വീണ്ടും സ്റ്റെപ് ഔട്ട് ചെയ്‌ത് തന്‍റെ സ്റ്റൈലന്‍ സിക്‌സ് പായിക്കാന്‍ ഗാംഗുലി; തിരിച്ചുവരവ് അങ്കം പ്രഖ്യാപിച്ചു

By Jomit JoseFirst Published Jul 29, 2022, 9:47 PM IST
Highlights

ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റില്‍ ഫ്രാഞ്ചൈസികളുടെ ഭാഗമാകാനില്ലെന്ന് ഗാംഗുലി നേരത്തെ വ്യക്തമാക്കിയിരുന്നു

മുംബൈ: വിരമിച്ച താരങ്ങളുടെ ക്രിക്കറ്റ് ടൂര്‍ണമെന്‍റായ ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റില്‍(Legends League Cricket) പാഡണിയാന്‍ ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയും(Sourav Ganguly). ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനാഘോഷമായ ആസാദി കാ മഹോത്സവത്തിന്റെ ഭാഗമായുള്ള ചാരിറ്റി ഫണ്ട് സ്വരൂപിക്കുന്നതിനായി മത്സരം കളിക്കുമെന്ന് ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രം ഷെയര്‍ ചെയ്തുകൊണ്ട് ദാദ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിക്കുകയായിരുന്നു. ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റില്‍ ഫ്രാഞ്ചൈസികളുടെ ഭാഗമാകാനില്ലെന്ന് ഗാംഗുലി നേരത്തെ വ്യക്തമാക്കിയിരുന്നു. 

ഇതിഹാസ ക്രിക്കറ്റ് താരങ്ങള്‍ അണിനിരക്കുന്ന ലെജന്‍‌ഡ്‌സ് ലീഗ് ക്രിക്കറ്റിന്‍റെ രണ്ടാം എഡിഷന് ഇന്ത്യയാണ് വേദിയാവുന്നത്. സെപ്റ്റംബറിലാണ് രാജ്യത്ത് ടൂര്‍ണമെന്‍റ് നടക്കുക. രാജ്യത്തെ ക്രിക്കറ്റ് പ്രേമികളുടെ ആവശ്യം പരിഗണിച്ചാണ് ഇന്ത്യയെ വേദിയാക്കിയത്. ലെജന്‍‌ഡ്‌സ് ലീഗ് ക്രിക്കറ്റിന്‍റെ ആദ്യ എഡിഷന് ഒമാനായിരുന്നു വേദിയായിരുന്നത്. ആദ്യ എഡിഷനില്‍ മൂന്ന് ടീമുകളായിരുന്നെങ്കില്‍ ഇത്തവണ ഫ്രാഞ്ചൈസി അടിസ്ഥാനത്തില്‍ ആറ് ടീമുകളുണ്ടാകും. വിരമിച്ച താരങ്ങള്‍ മാറ്റുരയ്‌ക്കുന്ന ടൂര്‍ണമെന്‍റാണ് ലെജന്‍‌ഡ്‌സ് ലീഗ് ക്രിക്കറ്റ്. 

എന്നാല്‍ ടൂര്‍ണമെന്‍റിന്‍റെ വേദികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ഹര്‍ഭജന്‍ സിംഗ്, വീരേന്ദര്‍ സെവാഗ്, യൂസഫ് പത്താന്‍, മിച്ചല്‍ ജോണ്‍സണ്‍, മുത്തയ്യ മുരളീധരന്‍, മോണ്ടി പനേസര്‍, ഷെയ്‌ന്‍ വാട്‌സണ്‍, ബ്രെറ്റ് ലീ, ഓയിന്‍ മോര്‍ഗന്‍, ഡെയ്‌ല്‍ സ്റ്റെയ്‌ന്‍, ജാക്ക് കാലിസ്, ഇര്‍ഫാന്‍ പത്താന്‍ തുടങ്ങിയ താരങ്ങള്‍ ഇത്തവണ ടൂര്‍ണമെന്‍റിന്‍റെ ഭാഗമാകും. മൂന്നാം എഡിഷന് അടുത്ത വര്‍ഷം ഒമാന്‍ തന്നെ വേദിയാകും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

പ്രഥമ ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റില്‍ വേള്‍ഡ് ജയന്‍റ്സ് കിരീടം നേടിയിരുന്നു. ഒമാനില്‍ നടന്ന ഫൈനലില്‍ ഏഷ്യ ലയൺസിനെ 25 റൺസിനാണ് തോൽപ്പിച്ചത്. വിജയലക്ഷ്യമായ 257 റൺസ് പിന്തുടര്‍ന്ന ഏഷ്യന്‍ ടീം 231 റൺസിന് പുറത്തായി. സനത് ജയസൂര്യ 23 പന്തില്‍ 38ഉം മുഹമ്മദ് യൂസഫ് 21 പന്തില്‍ 39ഉം തിലകരത്‌നെ ദില്‍ഷന്‍ 16 പന്തില്‍ 25ഉം നായകന്‍ മിസ്ബ ഉള്‍ ഹഖ് മൂന്ന് പന്തില്‍ രണ്ടും റൺസെടുത്ത് പുറത്തായി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആൽബി മോര്‍ക്കലാണ് ഏഷ്യയെ തകര്‍ത്തത്. 43 പന്തില്‍ എട്ട് സിക്സര്‍ അടക്കം പുറത്താകാതെ 94 റൺസെടുത്ത കോറി ആന്‍ഡേഴ്സണായിരുന്നു കലാശപ്പോരിലെ ടോപ് സ്കോറര്‍. വെടിക്കെട്ട് ബാറ്റിംഗുമായി കോറി ആന്‍ഡേഴ്‌സണ്‍ ഫൈനലിലെയും മോണി മോര്‍ക്കല്‍ ടൂര്‍ണമെന്‍റിന്‍റേയും താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 

Legends League Cricket : ലെജന്‍‌ഡ്‌സ് ലീഗ് ക്രിക്കറ്റ് രണ്ടാം എഡിഷന്‍ ഇന്ത്യയില്‍

click me!