- Home
- Sports
- Cricket
- കളിച്ചത് ഇന്ത്യൻ കുപ്പായത്തിലെ അവസാന ഏകദിനം, ആ സീനിയർ താരത്തിന്‍റെ വിരമിക്കല്‍ പ്രഖ്യാപനം പ്രതീക്ഷിച്ച് ആരാധകര്‍
കളിച്ചത് ഇന്ത്യൻ കുപ്പായത്തിലെ അവസാന ഏകദിനം, ആ സീനിയർ താരത്തിന്‍റെ വിരമിക്കല്‍ പ്രഖ്യാപനം പ്രതീക്ഷിച്ച് ആരാധകര്‍
കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തില്‍ ജഡേജയെ തഴഞ്ഞതോടെയായിരുന്നു താരത്തിന്‍റെ ഏകദിന ടീമിലെ സ്ഥാനത്തെ ചൊല്ലിയുള്ള ആശങ്കകള്‍ അന്തരീക്ഷത്തിലുയര്‍ന്നത്

ജഡേജയുടെ നാളുകളും എണ്ണപ്പെട്ടോ
14 മാസങ്ങള്‍ക്ക് മുൻപാണ് ന്യൂസിലൻഡ് ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയെ വൈറ്റ് വാഷ് ചെയ്തപ്പോള്‍ സെലക്ടർമാരുടെ വിരലുകൾ നീണ്ടത് സീനിയർ താരങ്ങളായ രോഹിത് ശർമയിലേക്കും വിരാട് കോലിയിലേക്കുമായിരുന്നു. ഏകദിന പരമ്പര ശുഭ്മാൻ ഗില്ലിന്‍റെ സംഘം അടിയറവ് പറയുമ്പോഴും അത് ആവർത്തിക്കുകയാണ്. ഇത്തവണ രോഹിതും കോലിയുമല്ല, മറിച്ച് രവീന്ദ്ര ജഡേജയാണ്.
ഓസ്ട്രേലിയക്കെതിരെ ആദ്യം തഴഞ്ഞു
കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തില്‍ ജഡേജയെ തഴഞ്ഞതോടെയായിരുന്നു താരത്തിന്‍റെ ഏകദിന ടീമിലെ സ്ഥാനത്തെ ചൊല്ലിയുള്ള ആശങ്കകള്‍ അന്തരീക്ഷത്തിലുയര്‍ന്നത്. 2025 ചാമ്പ്യൻസ് ട്രോഫിയിലെ മോശം പ്രകടനം ജഡേജയുടെ സാധ്യതകളടച്ചുവെന്നായിരുന്നു അഭ്യൂഹങ്ങൾ. എന്നാല്‍, ഇന്ത്യയുടെ മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കര്‍ ഇത്തരം റിപ്പോര്‍ട്ടുകളെയെല്ലാം തള്ളുക മാത്രമല്ല, ജഡേജ ലോകകപ്പ് പദ്ധിതകളുടെ ഭാഗമാണെന്നുള്ള സൂചനയും നല്‍കി.
ചാമ്പ്യൻസ് ട്രോഫിയിലും നിറം മങ്ങി
ചാമ്പ്യൻസ് ട്രോഫിയില്‍ 27 റണ്‍സും അഞ്ച് വിക്കറ്റും മാത്രമായിരുന്നു ജഡേജയുടെ നേട്ടം. എന്നാല്‍, ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയില്‍ ജഡേജയുടെ തിരിച്ചുവരവ് സംഭവിച്ചു. ന്യൂസിലൻഡ് പരമ്പരയിലും ജഡേജയ്ക്ക് അവസരം നല്‍കാൻ സെലക്ടര്‍മാര്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍, രണ്ട് പരമ്പരകള്‍ പൂര്‍ത്തിയാകുമ്പോള്‍ ജഡേജയുടെ ടീമിലെ സ്ഥാനത്തിന്‍റെ കാര്യത്തില്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉയരുകയാണ്.
