
ദില്ലി: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് 413 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം. ദില്ലി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയന്‍ വനിതകള്‍ 47.5 ഓവറില്‍ 412 റണ്‍സിന് ഓള്‍ ഔട്ടായിയ 75 പന്തില്‍ 138 റണ്‍സെടുത്ത ബെത് മൂണിയാണ് ഓസീസിന്‍റെ ടോപ് സ്കോറര്‍. ജോര്‍ജിയ വോള്‍ 81ഉം എല്‍സി പെറി 68ഉം ആഷ്‌ലി ഗാര്‍ഡ്‌നര്‍ 39ഉം റണ്‍സെടുത്തു. ഇന്ത്യക്കായി അരുന്ധതി റെഡ്ഡി മൂന്ന് വിക്കറ്റെടുത്തു.
ഓപ്പണിംഗ് വിക്കറ്റിലെ തകര്‍ത്തടിച്ചു തുടങ്ങിയ ഓസീസ് 4.2 ഓവറില്‍ 43 റണ്‍സിലെത്തിയപ്പോള്‍ ക്യാപ്റ്റന്‍ അലീസ ഹീലിയെ നഷ്ടമായി. 18 പന്തില്‍ 30 റണ്‍സെടുത്ത ഹീലിയെ ക്രാന്തി ഗൗഡ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതിന്‍റെ കൈകളിലെത്തിച്ചു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ എല്‍സി പെറിയും ജോര്‍ജിയ വോളും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ഓസീസിനെ 100 കടത്തി. 22-ാം ഓവറില്‍ ജോര്‍ജിയ വോള്‍(68 പന്തില്‍ 81) പുറത്തായശേഷമായിരുന്നു യഥാര്‍ത്ഥ കൊടുങ്കാറ്റ് ഇന്ത്യൻ ബൗളര്‍മാര്‍ അനുഭവിച്ചത്. നാലാം നമ്പറില്‍ ക്രീസിലെത്തിയ ബെത് മൂണി എല്‍സി പെറിയെയും(72 പന്തില്‍ 68), ആഷ്‌ലി ഗാര്‍ഡ്നറെയും(24 പന്തില്‍ 39) കൂട്ടുപിടിച്ച് തകര്‍ത്തടിച്ചതോടെ ഇന്ത്യൻ വനിതകള്‍ക്ക് ഓസീസിനെ തടഞ്ഞു നിര്‍ത്താനായില്ല.
31 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ ബെത്ത് മൂണി കരിയറിലെ വേഗമേറിയ അര്‍ധസെഞ്ചുറിയാണ് കുറിച്ചത്. 57 പന്തില്‍ ബെത് മൂണി സെഞ്ചുറിയിലെത്തി. വനിതാ ഏകദിന ക്രിക്കറ്റിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയാണിത്. അതിനുശേഷവും അടിതുടര്‍ന്ന മൂണി ഒരറ്റത്ത് പങ്കാളികളെ നഷ്ടമായപ്പോഴും ആക്രമണം തുടര്‍ന്നു. ടീം ടോട്ടല്‍ 377 റണ്‍സ് പിന്നിട്ടതോടെ ഇന്ത്യക്കെതിരെ ഒരു ടീം ഉയര്‍ത്തുന്ന വലിയ ടീം ടോട്ടലെന്ന റെക്കോര്‍ഡ് ഓസ്ട്രേലിയ സ്വന്തമാക്കി. പിന്നാലെ 45-ാം ഓവറില്‍ മൂണി റണ്ണൗട്ടായി.
ദീപ്തി ശര്‍മയുടെ ഓവറില്‍ മൂണിയും തഹലിയ മക്‌ഗ്രാത്തും(14), ഗ്രേസ് ഹാരിസും(1) വീണതോടെ 450 കടക്കാമെന്ന ഓസീസ് പ്രതീക്ഷ പാളി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച വാറെഹം ആണ് ഓസീസിനെ 400 കടത്തിയത്. ഇന്ത്യക്കായി അരുന്ധതി റെഡ്ഡി 86 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ രേണുക സിംഗ് 79 റണ്‍സിന് ദീപ്തി ശര്‍മ 75 റണ്‍സിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഓരോ മത്സരം വീതം ജയിച്ച ഇന്ത്യയും ഓസീസും ഇപ്പോള്‍ തുല്യത പാലിക്കുകയാണ്.