
മുംബൈ: ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ രഞ്ജി ട്രോഫിയില്‍ വെടിക്കെട്ട് സെഞ്ചുറിയുമായി സെലക്ടര്‍മാര്‍ക്ക് ബാറ്റുകൊണ്ട് മറുപടി നല്‍കി മുംബൈ താരം സർഫറാസ് ഖാൻ. ഹിമാചൽ പ്രദേശിനെതിരായ മത്സരത്തിൽ മുംബൈയ്ക്കായി 228 പന്തില്‍ 154 റൺസ് നേടിയാണ് സര്‍ഫറാസ് തിളങ്ങിയത്. 19 ബൗണ്ടറികള്‍ അടങ്ങുന്നതാണ് സര്‍ഫറാസിന്‍റെ ഇന്നിംഗ്സ്. ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിന്ന് തുടർച്ചയായി അവഗണിക്കപ്പെടുമ്പോഴും ആഭ്യന്തര ക്രിക്കറ്റില്‍ ബാറ്റ് കൊണ്ട് മറുപടി നൽകുന്ന പതിവ് സർഫറാസ് ഇത്തവണയും ആവർത്തിക്കുകയായിരുന്നു.
ബിലാസ്പൂരിൽ നടന്ന മത്സരത്തിൽ ബാറ്റിംഗ് തകർച്ചയുടെ വക്കിലായിരുന്ന മുംബൈയെ സർഫറാസ് കരകയറ്റുകയായിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ തന്‍റെ 18-ാം സെഞ്ചുറിയാണ് സര്‍ഫറാസ് ഹിമാചലിനെതിരെ കുറിച്ചത്. തുടക്കത്തിലെ സമ്മർദ്ദം അതിജീവിച്ച ശേഷം ക്യാപ്റ്റൻ സിദ്ധേഷ് ലാഡ്, വിക്കറ്റ് കീപ്പർ ആകാശ് ആനന്ദ് എന്നിവർക്കൊപ്പം മികച്ച കൂട്ടുകെട്ടുകൾ പടുത്തുയർത്തിയ സർഫറാസ് മുംബൈയുടെ കൂറ്റൻ സ്കോറിന് അടിത്തറയിട്ടു. സര്‍ഫറാസിന്‍റെ സെഞ്ചുറികരുത്തില്‍ മുംബൈ ആദ്യ ഇന്നിംഗ്സില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 528 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. സര്‍ഫറാസിന് പുറമെ ആകാശ് ആനന്ദും(117) മുംബൈക്കായി സെഞ്ചുറി നേടി. സിദ്ദേശ് ലാഡ്(87), സര്‍ഫറാസിന്‍റെ സഹോദരന്‍ മുഷീര്‍ ഖാന്‍(57) എന്നിവരും മുംബൈക്കായി ബാറ്റിംഗില്‍ തിളങ്ങി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഹിമാചല്‍ മൂന്നാം ദിനം 39.5 ഓവറില്‍ 140 റണ്‍സിന് ഓള്‍ ഔട്ടായി. നാലു വിക്കറ്റ് വീഴ്ത്തിയ തുഷാര്‍ ദേശ്‌പാണ്ഡെയാണ് ഹിമാചലിനെ എറിഞ്ഞിട്ടത്. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ന്യൂസിലൻഡ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് സർഫറാസിനെ സെലക്ടര്‍മാര്‍ പരിഗണിച്ചിരുന്നില്ല. ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. രഞ്ജി ട്രോഫിയിലും ഇറാനി കപ്പിലും മികച്ച ഫോം തുടരുകയാണെങ്കിൽ സർഫറാസിന് മുന്നിൽ ഇന്ത്യൻ ടീമിന്‍റെ വാതിലുകൾ വീണ്ടും തുറക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!