ക്ലാസന്‍ ക്ലാസ്,54 പന്തില്‍ സെഞ്ചുറി, മൂന്നാം ഏകദിനത്തില്‍ വിന്‍ഡീസിനെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക

By Web TeamFirst Published Mar 21, 2023, 8:28 PM IST
Highlights

261 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക തുടക്കത്തിലെ തകര്‍ന്നു. സ്കോര്‍ ബോര്‍ഡില്‍ 15 റണ്‍സെത്തിയപ്പോഴേക്കും ഓപ്പണര്‍ റിയാന്‍ റിക്കിള്‍ട്ടണ്‍(3) മടങ്ങി. ടീം സ്കോര്‍ 36ല്‍ നില്‍ക്കെ റാസി വാന്‍ഡര്‍ ദസ്സനും(21) ഡ്രസ്സിംഗ് റൂമില്‍ തിരിച്ചെത്തി.

പൊച്ചെഫെസ്ട്രൂം: തോല്‍വിമുഖത്തു നിന്ന് ഹെന്‍റിച്ച് ക്ലാസന്‍ നടത്തിയ പോരാട്ടം ദക്ഷിണാഫ്രിക്കക്ക് സമ്മാനിച്ചത് അവിശ്വസനീയ വിജയം.അഞ്ചാമനായി ഇറങ്ങി 54 പന്തില്‍ സെഞ്ചുറി നേടിയ ക്ലാസന്‍റെ ക്ലാസ് ഇന്നിംഗ്സിന്‍റെ കരുത്തില്‍ വിന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ നാല് വിക്കറ്റ് വിജയവുമായി ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര സമനിലയാക്കി(1-1). ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഉയര്‍ത്തിയ 261 റണ്‍സിന്‍‍റെ വിജയലക്ഷ്യം ക്ലാസന്‍റെ വെടിക്കെട്ട് ബാറ്റിംഗിന്‍റെ കരുത്തില്‍ 29.3 ഓവറിലാണ് ദക്ഷിണാഫ്രിക്ക മറികടന്നത്.

പത്തൊമ്പതാം ഓവറില്‍ 142-5 എന്ന സ്കോറില്‍ തോല്‍വി മുന്നില്‍ക്കണ്ടശേഷമായിരുന്നു ക്ലാസന്‍റെ ക്ലാസിക് ഇന്നിംഗ്സ്.61 പന്തില്‍ ക്ലാസന്‍ 119 റണ്‍സുമായി പുറത്താകാതെ നിന്നു. 15 ബൗണ്ടറിയും അഞ്ച് സിക്സും അടങ്ങുന്നതാണ് ക്ലാസന്‍റെ ഇന്നിംഗ്സ്. നാലു റണ്ണുമായി വെയ്ന്‍ പാര്‍നലും വിജയത്തില്‍ ക്ലാസന് കൂട്ടായി. സ്കോര്‍ വെസ്റ്റ് ഇന്‍ഡീസ് 48.2 ഓവറില്‍ 260ന് ഓള്‍ ഔട്ട്, ദക്ഷിണാഫ്രിക്ക 29.3 ഓവറില്‍ 264-6. മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. രണ്ടാം മത്സരത്തില്‍ വിന്‍ഡീസ് ജയിച്ചു.

