റാങ്കിംഗില്‍ സ്മൃതി മന്ദാനയ്ക്ക് തിരിച്ചടി, ഒന്നാം സ്ഥാനത്തിന് പുതിയ അവകാശി; ഏകദിന ലോകകപ്പ് ഉയര്‍ത്തിയിട്ടും ഓസീസ് ഒന്നാമത്

Published : Nov 04, 2025, 04:15 PM IST
Smriti Mandhana

Synopsis

വനിതാ ഏകദിന ലോകകപ്പിന് ശേഷം പുറത്തുവന്ന ഐസിസി ബാറ്റര്‍മാരുടെ റാങ്കിംഗില്‍ സ്മൃതി മന്ദാനയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി. ലോകകപ്പിലെ മികച്ച പ്രകടനത്തോടെ ദക്ഷിണാഫ്രിക്കയുടെ ലോറ വോള്‍വാര്‍ഡ് ഒന്നാമതെത്തി. 

ദുബായ്: വനിതാ ഏകദിന ലോകകപ്പിന് ശേഷം പുറത്തുവന്ന ഐസിസി ബാറ്റര്‍മാരുടെ റാങ്കിംഗില്‍ സ്മൃതി മന്ദാനയ്ക്ക് ഒന്നാം സ്ഥാനം നഷ്ടം. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ലോറ വോള്‍വാര്‍ഡാണ് പുതിയ അവകാശി. ടൂര്‍ണമെന്റിന് മുമ്പ് മന്ദാനയായിരുന്നു ഒന്നാം സ്ഥാനത്ത്. ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുക്കാനും മന്ദാനയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ വോള്‍വാര്‍ഡിന്റെ വിസ്മയിപ്പിക്കുന്ന ഫോം മന്ദാനയെ പിന്നിലാക്കി. ഒമ്പത് ഇന്നിംഗ്സില്‍ നിന്ന് 571 റണ്‍സാണ് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ അടിച്ചെടുത്തത്.

ഇതില്‍ രണ്ട് സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും. സെമി ഫൈനലിലും ഫൈനലിലുമാണ് വോള്‍വാര്‍ഡ് സെഞ്ചുറികള്‍ നേടിയത്. ഇംഗ്ലണ്ടിനെതിരെ നേടിയ 169 റണ്‍സാണ് വോള്‍വാര്‍ഡിന്റെ ടോപ് സ്‌കോര്‍. 71.37 ശരാശരിയും 98.78 സട്രൈക്ക് റേറ്റും ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ക്കുണ്ട്. ഏഴ് സിക്സും 73 ഫോറും വോള്‍വാര്‍ഡ് നേടി. മന്ദാനയാണ് റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്ത്. ഒമ്പത് ഇന്നിംഗ്സില്‍ നിന്ന് നേടിയത് 434 റണ്‍സ്. ഒരു സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ചുറിയും സ്വന്തമാക്കിയ മന്ദാനയുടെ ഉയര്‍ന്ന സ്‌കോര്‍ 109 റണ്‍സാണ്. 54.25 ശരാശരിയും 99.08 സ്ട്രൈക്ക് റേറ്റും മന്ദാനയ്ക്കുണ്ട്.

814 റേറ്റിംഗ് പോയിന്റാണ് വോള്‍വാര്‍ഡിന്. മന്ദാനയ്ക്ക് 811 പോയിന്റുണ്ട്. അതേസമയം, ജെമീമ റോഡ്രിഗസ് ആദ്യമായി ആദ്യ പത്തില്‍ ഇടം നേടി. ഒമ്പത് സ്ഥാനം മെച്ചപ്പെടുത്തിയ ജമീമ പത്താം സ്ഥാനത്തേക്ക് കയറി. ആദ്യ പത്തില്‍ മറ്റു ഇന്ത്യന്‍ താരങ്ങളാരുമില്ല ലോകകപ്പില്‍ റണ്‍വേട്ടയില്‍ ഏഴാം സ്ഥാനത്തായിരുന്നു ജമീമ. എട്ട് മത്സരങ്ങള്‍ കളിച്ച ജമീമ ഏഴ് ഇന്നിംഗ്സുകള്‍ കളിച്ചു. 292 റണ്‍സാണ് സമ്പാദ്യം. സെമി ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ പുറത്താവാതെ നേടിയ 127 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ലോകകപ്പിലെ പ്രകടനമാണ് ജമീമയ്ക്ക് നേട്ടമായത്.

ആഷ്‌ലി ഗാര്‍ഡ്‌നര്‍ (ഓസ്‌ട്രേലിയ), നതാലി സ്‌കര്‍ ബ്രന്റ് (ഇംഗ്ലണ്ട്), ബേത് മൂണി (ഓസ്‌ട്രേലിയ), അലീസ ഹീലി (ഓസ്‌ട്രേലിയ), സോഫി ഡിവൈന്‍ (ന്യൂസിലന്‍ഡ്), എല്ലിസ് പെറി (ഓസ്‌ട്രേലിയ), ഹെയ്‌ലി മാത്യൂസ് (വെസ്റ്റ് ഇന്‍ഡീസ് ) എന്നിവര്‍ യഥാക്രമം മൂന്ന് മുതല്‍ ഒമ്പത് വരെയുള്ള സ്ഥാനങ്ങളില്‍. ബൗളര്‍മാരുടെ റാങ്കിംഗില്‍ കാര്യമായ മാറ്റങ്ങളില്ല. സോഫി എക്ലെസ്റ്റോണ്‍ ഒന്നാമത് തുടരുന്നു. രണ്ട് സ്ഥാനം മെച്ചപ്പെടുത്തിയ ദക്ഷിണാഫ്രിക്കയുടെ മരിസാനെ കാപ്പ് രണ്ടാമതെത്തി. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മ അഞ്ചാമത്. ആദ്യ പത്തിലുള്ള ഏക താരവും ദീപ്തി തന്നെ.

ഓസ്‌ട്രേലിയ ഒന്നാമത്

ഇന്ത്യ ഏകദിന ലോകകപ്പ് ഉയര്‍ത്തിയെങ്കിലും ടീം റാങ്കിംഗില്‍ ഓസ്‌ട്രേലിയ തന്നെയാണ് ഒന്നാമത്. ഇംഗ്ലണ്ടിന് പിന്നില്‍ മൂന്നാമതാണ് ഇന്ത്യ. റണ്ണേഴ്‌സ് അപ്പായ ദക്ഷിണാഫ്രിക്ക നാലാമത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സൂര്യയെ പറഞ്ഞ് ബോധിപ്പിച്ചു; യാന്‍സനെ പുറത്താക്കിയത് സഞ്ജുവിന്റെ മാസ്റ്റര്‍ പ്ലാന്‍
ചക്രവര്‍ത്തിക്ക് നാല് വിക്കറ്റ്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്; അവസാന മത്സരത്തില്‍ ജയം 30 റണ്‍സിന്