
ദില്ലി: ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഓസ്ട്രേലിയന്‍ വനിതകള്‍ ഉയര്‍ത്തിയ 413 റണ്‍സിന്‍റെ റെക്കോര്‍ഡ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശുന്ന ഇന്ത്യക്കായി അതിവേഗ സെഞ്ചുറി നേടി ഓപ്പണര്‍ സ്മൃതി മന്ദാന. 23 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച സ്മൃതി മന്ദാന 50 പന്തില്‍ സെഞ്ചുറിയിലെത്തി വനിതാ ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയെന്ന റെക്കോര്‍ഡ് സ്വന്തമാക്കി. അലാന കിംഗിനെ സിക്സിന് പറത്തിയാണ് മന്ദാന സെഞ്ചുറിയിലെത്തിയത്. 45 പന്തില്‍ സെഞ്ചുറി തികച്ച ഓസ്ട്രേലിയയുടെ മെഗ് ലാനിംഗിന്‍റെ പേരിലാണ് വനിതാ ഏകദിനത്തിലെ അതിവേഗ സെഞ്ചുറിയുടെ റെക്കോര്‍ഡ്.
നേരത്തെ ഏകദിന ക്രിക്കറ്റില്‍ ഇന്ത്യൻ വനിതാ താരത്തിന്‍റെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ചുറിയെന്ന റെക്കോര്‍ഡും മന്ദാന സ്വന്തം പേരിലാക്കിയിരുന്നു. നേടി. 413 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശുന്ന ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെന്ന നിലയിലാണ്. 60 പന്തില്‍ 120 റണ്‍സുമായി സ്മൃതി മന്ദാനയും 34 പന്തില്‍ പന്തില്‍ 52 റണ്‍സുമായി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും ക്രീസില്‍. ഇരുവരും ചേര്‍ന്ന് പിരിയാത്ത മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇതുവരെ 68 പന്തില്‍ 121 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 16 ഫോറും അഞ്ച് സിക്സും പറത്തിയാണ് മന്ദാന ക്രീസിലുള്ളത്. ഹര്‍മന്‍പ്രീത് എട്ട് ബൗണ്ടറി നേടി.
ഓസീസ് ഉയര്‍ത്തിയ 413 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്കായി മന്ദാനയും വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. 3.3 ഓവറില്‍ ഇരുവരും ചേര്‍ന്ന് 32 റണ്‍സടിച്ചു. 10 പന്തില്‍ 12 റണ്‍സെടുത്ത പ്രതികാ റാവലിനെ കിം മക്‌ഗ്രാത്ത് മടക്കിയെങ്കിലും രണ്ടാം വിക്കറ്റില്‍ ഹര്‍ലീന്‍ ഡിയോളിനെ(14 പന്തില്‍ 11) കൂട്ടുപിടിച്ച് ഇന്ത്യയെ 8.4 ഓവറില്‍ 85 റണ്‍സിലെത്തിച്ചു. ഹര്‍ലീന്‍ ഡിയോളിനെ മെഗാന്‍ ഷട്ട് വീഴ്ത്തിയെങ്കിലും ക്യാപ്റ്റ ഹര്‍മന്‍പ്രീതിനെ കൂട്ടുപിടിച്ച് സ്മൃതി മന്ദാന ഇന്ത്യയെ പതിനൊന്നാം ഓവറില്‍ 100 കടത്തി. 26 പന്തില്‍ 53 റണ്‍സെടുത്തു നില്‍ക്കുന്നതിനിടെ മന്ദാന നല്‍കിയ ക്യാച്ച് ഗ്രേസ് ഹാരിസ് നഷ്ടമാക്കിയത് ഓസീസിന് തിരിച്ചടിയായി. പതിനഞ്ചാം ഓവറില്‍ 150 കടന്ന ഇന്ത്യ ഓവറില്‍ ശരാശരി 10 റണ്‍സ് വെച്ചാണ് സ്കോര്‍ ചെയ്തത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഓസ്ട്രേലിയന്‍ വനിതകള്‍ 47.5 ഓവറില്‍ 412 റണ്‍സിന് ഓള്‍ ഔട്ടായിയ 75 പന്തില്‍ 138 റണ്‍സെടുത്ത ബെത് മൂണിയാണ് ഓസീസിന്‍റെ ടോപ് സ്കോറര്‍. ജോര്‍ജിയ വോള്‍ 81ഉം എല്‍സി പെറി 68ഉം ആഷ്‌ലി ഗാര്‍ഡ്‌നര്‍ 39ഉം റണ്‍സെടുത്തു. ഇന്ത്യക്കായി അരുന്ധതി റെഡ്ഡി മൂന്ന് വിക്കറ്റെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക