു. റാസി വാൻഡർ ഡസ്സന്‍റെ സെഞ്ചുറിയും(117 പന്തിൽ 133) ആന്‍‌റിച്ച് നോര്‍ക്യയുടെ നാല് വിക്കറ്റുമാണ് ദക്ഷിണാഫ്രിക്കയെ ഗംഭീര വിജയത്തിലെത്തിച്ചത്. 

സ്റ്റോക്‌സ് ഇംഗ്ലണ്ടിന്‍റെ ഹീറോ

2019 ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ട് കപ്പുയര്‍ത്തിയപ്പോള്‍ ബെന്‍ സ്റ്റോക്‌സായിരുന്നു ഫൈനലിലെ താരം. ലോര്‍ഡ്‌സിലെ ന്യൂസിലന്‍ഡിനെതിരായ ഫൈനലില്‍ നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും ടൈ ആയ പോരാട്ടത്തില്‍ ബൗണ്ടറി കണക്കിലായിരുന്നു ഇംഗ്ലണ്ടിനെ ജേതാക്കളായി പ്രഖ്യാപിച്ചത്. 86 റൺസിന് നാല് വിക്കറ്റെന്ന നിലയിൽ തകർന്ന ടീമിനെ ജോസ് ബട്‌ലര്‍ക്കൊപ്പം ചുമലിലേറ്റിയത് സ്റ്റോക്സായിരുന്നു. എല്ലാവരും പുറത്തായപ്പോഴും 84* റൺസുമായി ഒരറ്റത്ത് സ്റ്റോക്സുണ്ടായിരുന്നു. അംഗീകാരമായി സൂപ്പർ ഓവറിനും പാഡ് കെട്ടി. ക്യാപ്റ്റന്‍റെ തീരുമാനം ന്യായീകരിച്ച് ബാറ്റ് വീശിയാണ് സ്റ്റോക്സ് ലോകകപ്പ് കലാശപ്പോരിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. 

മറക്കാന്‍ പറ്റുവോ ഏകദിന ലോകകപ്പ് ഹീറോയിസം; സ്റ്റോക്‌സിന് ഐതിഹാസിക യാത്രയപ്പ് നല്‍കി കാണികള്‍- വീഡിയോ