'ഗാംഗുലി സഹായിക്കണം': പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍റെ അപേക്ഷ

By Web TeamFirst Published Jan 4, 2020, 10:56 AM IST
Highlights

ഇരു ടീമുകളും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര വീണ്ടും തുടങ്ങാതെ കാര്യങ്ങൾ മുന്നോട്ടു പോകില്ല. ലോകത്തിന് ഇന്ത്യയും പാക്കിസ്ഥാനും ക്രിക്കറ്റ് കളിക്കുന്നത് കാണാൻ ആഗ്രഹമുണ്ട്. ക്രിക്കറ്റിലെ വൻ ശക്തികൾ പാക്കിസ്ഥാനിലെത്തി കളിക്കാൻ പിസിബി സിഇഒ വസീം ഖാൻ ഇടപെടണം. 

ലാഹോർ: ഐസിസി വേദികളില്‍ അല്ലാതെ പാകിസ്ഥാനുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും ഇന്ത്യ ഒഴിവാക്കിയിട്ട് വര്‍ഷങ്ങളായി. ഇപ്പോള്‍ ഇതാ ഇന്ത്യ-പാക് ക്രിക്കറ്റ് ബന്ധം വീണ്ടും ആരംഭിക്കാന്‍ ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി ഇടപെടണം എന്ന അപേക്ഷയുമായി മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍.  പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ റാഷിദ് ലത്തീഫാണ് ഇത്തരം ഒരു ആവശ്യവുമായി രംഗത്ത് എത്തിയത്. 

ഇന്ത്യ– പാക്കിസ്ഥാൻ മത്സരങ്ങൾ തുടങ്ങുന്നതിനുള്ള നടപടികള്‍ എടുക്കാന്‍ സൗരവ് ഗാംഗുലി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ സഹായിക്കണം. 2004ല്‍ ബിസിസിഐക്ക് താല്‍പ്പര്യം ഇല്ലാഞ്ഞിട്ടും പാക്കിസ്ഥാനിൽ കളിക്കാൻ ഇന്ത്യയെത്തിയത് ഗാംഗുലിയുടെ കഴിവുകൊണ്ടാണെന്നും ലത്തീഫ് പ്രതികരിച്ചു. മുന്‍ ക്രിക്കറ്റ് താരം എന്ന നിലയ്ക്കും ബിസിസിഐ അധ്യക്ഷനായും ഗാംഗുലിക്ക് പാക്ക് ക്രിക്കറ്റ് ബോർഡിനെയും പിസിബി തലവൻ എഹ്സാൻ മാനിയെയും സഹായിക്കാന്‍ സാധിക്കും. 

ഇരു ടീമുകളും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര വീണ്ടും തുടങ്ങാതെ കാര്യങ്ങൾ മുന്നോട്ടു പോകില്ല. ലോകത്തിന് ഇന്ത്യയും പാക്കിസ്ഥാനും ക്രിക്കറ്റ് കളിക്കുന്നത് കാണാൻ ആഗ്രഹമുണ്ട്. ക്രിക്കറ്റിലെ വൻ ശക്തികൾ പാക്കിസ്ഥാനിലെത്തി കളിക്കാൻ പിസിബി സിഇഒ വസീം ഖാൻ ഇടപെടണം. എങ്കിൽ മാത്രമേ പാക്ക് ക്രിക്കറ്റിനും കളിക്കാർക്കും അതു സഹായകരമാകുമെന്ന് മുന്‍ പാക് ക്യാപ്റ്റന്‍ പറയുന്നു.

2004 ലെ പാക്ക് പര്യടനത്തിൽ ഏകദിന പരമ്പര 3–2നും ടെസ്റ്റ് പരമ്പര 2–1നും ഇന്ത്യ സ്വന്തമാക്കിയിരുന്നു. അന്ന് ഗാംഗുലിയാണ് പാകിസ്ഥാനിലെ കളിക്ക് മുന്‍കൈ എടുത്തത് എന്ന് ലത്തീഫ് സൂചിപ്പിച്ചു. 2008 മുംബൈ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ– പാക്കിസ്ഥാൻ ബന്ധം വഷളായതിനെ തുടർന്ന് ഐസിസി ടൂര്‍ണമെന്റുകളിൽ മാത്രമാണ് ഇരു ടീമുകളും നേർക്കുനേർ വരുന്നത്.

ഏറെ വർഷങ്ങൾക്കുശേഷം അടുത്തിടെയാണ് പാക്കിസ്ഥാൻ ഒരു ടെസ്റ്റ് മത്സരത്തിന് ആതിഥേയത്വം വഹിച്ചത്. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര പാക്കിസ്ഥാൻ 2–0ന് ജയിച്ചു. രാജ്യാന്തര മത്സരങ്ങൾ നടക്കാത്തതിനാൽ പാക്കിസ്ഥാനിലെ ക്രിക്കറ്റ് ഗ്രൗണ്ടുകൾ നാശത്തിലേക്കു പോകുകയാണെന്നും ശ്രീലങ്ക പാക്കിസ്ഥാനിൽ കളിക്കാനെത്തിയത് ആശ്വാസമാണെന്നും റാഷിദ് ലത്തീഫ് പറഞ്ഞു.
 

click me!