
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ (Team India) വൈറ്റ് ബോള്‍ നായകനായി ഓപ്പണര്‍ രോഹിത് ശര്‍മ്മയെ (Rohit Sharma) ബിസിസിഐ (BCCI) കഴിഞ്ഞ വാരം തീരുമാനിച്ചിരുന്നു. ടി20 നായകസ്ഥാനം വിരാട് കോലിയില്‍ (Virat Kohli) നിന്ന് കഴിഞ്ഞ മാസം ഏറ്റെടുത്തെങ്കിലും രോഹിത്തിന് ഏകദിനത്തിന്‍റെ ചുമതല കൂടിയും ടെസ്റ്റ് ഉപനായക പദവിയും ബിസിസിഐ കൈമാറുകയായിരുന്നു. രോഹിത്തിനെ ടീം ഇന്ത്യയുടെ നേതൃനിരയിലേക്ക് ഉയര്‍ത്തിയതിന്‍റെ കാരണങ്ങള്‍ ഇപ്പോള്‍ വിശദമാക്കിയിരിക്കുകയാണ് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി (Sourav Ganguly).
'രോഹിത് ശര്‍മ്മ ടീമിനെ മികച്ച നിലയില്‍ നയിക്കും എന്ന് സെലക്‌ടര്‍മാര്‍ക്ക് തോന്നിയത് കൊണ്ടാണ് അദേഹത്തെ ക്യാപ്റ്റനാക്കിയത്. ഐപിഎല്ലില്‍ അഞ്ച് കിരീടങ്ങളുമായി മുംബൈ ഇന്ത്യന്‍സിനൊപ്പം അദേഹത്തിന്‍റെ റെക്കോര്‍ഡ് വിസ്‌മയകരമാണ്. വിരാട് കോലിയില്ലാതെ ഏഷ്യാ കപ്പില്‍ ടീമിനെ നയിക്കുകയും കിരീടം നേടുകയും ചെയ്‌തു. കോലിയില്ലാതെ കിരീടം നേടുന്നത് ടീമിന്‍റെ കരുത്ത് വ്യക്തമാക്കുന്നു. അതിനാല്‍ വമ്പന്‍ ടൂര്‍ണമെന്‍റുകളില്‍ രോഹിത്തിന് വിജയിക്കാനാകുന്നുണ്ട്. ഇന്ത്യക്ക് മികച്ച ടീമുണ്ട്. അതിനാല്‍ വിജയിക്കാനാകും എന്നാണ് പ്രതീക്ഷ' എന്നും ഗാംഗുലി ഒരു അഭിമുഖത്തില്‍ പറഞ്ഞു.
ഗാംഗുലി നേരത്തെ പറഞ്ഞത്
ബോര്‍ഡും സെലക്‌ടര്‍മാരും സംയുക്തമായാണ് വിരാട് കോലിക്ക് പകരം ആളെ തീരുമാനിച്ചത് എന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് നേരത്തെ വ്യക്തമാക്കിയിരുന്നു. 'ടി20 നായകസ്ഥാനത്ത് നിന്ന് പടയിറങ്ങരുത് എന്ന് കോലിയോട് ബിസിസിഐ അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ അദേഹം അത് അംഗീകരിച്ചില്ല. വൈറ്റ് ബോള്‍ ക്രിക്കറ്റിലെ രണ്ട് ഫോര്‍മാറ്റുകളില്‍ രണ്ട് വ്യത്യസ്‌ത നായകന്‍ വരുന്നത് ഗുണകരമല്ല എന്ന് ഇതോടെ സെലക്‌ടര്‍മാര്‍ക്ക് തോന്നി. അതിനാല്‍ വിരാട് കോലി ടെസ്റ്റില്‍ നായകനായി തുടരുകയും വൈറ്റ് ബോള്‍ ക്യാപ്റ്റന്‍സി രോഹിത് ശര്‍മ്മ ഏറ്റെടുക്കാനും തീരുമാനിച്ചു. ബിസിസിഐ തലവന്‍ എന്ന നിലയില്‍ ഞാനും സെലക്‌ടര്‍മാരും കോലിയുമായി സംസാരിച്ചു' എന്നും ഗാംഗുലി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് വ്യക്തമാക്കിയിരുന്നു.
ഇക്കഴിഞ്ഞ ബുധനാഴ്‌ചയാണ് വിരാട് കോലിയെ മാറ്റി പകരം രോഹിത് ശര്‍മ്മയെ ഏകദിന ടീം നായകനായി ബിസിസിഐ പ്രഖ്യാപിച്ചത്. ജനുവരിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആരംഭിക്കുന്ന പരമ്പരയാണ് ഹിറ്റ്‌മാന്‍റെ ആദ്യ ദൗത്യം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സെലക്‌ടര്‍മാര്‍ രോഹിത്തിനെ ഏകദിന നായകനായി തെരഞ്ഞെടുക്കുകയായിരുന്നു. ഒറ്റവരി ട്വീറ്റിലൂടെയായിരുന്നു ഈ പ്രഖ്യാപനം.
ടീം ഇന്ത്യയുടെ ടി20 നായകസ്ഥാനം ലോകകപ്പിന് പിന്നാലെ വിരാട് കോലി ഒഴിഞ്ഞിരുന്നു. കൂടാതെ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ നായകസ്ഥാനവും കോലി കൈവിട്ടു. ലോകകപ്പിന് ശേഷം നടന്ന ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ കോലിക്ക് പകരം രോഹിത് ശര്‍മ്മയായിരുന്നു ഇന്ത്യന്‍ നായകന്‍. രോഹിത്തിന് കീഴില്‍ പരമ്പര 3-0ന് ഇന്ത്യ തൂത്തുവാരി. ഇതിന് പിന്നാലെയാണ് ഏകദിന ക്യാപ്റ്റന്‍സിയിലും നിര്‍ണായക മാറ്റം വന്നത്. ഐപിഎല്‍ റെക്കോര്‍ഡും ഏഷ്യാ കപ്പ് വിജയവും രോഹിത്തിന് തുണയായി.
Madrid Derby : ലാലിഗയില്‍ ഇന്ന് മാഡ്രിഡ് നാട്ടങ്കം; ലീഗ് വണ്ണില്‍ പിഎസ്‌ജിയും കളത്തിലേക്ക്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!