Asianet News MalayalamAsianet News Malayalam

Legends League Cricket : ലെജന്‍‌ഡ്‌സ് ലീഗ് ക്രിക്കറ്റ് രണ്ടാം എഡിഷന്‍ ഇന്ത്യയില്‍- റിപ്പോര്‍ട്ട്

രാജ്യത്തെ ക്രിക്കറ്റ് പ്രേമികളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം എന്നാണ് സംഘാടകര്‍ സൂചിപ്പിക്കുന്നത്

Legends League Cricket 2nd Edition will held in India Report
Author
Delhi, First Published Jul 23, 2022, 5:34 PM IST

ദില്ലി: ഇതിഹാസ ക്രിക്കറ്റ് താരങ്ങള്‍ അണിനിരക്കുന്ന ലെജന്‍‌ഡ്‌സ് ലീഗ് ക്രിക്കറ്റിന്‍റെ രണ്ടാം എഡിഷന്(Legends League Cricket 2nd Edition) ഇന്ത്യ വേദിയാകുമെന്ന് റിപ്പോര്‍ട്ട്. സെപ്റ്റംബറിലാണ് രാജ്യത്ത് ടൂര്‍ണമെന്‍റ് നടക്കുക എന്നാണ് ദേശീയ മാധ്യമമായ എന്‍ഡിടിവിയുടെ റിപ്പോര്‍ട്ട്. രാജ്യത്തെ ക്രിക്കറ്റ് പ്രേമികളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം എന്നാണ് സംഘാടകര്‍ സൂചിപ്പിക്കുന്നത്. ലെജന്‍‌ഡ്‌സ് ലീഗ് ക്രിക്കറ്റിന്‍റെ ആദ്യ എഡിഷന് ഒമാനായിരുന്നു വേദിയായിരുന്നത്. വിരമിച്ച താരങ്ങള്‍ മാറ്റുരയ്‌ക്കുന്ന ടൂര്‍ണമെന്‍റാണ് ലെജന്‍‌ഡ്‌സ് ലീഗ് ക്രിക്കറ്റ്. 

'ടൂര്‍ണമെന്‍റ് ഇന്ത്യയില്‍ വച്ച് നടത്താന്‍ ഏറെ അഭ്യര്‍ഥനകളാണ് ആരാധകരില്‍ നിന്ന് ലഭിക്കുന്നത്. രണ്ടാം സീസണ്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതില്‍ വലിയ ആകാംക്ഷയുണ്ട്. ഏറ്റവും കൂടുതല്‍ ക്രിക്കറ്റ് ആരാധകരുള്ള ഇടമാണ് ഇന്ത്യ. ആദ്യ സീസണില്‍ ഏറ്റവും കൂടുതല്‍ ടെലിവിഷന്‍ കാഴ്‌ചക്കാരെ ലഭിച്ചത് ഇന്ത്യയില്‍ നിന്നാണ്. പാകിസ്ഥാനും ശ്രീലങ്കയുമാണ് അടുത്ത സ്ഥാനങ്ങളില്‍. വേദി ഇന്ത്യയിലേക്ക് മാറ്റാനുള്ള ഞങ്ങളുടെ തീരുമാനത്തിൽ ക്രിക്കറ്റ് ആരാധകർ സന്തോഷിക്കുമെന്ന് ഉറപ്പുള്ളതായും' ലെജന്‍‌ഡ്‌സ് ലീഗ് ക്രിക്കറ്റിന്‍റെ സഹസ്ഥാപകനും സിഇഒയുമായ രമന്‍ റഹീജ എന്‍ഡിടിവിയോട് പറ‌ഞ്ഞു. 

എന്നാല്‍ ടൂര്‍ണമെന്‍റിന്‍റെ വേദികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ഹര്‍ഭജന്‍ സിംഗ്, വീരേന്ദര്‍ സെവാഗ്, യൂസഫ് പത്താന്‍, മിച്ചല്‍ ജോണ്‍സണ്‍, മുത്തയ്യ മുരളീധരന്‍, മോണ്ടി പനേസര്‍, ഷെയ്‌ന്‍ വാട്‌സണ്‍, ബ്രെറ്റ് ലീ, ഓയിന്‍ മോര്‍ഗന്‍, ഡെയ്‌ല്‍ സ്റ്റെയ്‌ന്‍, ജാക്ക് കാലിസ്, ഇര്‍ഫാന്‍ പത്താന്‍ തുടങ്ങിയ താരങ്ങള്‍ ഇത്തവണ ടൂര്‍ണമെന്‍റിന്‍റെ ഭാഗമാകും. മൂന്നാം എഡിഷന് അടുത്ത വര്‍ഷം ഒമാന്‍ തന്നെ വേദിയാകും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

വിരമിച്ച താരങ്ങളുടെ പ്രഥമ ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റില്‍ വേള്‍ഡ് ജയന്‍റ്സ് കിരീടം നേടിയിരുന്നു. ഒമാനില്‍ നടന്ന ഫൈനലില്‍ ഏഷ്യ ലയൺസിനെ 25 റൺസിനാണ് തോൽപ്പിച്ചത്. വിജയലക്ഷ്യമായ 257 റൺസ് പിന്തുടര്‍ന്ന ഏഷ്യന്‍ ടീം 231 റൺസിന് പുറത്തായി. സനത് ജയസൂര്യ 23 പന്തില്‍ 38ഉം മുഹമ്മദ് യൂസഫ് 21 പന്തില്‍ 39ഉം തിലകരത്‌നെ ദില്‍ഷന്‍ 16 പന്തില്‍ 25ഉം നായകന്‍ മിസ്ബ ഉള്‍ ഹഖ് മൂന്ന് പന്തില്‍ രണ്ടും റൺസെടുത്ത് പുറത്തായി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആൽബി മോര്‍ക്കലാണ് ഏഷ്യയെ തകര്‍ത്തത്. 43 പന്തില്‍ എട്ട് സിക്സര്‍ അടക്കം പുറത്താകാതെ 94 റൺസെടുത്ത കോറി ആന്‍ഡേഴ്സണായിരുന്നു കലാശപ്പോരിലെ ടോപ് സ്കോറര്‍. വെടിക്കെട്ട് ബാറ്റിംഗുമായി കോറി ആന്‍ഡേഴ്‌സണ്‍ ഫൈനലിലെയും മോണി മോര്‍ക്കല്‍ ടൂര്‍ണമെന്‍റിന്‍റേയും താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 

WI vs IND : 'ദ്രാവിഡ് പറഞ്ഞു, നിന്നെ ഞങ്ങള്‍ വിശ്വസിക്കുന്നു'; വിജയമന്ത്രം തുറന്നുപറഞ്ഞ് ചാഹല്‍

Follow Us:
Download App:
  • android
  • ios