ബാറ്റിംഗിലും നിരാശ
ആറ് കളികളില്‍ നിന്ന് 99 റണ്‍സ് മാത്രമാണ് ജഡേജയ്ക്ക് നേടാനായത്. സ്ട്രൈക്ക് റേറ്റ് 88.39 ആണ്. ശരാശരി 25ലും താഴെ. ബാറ്റുകൊണ്ട് തിളങ്ങാത്തത് മാത്രമല്ല, പന്തുകൊണ്ടും പരാജയപ്പെട്ടു ഇന്ത്യയുടെ പ്രീമിയം സ്പിന്നര്‍. രണ്ട് പരമ്പരകളിലുമായി എറിഞ്ഞത് 48 ഓവറാണ്. അതായത് 288 പന്തുകള്‍, ജഡേജയ്ക്ക് എടുത്ത വിക്കറ്റുകളുടെ എണ്ണം കേവലം ഒന്നാണ്.
ഫിനിഷറായും നിരാശപ്പെടുത്തി
ഇന്ത്യയുടെ ബാറ്റിങ് നിരയിലെ ലോവര്‍ ഓര്‍ഡറിന്‍റെ ഉത്തരവാദിത്തം ജഡേജയുടെ ബാറ്റിലാണ്. ഫിനിഷറുടെ റോള്‍ വഹിക്കുന്ന താരം സമീപകാലത്തൊന്നും ഒരു മികച്ച പ്രകടനം പുറത്തെടുത്തിട്ടില്ല. 2023 ഏകദിന ലോകകപ്പിന് ശേഷം ഫോര്‍മാറ്റില്‍ ഇന്ത്യ കളിച്ചത് 23 മത്സരങ്ങലാണ്, ഇതില്‍ 13 എണ്ണത്തിലും ജഡേജ ഭാഗമായിരുന്നു. 149 റണ്‍സാണ് സ്കോര്‍ ചെയ്തത്, നേടിയത് ഒരു അര്‍ദ്ധ സെഞ്ചുറിയും.
സ്ട്രൈക്ക് റേറ്റും പരിതാപകരം
അവസാന ഓവറുകളിലെ താരത്തിന്‍റെ സ്ട്രൈക്ക് റേറ്റ് 114 മാത്രവുമാണ്. ബൗളിങ്ങിലും നിരാശ തന്നെയാണ് ഏകദിന ലോകകപ്പിന് ശേഷം. 13 കളികളില്‍ നിന്ന് 12 വിക്കറ്റുകള്‍ മാത്രം. ഒരു മത്സരത്തില്‍ ശരാശരി ഒരു വിക്കറ്റ് പോലും നേടാൻ കഴിയുന്നില്ലെന്ന് ചുരുക്കം.
അക്സറും സുന്ദറും കാത്തിരിക്കുന്നു
അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍ തുടങ്ങിയ സ്പിൻ ഓള്‍ റൗണ്ടര്‍മാര്‍ ടീമില്‍ നിരന്തര സാന്നിധ്യമാകുന്നതും ജഡേജയേക്കാള്‍ മികവ് പുലര്‍ത്തുന്നതും സെലക്ടര്‍മാര്‍ക്ക് കണ്ടില്ലെന്ന് നടിക്കാനാകില്ല. ഒരുപക്ഷേ, ജഡേജയുടെ കാര്യത്തില്‍ വൈകാതെ തന്നെ ഒരു നിര്‍ണായക തീരുമാനം സെലക്ടര്‍മാര്‍ എടുത്തേക്കാം.
അങ്ങനെയങ്ങ് വിരമിക്കില്ല
എന്നാല്‍ ലോകകപ്പ് പ്രതീക്ഷകള്‍ അങ്ങനെയങ്ങ് വിട്ടുകൊടുക്കാന്‍ തയാറല്ലെന്ന സൂചനയാണ് ജഡേജ നല്‍കുന്നത്. രഞ്ജി ട്രോഫിയില്‍ കളിക്കാനൊരുങ്ങുന്ന ജഡേജ വീണ്ടും ഫോം തെളിയിച്ച് തിരിച്ചുവരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!