
ബെംഗളൂരു: ഇന്ത്യ എ ടീമിനെതിരെ രണ്ടാം ചതുര്‍ദിന ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക എയ്ക്ക് അഞ്ച് വിക്കറ്റ് ജയം. ബംഗളുരൂവില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 417 റണ്‍സ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക മറികടന്നു. ജോര്‍ദാന്‍ ഹെര്‍മാന്‍ (91), ലൊസേഗോ സെനോക്വാനെ (77), സുബൈര്‍ ഹംസ (77), തെംബ ബവൂമ (59), കോണര്‍ എസ്റ്റെര്‍ഹുയിസെന്‍ (പുറത്താവാതെ 52) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചത്. സ്‌കോര്‍: ഇന്ത്യ എ 255 & 382/7 ഡി, ദക്ഷിണാഫ്രിക്ക എ 221 & 417/5. ജയത്തോടെ രണ്ട് മത്സരങ്ങളുടെ പരമ്പര 1-1 സമനിലയില്‍ അവസാനിച്ചു.
വിക്കറ്റ് നഷ്ടമില്ലാതെ 25 റണ്‍സെന്ന നിലയില്‍ അവസാന ദിനം ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്ക ഒന്നാം വിക്കറ്റില്‍ തന്നെ 156 റണ്‍സ് ചേര്‍ത്തു. ഹെര്‍മാനെ പുറത്താക്കി മുഹമ്മദ് സിറാജാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. വൈകാതെ സെനോക്വാനെ ഹര്‍ഷ് ദുബെയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ഇതോടെ രണ്ടിന് 197 എന്ന നിലയിലായി ദക്ഷിണാഫ്രിക്ക. തുടര്‍ന്ന് ഹംസ - ബാവൂമ സഖ്യം 107 റണ്‍സ് കൂട്ടിചേര്‍ത്ത് ദക്ഷിണാഫ്രിക്കയ്ക്ക് മേല്‍ക്കൈ നല്‍കി. ഹംസയും പിന്നാലെ എത്തിയ മാര്‍ക്വെസ് ആക്കര്‍മാന്‍ (24), ബാവൂമ എന്നിവര്‍ 48 റണ്‍സിനിടെ മടങ്ങിയെങ്കിലും എസ്റ്റെര്‍ഹുയിസെന്‍ - ടിയാന്‍ വാന്‍ വുറന്‍ (20) സഖ്യം ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചു. പ്രസിദ്ധ് കൃഷ്ണ ഇന്ത്യക്ക് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി.
മൂന്നാം ദിനം 78-3 എന്ന സ്‌കോറില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യ എ ഒരുഘട്ടത്തില്‍ 116-5ലേക്ക് കൂപ്പുകുത്തി കൂട്ടത്തകര്‍ച്ച നേരിട്ടെങ്കിലും ആദ്യ ഇന്നിംഗ്‌സിന് പിന്നാലെ രണ്ടാം ഇന്നിംഗ്‌സിലും അപരാജിത സെഞ്ചുറി നേടിയ ധ്രുവ് ജുറെലിന്റെയും (127*) അര്‍ധസെഞ്ചുറികള്‍ നേടിയ ഹര്‍ഷ ദുബെയുടെയും(84) പരിക്കേറ്റ് മടങ്ങിയശേഷം തിരിച്ചെത്തി 54 പന്തില്‍ 65 റണ്‍സ് നേടിയ ക്യാപ്റ്റന്‍ റിഷഭ് പന്തിന്റെയും ബാറ്റിംഗ് കരുത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 382 റണ്‍സെടുത്ത് രണ്ടാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ആറാം വിക്കറ്റില്‍ ജുറെലും ഹര്‍ഷ് ദുബെയും ചേര്‍ന്ന് 184 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയാണ് ഇന്ത്യയെ മികച്ച ലീഡിലേക്ക് നയിച്ചത്.
17 റണ്‍സെടുത്തു നില്‍ക്കെ പന്തുകൊണ്ട് കൈത്തണ്ടക്ക് പരിക്കേറ്റ് ക്രീസ് വിട്ട റിഷഭ് പന്തും ജുറെലും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 82 റണ്‍സ് കൂട്ടുകെട്ടിലൂടെ ഇന്ത്യക്ക് കൂറ്റന്‍ ലീഡുറപ്പാക്കി. റിഷഭ് പന്ത് പുറത്തായതിന് പിന്നാലെ ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 170 പന്തില്‍ 15 ഫോറും ഒരു സിക്‌സും പറത്തിയ ജുറെല്‍ 127 റണ്‍സുമായി പുറത്താകാതെ നിന്നു. നേരത്തെ ആദ്യ ഇന്നിംഗ്‌സിലും ഇന്ത്യ ബാറ്റിംഗ് തകര്‍ച്ച നേരിട്ടപ്പോള്‍ 175 പന്തില്‍ 132 റണ്‍സുമായി പുറത്താകാതെ നിന്ന ജുറെലിന്റെ അപരാജിത സെഞ്ചുറിയാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്.