ഏഴാമന്‍ നിഡമനൂരുവിന് സെഞ്ചുറി; സിംബാബ്‌വെയെ തകര്‍ത്ത് നെതര്‍ലന്‍ഡ്‌സ് വാലറ്റം

261 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക തുടക്കത്തിലെ തകര്‍ന്നു. സ്കോര്‍ ബോര്‍ഡില്‍ 15 റണ്‍സെത്തിയപ്പോഴേക്കും ഓപ്പണര്‍ റിയാന്‍ റിക്കിള്‍ട്ടണ്‍(3) മടങ്ങി. ടീം സ്കോര്‍ 36ല്‍ നില്‍ക്കെ റാസി വാന്‍ഡര്‍ ദസ്സനും(21) ഡ്രസ്സിംഗ് റൂമില്‍ തിരിച്ചെത്തി. ക്യാപ്റ്റന്‍ ഏയ്ഡന്‍ മാര്‍ക്രവും ക്ലാസനും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തെങ്കിലും അത് പൂര്‍ത്തിയാക്കാതെ മാര്‍ക്രം(25) മടങ്ങുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ സ്കോര്‍ ബോര്‍ഡില്‍ 73 റണ്‍സെ ഉണ്ടായിരുന്നുളളു.പിന്നാലെ ഓപ്പണര്‍ ടോണി ഡി സോര്‍സിയും(21) വീണപ്പോള്‍ ദക്ഷിണാഫ്രിക്ക 100 കടന്നിരുന്നില്ല.  17 പന്തില്‍ 17 റണ്‍സെടുത്ത ഡേവിഡ് മില്ലര്‍ പ്രതീക്ഷ നല്‍കിയെങ്കിലും 150 കടക്കും ‍ മുമ്പ് മടങ്ങി. പിന്നീട് മാര്‍ക്കോ ജാന്‍സനൊപ്പം സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയാണ് ക്ലാസന്‍ ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. വിജയത്തിന് അടുത്ത് ജാന്‍സണ്‍(43) വീണെങ്കിലും ക്ലാസന്‍ ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചു. വിന്‍ഡീസിനായി അല്‍സാരി ജോസഫ് മൂന്നും അക്കീല്‍ ഹൊസൈന്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നഷ്‌‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത വിന്‍ഡീസ് 48.2 ഓവറില്‍ 260 റണ്‍സില്‍ എല്ലാവരും പുറത്തായിരുന്നു. 72 പന്തില്‍ 72 റണ്‍സ് നേടിയ ഓപ്പണര്‍ ബ്രാണ്ടന്‍ കിംഗായിരുന്നു വിന്‍ഡീസിന്‍റെ ടോപ് സ്കോറര്‍. ഓപ്പണര്‍ കെയ്‌ല്‍ മയേര്‍സ് 22 പന്തില്‍ 14 റണ്ണുമായി ഏഴാം ഓവറില്‍ മടങ്ങുമ്പോള്‍ 39 റണ്‍സേ വിന്‍ഡ‍ീസിനുണ്ടായിരുന്നുള്ളൂ. ഇതിന് ശേഷം ഷമ്രാന്‍ ബ്രൂക്ക്‌സ്(24 പന്തില്‍ 18), ക്യാപ്റ്റനും കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറിക്കാരനുമായ ഷായ് ഹോപ്(27 പന്തില്‍ 16) എന്നിവര്‍ അതിവേഗം പുറത്തായി. റോവ്‌മാന്‍ പവലിന്‍റെ ഇന്നിംഗ്‌സ് മൂന്ന് പന്തേ നീണ്ടുള്ളൂ. രണ്ട് റണ്‍സാണ് താരം നേടിയത്. വിന്‍ഡീസിന്‍റെ ആദ്യ 100ല്‍ കൂടുതല്‍ റണ്‍സും ബ്രണ്ടന്‍ കിംഗ് 72 പന്തില്‍ നേടിയ 72 റണ്‍സില്‍ നിന്നായിരുന്നു.

ഇതിന് ശേഷം നിക്കോളസ് പുരാനും ജേസന്‍ ഹോള്‍ഡറും മാത്രമാണ് അല്‍പമെങ്കിലും പൊരുതി നോക്കിയത്. നിക്കോളാസ് 41 പന്തില്‍ 39 ഉം ഹോള്‍ഡര്‍ 43 പന്തില്‍ 36 ഉം റണ്‍സ് അടിച്ചെടുത്തു. യാന്നിക് കാരിക് 15 പന്തില്‍ ആറ് റണ്‍സില്‍ വീണു. അക്കീല്‍ ഹൊസീന്‍ 23 പന്തില്‍ 14 ഉം ഒഡീന്‍ സ്‌മിത്ത് 171 പന്തില്‍ 17 ഉം റണ്‍സുമായി പുറത്തായതോടെ വിന്‍ഡീസ് പോരാട്ടം അവസാനിച്ചു.നേരത്തെ ആദ്യ ഏകദിനം മഴമൂലം ടോസ് പോലുമിടാതെ ഉപേക്ഷിച്ചപ്പോള്‍ രണ്ടാം മത്സരം വിന്‍ഡീസ് ഷായ് ഹോപ്പിന്‍റെ 128 റണ്‍സ് കരുത്തില്‍ 48 റണ്ണിന് വിജയിച്ചിരുന്നു.

click me!