Smriti Mandhana : വൈകരുത് വനിതാ ഐപിഎൽ; സ്‌മൃതി മന്ഥാനയുടെ പുരസ്‌കാര നേട്ടത്തില്‍ ബിജു ജോര്‍ജ്

By Web TeamFirst Published Jan 28, 2022, 1:59 PM IST
Highlights

സ്‌മൃതിക്ക് ലഭിക്കുന്ന പുരസ്‌കാരം ബിസിസിഐക്കുള്ള സന്ദേശമെന്ന് പറയുന്നു വനിതാ ടീമിന്‍റെ ഫീല്‍ഡിംഗ് കോച്ചായിരുന്ന ബിജു ജോര്‍ജ്

തിരുവനന്തപുരം: സ്‌മൃതി മന്ഥാനയുടെ (Smriti Mandhana) ഐസിസി പുരസ്‌കാരം (ICC Women's Cricketer of the year 2021)  വനിതാ ഐപിഎൽ (Women's IPL) വൈകരുതെന്ന സന്ദേശം നൽകുന്നതാണെന്ന് ഇന്ത്യന്‍ ടീമിന്‍റെ മുന്‍ ഫീല്‍ഡിംഗ് കോച്ച് ബിജു ജോര്‍ജ് (Biju George). വനിതാ ലോകകപ്പില്‍  (2022 Women's Cricket World Cup) സ്‌മൃതിയുടെ പ്രകടനത്തെ ആശ്രയിച്ചാകും ഇന്ത്യയുടെ മുന്നേറ്റമെന്നും ബിജു ജോര്‍ജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പോയ വര്‍ഷത്തെ ഐസിസി പുരസ്‌കാരങ്ങളില്‍ പുരുഷ താരങ്ങള്‍ പിന്തള്ളപ്പെട്ടപ്പോള്‍ ഇന്ത്യക്ക് അഭിമാനമായത് മികച്ച വനിതാ താരമായി തെരഞ്ഞെടുക്കപ്പെട്ട സ്‌മൃതി മന്ഥാനയാണ്. സ്‌മൃതിക്ക് ലഭിക്കുന്ന പുരസ്‌കാരം ബിസിസിഐക്കുള്ള സന്ദേശമെന്ന് പറയുന്നു വനിതാ ടീമിന്‍റെ ഫീല്‍ഡിംഗ് കോച്ചായിരുന്ന ബിജു ജോര്‍ജ്. എല്ലാ ഫോര്‍മാറ്റിലും സ്ഥിരതയോടെ കളിക്കുന്നതാണ് സ്‌മൃതിയുടെ സവിശേഷത. മാര്‍ച്ചിൽ തുടങ്ങുന്ന വനിതാ ലോകകപ്പിലും ഓപ്പണിംഗ് ബാറ്ററായ സ്‌മൃതിയാകും ഇന്ത്യക്ക് നിര്‍ണായകം എന്നും അദേഹം വ്യക്തമാക്കി. 

2017നും 2019നും ഇടയിൽ ഇന്ത്യന്‍ വനിതാ ടീം ഫീല്‍ഡിംഗ് പരിശീലകനായിരുന്ന ബിജു ജോര്‍ജ് നിലവില്‍ ഐപിഎല്ലിലെ സൺറൈസേഴ്‌സ് ഹൈദരാബാദിന്‍റെ പരിശീലക സംഘത്തിലംഗമാണ്. 

മന്ഥാനയുടെ 2021  

2021ല്‍ 22 കളിയിൽ 38.86 ശരാശരിയില്‍ ഒരു സെഞ്ചുറിയും അഞ്ച് അര്‍ധ സെഞ്ചുറിയും ഉള്‍പ്പടെ 855 റൺസ് നേടിയാണ് സ്‌മൃതി പുരസ്‌കാരം സ്വന്തമാക്കിയത്. 2018ലും സ്‌മൃതി മന്ഥാന മികച്ച വനിതാ താരത്തിനുള്ള ഐസിസി പുരസ്‌കാരം നേടിയിരുന്നു. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്‍റെ ചരിത്രത്തിലെ ആദ്യ പിങ്ക് ബോള്‍ ടെസ്റ്റില്‍ കരിയറിലെ കന്നി ടെസ്റ്റ് സെഞ്ചുറിയുമായി മന്ഥാന ചരിത്രത്തിലിടം പിടിച്ച വര്‍ഷം കൂടിയാണ് 2021. ഈ വര്‍ഷത്തെ വനിതാ ലോകകപ്പ് നേടുകയാണ് ലക്ഷ്യമെന്ന് സ്‌മൃതി മന്ഥാന പുരസ്‌കാരത്തിന് ശേഷം വ്യക്തമാക്കിയിരുന്നു.

Smriti Mandhana : അടുത്ത ലക്ഷ്യം? ഐസിസി പുരസ്‌കാരത്തിന് ശേഷം മനസുതുറന്ന് സ്‌മൃതി മന്ഥാന

click me!