ദാദയുടെ ചതുര്‍രാഷ്‌ട്ര ടൂര്‍ണമെന്‍റ് ആശയം ശുദ്ധ മണ്ടത്തരം; ആഞ്ഞടിച്ച് പാക് മുന്‍ നായകന്‍

By Web TeamFirst Published Dec 25, 2019, 10:23 PM IST
Highlights

ക്രിക്കറ്റിലെ വമ്പന്‍മാരായ ഇന്ത്യ- ഇംഗ്ലണ്ട്- ഓസ്‌ട്രേലിയ ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്‍റിനാണ് സൗരവ് ഗാംഗുലി പദ്ധതിയിട്ടത്

കൊല്‍ക്കത്ത: ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി മുന്നോട്ടുവെച്ച ചതുര്‍രാഷ്‌ട്ര ക്രിക്കറ്റ് ടൂര്‍ണമെന്‍റ്  ആശയത്തെ രൂക്ഷമായി വിമര്‍ശിച്ച് പാക് മുന്‍ നായകന്‍ റഷീദ് ലത്തീഫ്. ചതുര്‍രാഷ്‌ട്ര ടൂര്‍ണമെന്‍റ്  വിഡ്ഢിത്തമാണെന്ന് ലത്തീഫ് ഒരു യൂട്യൂബ് വീഡിയോയിലൂടെ തുറന്നടിച്ചു.

ചതുര്‍രാഷ്‌ട്ര ടൂര്‍ണമെന്‍റ് കളിക്കുന്നതോടെ നാല് രാജ്യങ്ങളും മറ്റ് രാജ്യങ്ങളെ ഒറ്റപ്പെടുത്തുമെന്നും അത് ക്രിക്കറ്റിന് നല്ലതല്ലെന്നുമാണ് ലത്തീഫിന്‍റെ അഭിപ്രായം. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച 'ബിഗ് ത്രീ മോഡല്‍' പോലെ മണ്ടന്‍ ആശയമാണിത് എന്നും റഷീദ് ലത്തീഫ് വ്യക്തമാക്കി. ഐസിസിക്ക് കൂടുതല്‍ സാമ്പത്തിക നേട്ടമുണ്ടാക്കുന്ന ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ടീമുകള്‍ക്ക് കൂടുതല്‍ വിഹിതം നല്‍കുന്ന പദ്ധതിയാണ് 'ബിഗ് ത്രീ മോഡല്‍'. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇത് ഐസിസി നിര്‍ത്തലാക്കിയിരുന്നു.

ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും ഇന്ത്യയും മറ്റൊരു കരുത്തരും അണിനിരക്കുന്ന സൂപ്പര്‍ സീരിസ് 2021ലാണ് ആരംഭിക്കുക. ആദ്യ എഡിഷന് കൊല്‍ക്കത്തയാവും വേദിയാവുക എന്നായിരുന്നു സൗരവ് ഗാംഗുലി നേരത്തെ വ്യക്തമാക്കിയത്. എന്നാല്‍ ടൂര്‍ണമെന്‍റ്  തുടങ്ങുന്ന കാര്യം ഇംഗ്ലണ്ട് ആന്‍ഡ് വെയ്‌ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഈ മാസാദ്യം ബിസിസിഐ ഭാരവാഹികള്‍ ഇസിബി തലവന്‍മാരുമായി ലണ്ടനില്‍ ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഐസിസിയിലെ മറ്റംഗങ്ങളോടും ചര്‍ച്ച ചെയ്ത ശേഷമേ അന്തിമ തീരുമാനമെടുക്കൂ എന്നാണ് ഇസിബിയുടെ നിലപാട്. 

ക്രിക്കറ്റിലെ വമ്പന്‍മാരായ ഇന്ത്യ- ഇംഗ്ലണ്ട്- ഓസ്‌ട്രേലിയ ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്‍റിനാണ് സൗരവ് ഗാംഗുലി പദ്ധതിയിട്ടത്. നാലാമത് ഏത് രാജ്യമാണ് മത്സരിക്കുക എന്ന് ദാദ വ്യക്തമാക്കിയിരുന്നില്ല. ഗാംഗുലിയുടെ നിര്‍ദേശത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ക്രിക്കറ്റിന്‍റെ ക്വാളിറ്റി മെച്ചപ്പെടാന്‍ ടൂര്‍ണമെന്‍റ് സഹായിക്കും എന്നാണ് അനുകൂലിക്കുന്നവരുടെ വാദം. ആഗോള ക്രിക്കറ്റിന്‍റെ ആരോഗ്യത്തിന് ടൂര്‍ണമെന്‍റ് നല്ലതല്ല എന്നാണ് മറുവിഭാഗത്തിന്‍റെ വാദം. 

click me!