
ഗോള്‍: ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിന്(SL vs AUS 1st Test) മുമ്പ് ശ്രീലങ്കയ്ക്ക് കൂടുതല്‍ ആശങ്കയായി സ്പിന്നർ പ്രവീണ്‍ ജയവിക്രമയ്ക്ക്(Praveen Jayawickrama) കൊവിഡ്. ഗോളിലെ ആദ്യ ടെസ്റ്റില്‍ പ്രവീണ്‍ ജയവിക്രമ പ്ലേയിംഗ് ഇലവനിലുണ്ടായിരുന്നില്ല. നേരത്തെ ആദ്യ മത്സരത്തിനിടെ ഏയ്ഞ്ചലോ മാത്യൂസിന് കൊവിഡ് കണ്ടെത്തിയിരുന്നു. ജയവിക്രമയെ പ്രത്യേക ഐസൊലേഷനിലേക്ക് മാറ്റി. മറ്റ് താരങ്ങള്‍ അഞ്ച് ദിവസത്തേക്ക് റൂം ഐസൊലേഷനില്‍ തുടരുകയാണ്.
ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ മൂന്നാംദിനം ഓസ്ട്രേലിയ 10 വിക്കറ്റിന്‍റെ തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ അഞ്ച് റണ്‍സിന്‍റെ നേരിയ വിജയലക്ഷ്യം ഓസ്ട്രേലിയ ആദ്യ ഓവറിൽ തന്നെ മറികടന്നു. ജയത്തോടെ രണ്ട് മത്സര പരമ്പരയിൽ ഓസ്ട്രേലിയ 1-0ന് മുന്നിലെത്തി. ഓസീസിനായി ആദ്യ ഇന്നിംഗ്സില്‍ അര്‍ധസെഞ്ചുറി നേടിയ കാമറൂണ്‍ ഗ്രീനാണ് കളിയിലെ താരം. സ്കോര്‍: ശ്രീലങ്ക- 212, 113, ഓസ്ട്രേലിയ- 323, 5/0.
എട്ട് വിക്കറ്റ് നഷ്ടത്തില്‍ 313 റണ്‍സെന്ന നിലയില്‍ മൂന്നാംദിനം ക്രീസിലിറങ്ങിയ ഓസ്ട്രേലിയ 321 റൺസിന് പുറത്തായി. 109 റൺസിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡെടുത്ത ഓസീസ് രണ്ടാം ഇന്നിംഗ്സില്‍ ലങ്കയെ എറിഞ്ഞിട്ടു. ഓപ്പണിംഗ് വിക്കറ്റില്‍ 37 റണ്‍സടിച്ച ശേഷമാണ് ലങ്ക തകര്‍ന്നടിഞ്ഞത്. 23 റണ്‍സെടുത്ത ക്യാപ്റ്റന്‍ കരുണരത്നെ പുറത്തായതിന് പിന്നാലെ കുശാല്‍ മെന്‍ഡിസ്(8), ഒഷാഡ ഫെര്‍ണാണ്ടോ(12), ധനഞ്ജയ ഡിസില്‍വ(11), ദിനേശ് ചണ്ഡിമല്‍(13), നിരോഷന്‍ ഡിക്‌വെല്ല(3) എന്നിവര്‍ പൊരുതാതെ മടങ്ങിയതോടെ ലങ്ക തകര്‍ന്നടിഞ്ഞു.
വിക്കറ്റ് പോവാതെ 37 റണ്‍സില്‍ നിന്ന് 113 റണ്‍സിന് ഓള്‍ഔട്ടാവുമ്പോള്‍ ലങ്കക്കുണ്ടായിരുന്നത് നാലു റണ്‍സിന്‍റെ ലീഡ് മാത്രം. ആറ് ലങ്കൻ താരങ്ങൾ രണ്ടക്കം കണ്ടില്ല. ഓസീസിനായി നഥാന്‍ ലിയോണും ട്രാവിസ് ഹെഡ്ഡും നാലു വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ സ്വേപ്സണ്‍ രണ്ട് വിക്കറ്റെടുത്തു. 2.5 ഓവറില്‍ 10 റണ്‍സ് വഴങ്ങിയാണ് ഹെഡ് നാലു വിക്കറ്റെടുത്തത്. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് വെള്ളയാഴ്ച ഗോളില്‍ തന്നെ നടക്കും.
ലങ്കയെ കറക്കി വീഴ്ത്തി ഓസീസ്, ഗോള്‍ ക്രിക്കറ്റ് ടെസ്റ്റില്‍ 10 വിക്കറ്റ് ജയം