തകര്‍ത്തടിച്ച് ഡി കോക്കും റോസോയും, മോശം തുടക്കത്തിനുശേഷം ദക്ഷിണാഫ്രിക്ക മികച്ച സ്കോറിലേക്ക്

By Gopala krishnanFirst Published Oct 4, 2022, 7:48 PM IST
Highlights

ഇന്‍ഡോറിലെ ബാറ്റിംഗ് പറുദീസയില്‍ പവര്‍ പ്ലേയില്‍ ദക്ഷിണാഫ്രിക്കക്ക് ആശിച്ച തുടക്കം ലഭിച്ചില്ല. ക്യാപ്റ്റന്‍ ബാവുമ ഫോമിലാവാതെ തപ്പിത്തടഞ്ഞപ്പോള്‍ ദക്ഷിണാഫ്രിക്കക്ക് പവര്‍പ്ലേയിലെ ആദ്യ നാലോവറില്‍ 30 റണ്‍സ് മാത്രമെ നേടാനായുള്ളു. തകര്‍ത്തടിച്ച ഡി കോക്കാണ് ദക്ഷിണാഫ്രിക്കക്കായി സ്കോറിംഗ് ഏറ്റെടുത്തത്. അഞ്ചാം ഓവറില്‍ ഉമേഷിന്‍റെ ഓവറില്‍ ബാവുമ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ റിലീ റോസോ ആണ് ദക്ഷിണാഫ്രിക്കക്ക് അല്‍പമെങ്കിലും ആശ്വാസം നല്‍കിയത്.

ഇന്‍ഡോര്‍: ഇന്ത്യക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ടോസ് നഷ്ടായി ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് മോശം തുടക്കത്തിനുശേഷം മികച്ച സ്കോറിലേക്ക് നീങ്ങുന്നു. പവര്‍ പ്ലേയില്‍ ക്യാപ്റ്റന്‍ ടെംബാ ബാവുമയുടെ വിക്കറ്റ് നഷ്ടത്തില്‍ 48 റണ്‍സ് മാത്രമെടുത്ത ദക്ഷിണാഫ്രിക്ക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 10 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സെടുത്തിട്ടുണ്ട്. 35 പന്തില്‍ 54 റണ്‍സുമായി ക്വിന്‍റണ്‍ ഡി കോക്കും 17 പന്തില്‍ 35 റണ്‍സുമായി റിലീ റോസോയും ക്രീസില്‍. ബാവുമ എട്ട് പന്തില്‍ മൂന്ന് റണ്‍സെടുത്ത് പുറത്തായി. ഉമേഷ് യാദവിനാണ് വിക്കറ്റ്.

തുടക്കം പവറില്ലാതെ

ഇന്‍ഡോറിലെ ബാറ്റിംഗ് പറുദീസയില്‍ പവര്‍ പ്ലേയില്‍ ദക്ഷിണാഫ്രിക്കക്ക് ആശിച്ച തുടക്കം ലഭിച്ചില്ല. ക്യാപ്റ്റന്‍ ബാവുമ ഫോമിലാവാതെ തപ്പിത്തടഞ്ഞപ്പോള്‍ ദക്ഷിണാഫ്രിക്കക്ക് പവര്‍പ്ലേയിലെ ആദ്യ നാലോവറില്‍ 30 റണ്‍സ് മാത്രമെ നേടാനായുള്ളു. തകര്‍ത്തടിച്ച ഡി കോക്കാണ് ദക്ഷിണാഫ്രിക്കക്കായി സ്കോറിംഗ് ഏറ്റെടുത്തത്. അഞ്ചാം ഓവറില്‍ ഉമേഷിന്‍റെ ഓവറില്‍ ബാവുമ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ റിലീ റോസോ ആണ് ദക്ഷിണാഫ്രിക്കക്ക് അല്‍പമെങ്കിലും ആശ്വാസം നല്‍കിയത്.

അശ്വിന്‍ എറിഞ്ഞ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ 10 റണ്‍സടിച്ച് ഇരുവരും ദക്ഷിണാഫ്രിക്കയെ 48 റണ്‍സിലെത്തിച്ചു. ഏഴാം ഓവറില്‍ സിറാജിനെ സിക്സും ഫോറും അടിച്ച് 13 റണ്‍സടിച്ച ദക്ഷിണാഫ്രിക്ക ടോപ് ഗിയറയിലായെന്ന് കരുതിയെങ്കിലും ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ എട്ടാം ഓവറില്‍ ഏഴ് റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. എന്നാല്‍ അശ്വിന്‍ എറിഞ്ഞ ഒമ്പതാം ഓവറില്‍ രണ്ട് സിക്സ് അടക്കം15 റണ്‍സടിച്ച് ദക്ഷിണാഫ്രിക്ക തിരിച്ചുവന്നു. അശ്വിന്‍റെ പന്തില്‍ ഡികോക്ക് നല്‍കിയ ക്യാച്ച് സിറാജിന്‍റെ കൈയില്‍ തട്ടി സിക്സായി. പത്താം ഓവറില്‍ ഉമേഷ് യാദവിനെതിരെ 13 റണ്‍സ് കൂടിയടിച്ച് ദക്ഷിണാഫ്രിക്ക 96ല്‍ എത്തി.

നേരത്തെ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മൂന്ന് മാറ്റങ്ങുമായാണ് ഇന്ത്യ ഇറങ്ങുന്നത്. വിശ്രമം അനുവദിച്ച വിരാട് കോലിയും കെ എല്‍ രാഹുലും നേരിയ പരിക്കുള്ള അര്‍ഷ്ദീപ് സിംഗും പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായപ്പോള്‍ ശ്രേയസ് അയ്യരും മുഹമ്മദ് സിറാജും ഉമേഷ് യാദവും പ്ലേയിംഗ് ഇലവനിലെത്തി. ദക്ഷിണാഫ്രിക്കന്‍ ടീമിലും ഒരു മാറ്റമുണ്ട്. പേസര്‍ ആന്‍റിച്ച് നോര്‍ക്യക്ക് പകരം ഡ്വയിന്‍ പ്രിട്ടോറിയസ് ദക്ഷിണാഫ്രിക്കയുടെ അന്തിമ ഇലവനിലെത്തി. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച  ഇന്ത്യ 2-0ന് പരമ്പര സ്വന്തമാക്കിയിരുന്നു.

click me!