
മുംബൈ: ട്വന്‍റി 20 ലോകകപ്പിൽ ഓപ്പണര്‍ രോഹിത് ശര്‍മ്മ ഇന്ത്യൻ ടീമിനെ നയിക്കണമെന്നാവര്‍ത്തിച്ച് മുൻ നായകൻ സൗരവ് ഗാംഗുലി. റണ്‍ മെഷീന്‍ വിരാട് കോലിയും ലോകകപ്പ് ടീമിൽ വേണമെന്ന് ഗാംഗുലി ആവശ്യപ്പെട്ടു. അടുത്തിടെ 14 മാസത്തെ ഇടവേളയ്ക്ക് ശേഷം അഫ്‌ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ ട്വന്‍റി 20 പരമ്പരയ്ക്കായി ഇരുവരെയും ദേശീയ ടീമിലേക്ക് മടക്കിവിളിച്ചിരുന്നു. ലോകകപ്പ് മുന്‍നിര്‍ത്തിയാണ് സൂപ്പര്‍ താരങ്ങളെ ടീമിലേക്ക് മടക്കിവിളിച്ചത് എന്ന സൂചനകള്‍ ശക്തമാണ്.
ഈ വര്‍ഷം അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി നടക്കുന്ന ട്വന്‍റി 20 ലോകകപ്പിന്‍റെ മത്സരക്രമം പ്രഖ്യാപിച്ചുകഴിഞ്ഞു. പാകിസ്ഥാൻ കൂടി ഉൾപ്പെടുന്ന ഗ്രൂപ്പ് എയിലാണ് ടീം ഇന്ത്യ ഇടംപിടിച്ചിരിക്കുന്നത്. അതേസമയം ലോകകപ്പിൽ ആര് ടീമിനെ നയിക്കണമെന്ന കാര്യത്തിൽ ഇപ്പോഴും ചര്‍ച്ചകൾ പുരോഗമിക്കുകയാണ്. നിലവിലെ നായകൻ രോഹിത് ടീമിൽ ഉണ്ടാകുമോ എന്നതിൽ പോലും വ്യക്തത വരുത്തുന്നില്ല ബിസിസിഐ. എല്ലാം ഐപിഎല്ലിന് ശേഷം തീരുമാനിക്കുമെന്നാണ് സെക്രട്ടറി ജയ് ഷായുടെ മറുപടി. എന്നാൽ രോഹിത് ശര്‍മ്മ തന്നെ ടീമിനെ നയിക്കണമെന്നാണ് മുൻ നായകനും ബിസിസിഐ പ്രസിഡന്‍റുമായിരുന്ന സൗരവ് ഗാംഗുലി പറയുന്നത്. സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി ടീമിൽ വേണമെന്നും ഗാംഗുലി പറഞ്ഞു.
രോഹിതിന്‍റെയും കോലിയുടെയും പരിചയസമ്പത്ത് ലോകകപ്പിൽ ഗുണം ചെയ്യുമെന്നും ഇരു താരങ്ങളുടെയും ഏകദിന ലോകകപ്പിലെ ഉജ്ജ്വല പ്രകടനം കൂടി പരിഗണിക്കണമെന്നും നേരത്തെ ഗാംഗുലി വ്യക്തമാക്കിയിരുന്നു. ടി20 ലോകകപ്പില്‍ സമ്മര്‍ദം അതിജീവിക്കാന്‍ കഴിയുന്ന രോഹിത് ശര്‍മ്മയെയും വിരാട് കോലിയെയും പോലുള്ള താരങ്ങളെ ഉറപ്പായും കളിപ്പിക്കണം എന്ന ആവശ്യം ഇതിനകം ശക്തമായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പില്‍ കോലി ടൂര്‍ണമെന്‍റിലെ റണ്‍വേട്ടക്കാരനായപ്പോള്‍ മികച്ച തുടക്കവുമായി ഇന്ത്യയെ ഫൈനല്‍ വരെ എത്തിച്ചതില്‍ രോഹിത് നിര്‍ണായക പങ്കുവഹിച്ചിരുന്നു. കോലി 11 ഇന്നിംഗ്‌സില്‍ മൂന്ന് സെഞ്ചുറികളോടെ 765 റണ്‍സാണ് 2023ല്‍ ഇന്ത്യ വേദിയായ ഏകദിന ലോകകപ്പില്‍ നേടിയത്. രോഹിത് 597 റണ്‍സും സ്വന്തമാക്കി.
Read more: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റില്‍ വീണ്ടും ട്വിസ്റ്റ്; ക്ലാസന്‍ ടെസ്റ്റില്‍ നിന്ന് വിരമിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം