ഐപിഎല്ലില്‍ എല്ലാവരും പണത്തിന് പിന്നാലെയെന്ന് സ്റ്റെയ്ന്‍

By Web TeamFirst Published Mar 2, 2021, 11:14 PM IST
Highlights

കഴിഞ്ഞ സീസണില്‍ വിരാട് കോലി നായകനായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീം അംഗമായിരുന്ന സ്റ്റെയ്ന് കാര്യമായ മത്സരങ്ങളില്‍ അവസരം ലഭിച്ചിരുന്നില്ല. ലഭിച്ച അവസരങ്ങളില്‍ സ്റ്റെയ്ന്‍ നിരാശപ്പെടുത്തുകയും ചെയ്തു.

കറാച്ചി: ഐപിഎല്ലില്‍ കളിക്കുന്നതിനെക്കാള്‍ ഒരു കളിക്കാരന്‍ എന്ന നിലയില്‍ ഗുണകരമാകുന്നത് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗും ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗും പോലെയുള്ള ചെറുകിട ടി20 ലീഗുകളില്‍ കളിക്കുന്നതാണെന്ന് ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ക്വറ്റ ഗ്ലാഡിയേറ്റേഴ്സിന്‍റെ താരമായ സ്റ്റെയ്ന്‍ ഇത്തവണ ഐപിഎല്ലില്‍ കളിക്കാനില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ സീസണില്‍ വിരാട് കോലി നായകനായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീം അംഗമായിരുന്ന സ്റ്റെയ്ന് കാര്യമായ മത്സരങ്ങളില്‍ അവസരം ലഭിച്ചിരുന്നില്ല. ലഭിച്ച അവസരങ്ങളില്‍ സ്റ്റെയ്ന്‍ നിരാശപ്പെടുത്തുകയും ചെയ്തു. ഐപിഎല്‍ പോലെ പണക്കൊഴുപ്പുള്ള ലീഗുകളില്‍ ക്രിക്കറ്റിനേക്കാള്‍ പ്രാധാന്യം പണത്തിനാണെന്നും ഐപിഎല്‍ ഒഴിവാക്കിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി സ്റ്റെയ്ന്‍ പറഞ്ഞു.

When you go to IPL,there are such big squads,so many big names and so much emphasis on maybe the amount of money players earn and everything like that,so sometimes,cricket gets forgotten.When you come to like a PSL or LPL there is an importance on the cricket.Dale Steyn pic.twitter.com/xadKxcKnyv

— Saleem Khaliq (@saleemkhaliq)

ഐപിഎല്ലില്‍ നിന്ന് ചെറിയൊരു ഇടവേളയെടുക്കാന്‍ തീരുമാനിച്ചിരുന്നു. അത് മാത്രമല്ല, ഐപിഎല്ലിനേക്കാള്‍ കളിക്കാരനെന്ന നിലയില്‍ ഇത്തരം ചെറുകിട ലീഗുകളാണ് എനിക്ക് ഗുണകരം. കാരണം ഐപിഎല്ലില്‍ കളിക്കുമ്പോള്‍ വമ്പന്‍ താരനിരയും വമ്പന്‍ സ്ക്വാഡും എല്ലാം ഉണ്ടാകും.  അതുകൊണ്ടുതന്നെ ക്രിക്കറ്റിനെക്കാള്‍ കളിക്കാര്‍ നേടുന്ന പ്രതിഫലത്തിനാണ് അവിടെ പ്രാധാന്യം.

എല്ലാക്കാര്യത്തിലും ആ വ്യത്യാസം പ്രകടമാണ്. അങ്ങനെയാകുമ്പോള്‍ പലപ്പോഴും ക്രിക്കറ്റിനെ മറന്നുപോവുന്നത് സാധാരണമാണ്. എന്നാല്‍ ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗിലോ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ലീഗിലോ അത്ര പണക്കൊഴുപ്പില്ലാത്തതിനാല്‍ അവിടെ ക്രിക്കറ്റിനാണ് പ്രഥമ പരിഗണന. ഞാന്‍ പാക്കിസ്ഥാനില്‍ കളിക്കാനെത്തിയിട്ട് കുറച്ചു ദിവസങ്ങളെ ആയുള്ളു. പക്ഷെ എന്നെ അന്വേഷിച്ച് നിരവധി ആരാധകരാണ് റൂമിന് പുറത്ത് കാത്തു നില്‍ക്കുന്നത്.

എന്നാല്‍ ഐപിഎല്ലില്‍ കളിക്കുമ്പോള്‍ അവിടെ ഗ്രൗണ്ടില്‍ നടത്തിയ പ്രകടനത്തിന്‍റെ പേരിലല്ല പലപ്പോഴും നമ്മള്‍ ഓര്‍മിപ്പിക്കപ്പെടുന്നത്. നേടുന്ന പ്രതിഫലത്തിന്‍റെ പേരിലാണ്. അതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ടുതന്നെ അതില്‍ നിന്ന് കുറച്ചുകാലം അകന്നു നില്‍ക്കാന്‍ വേണ്ടിയാണ് ഇത്തവണ ഐപിഎല്‍ ഉപേക്ഷിച്ചതെന്നും സ്റ്റെയ്ന്‍ പറഞ്ഞു.

click me!