
കൊല്‍ക്കത്ത: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിലും കെ എല്‍ രാഹുലാണ് ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ രണ്ട് ടെസ്റ്റിലും രാഹുല്‍ പരാജയപ്പെട്ടതോടെ ഏകദിനത്തിലും ടി20യിലും മികച്ച ഫോമിലായിരുന്ന ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യ മൂന്നാം ടെസ്റ്റില്‍ ഓപ്പണറാക്കി. ഇന്‍ഡോറില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ തിളങ്ങാനായില്ലെങ്കിലും അഹമ്മദാബാദില്‍ നടന്ന നാലാം ടെസ്റ്റില്‍ സെഞ്ചുറിയുമായി ഗില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ ഓപ്പണര്‍ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.
ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ ഇതില്‍ക്കൂടുതല്‍ എന്താണ് ചെയ്യേണ്ടതെന്ന് ചോദിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. ആദ്യം തന്നെ ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി നേടിയതില്‍ ഇന്ത്യന്‍ ടീമിനെ അഭിനന്ദിക്കുന്നു. ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും നമ്മള്‍ ജയിച്ചിട്ടുണ്ട്. അതുകൊണ്ട് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും നമുക്ക് ജയിക്കാനാവും. ആദ്യം ബാറ്റ് ചെയ്ത് 350-400 റണ്‍സടിച്ചാല്‍ ജയിക്കാവുന്ന സാഹചര്യം സൃഷ്കിക്കാന് ഇന്ത്യക്കാവും.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ മൂന്ന് സ്പിന്നര്‍മാരെ കളിപ്പിക്കാനാവില്ലെങ്കിലും അശ്വിന്‍റെയും ജഡേജയുടെയും പ്രകടനത്തിനൊപ്പം അക്സറിന്‍റെയും പ്രകടനവും ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ നിര്‍ണായകമായിരുന്നുവെന്ന് ഗാംഗുലി പറഞ്ഞു. ഇംഗ്ലണ്ടിലെ ഓവലില്‍ ജൂണ്‍ ഏഴ് മുതലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. ഓസ്ട്രേലിയയാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍.