ഫാഫ് ഡൂപ്ലെസി ദക്ഷിണാഫ്രിക്കന്‍ ഏകദിന, ടി20 ടീമില്‍ തിരിച്ചെത്തിയേക്കും

By Web TeamFirst Published Jan 23, 2023, 2:53 PM IST
Highlights

2021ല്‍ പാക്കിസ്ഥാനെതിരെ ടെസ്റ്റ് കളിച്ചശേഷം ഡൂപ്ലെസി ദക്ഷിണാഫ്രിക്കക്കായി ടെസ്റ്റിലും ലിമിറ്റഡ് ഓവര്‍ ക്രിക്കറ്ളിലും കളിച്ചിട്ടില്ല. എന്നാല്‍ ടി20 ക്രിക്കറ്റില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി കളിക്കുന്ന ഡൂപ്ലെസിസ് ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായും തിളങ്ങിയിരുന്നു.

ജൊഹാനസ്ബര്‍ഗ്: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മുന്‍ നായകന്‍ ഫാഫ് ഡൂപ്ലെസി ദക്ഷിണാഫ്രിക്കയുടെ ഏകദിന, ടി20 ടീമുകളില്‍ തിരിച്ചെത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കയുടെ ഏകദിന, ടി20 ടീമുകളുടെ പുതിയ പരിശീലകനായ റോബ് വാള്‍ട്ടറാണ് ഡൂപ്ലെസിയെ വീണ്ടും ഏകദിന, ടി20, ടീമുകളിലേക്ക് പരിഗണിക്കുമെന്ന് വ്യക്തമാക്കിയത്. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് നേരിടുന്ന സമീപകാല പ്രതിസന്ധി മറികടക്കാന്‍ ഡൂപ്ലെസിയെപ്പോലെയുള്ള താരങ്ങള്‍ വേണമെന്നായിരുന്നു വാള്‍ട്ടറുടെ പ്രതികരണം.

2021ല്‍ പാക്കിസ്ഥാനെതിരെ ടെസ്റ്റ് കളിച്ചശേഷം ഡൂപ്ലെസി ദക്ഷിണാഫ്രിക്കക്കായി ടെസ്റ്റിലും ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലും കളിച്ചിട്ടില്ല. എന്നാല്‍ ടി20 ക്രിക്കറ്റില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി കളിക്കുന്ന ഡൂപ്ലെസിസ് ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായും തിളങ്ങിയിരുന്നു. ടെസ്റ്റില്‍ നിന്ന് വിരമിച്ചെങ്കിലും  ഏകദിനത്തിലും ടി20 ക്രിക്കറ്റിലും തിളങ്ങുന്ന ഡൂപ്ലെസിയെ ടീമിലെടുക്കുന്ന കാര്യത്തില്‍ തനിക്ക് തുറന്ന മനസാണെന്നും വാള്‍ട്ടര്‍ പറഞ്ഞു.

ടെസ്റ്റില്‍ നിന്ന് വിരമിച്ചെങ്കിലും വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇപ്പോഴും അസാമാന്യ കളിക്കാരനാണ് ഡൂപ്ലെസിയെന്ന് വാള്‍ട്ടര്‍ പറഞ്ഞു. തിരിച്ചുവരവിനെക്കുറിച്ച് അദ്ദേഹത്തോട് സംസാരിച്ചിട്ടില്ലെന്നും എന്നാല്‍ അതിനുള്ള സാധ്യതകള്‍ തള്ളിക്കളയുന്നില്ലെന്നും തിരിച്ചുവരവിനായി അദ്ദേഹത്തിനായി വാതിലുകള്‍ തുറന്നിടുന്നുവെന്നും വാള്‍ട്ടര്‍ പറഞ്ഞു.

ബൗളിംഗ് നിരയില്‍ അഴിച്ചുപണി, പകരക്കാര്‍ ആരൊക്കെ; കിവീസിനെതിരായ മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം

എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡുമായി നിലവില്‍ കരാറില്ലാത്ത ഡൂപ്ലെസിയെ ടീമിലെടുക്കുന്നത് അത്ര എളുപ്പമല്ലെന്നാണ് സൂചന. കരാറില്ലാത്ത താരങ്ങളെ ടീമിലെടുക്കണമെങ്കില്‍ അവര്‍ ദക്ഷിണാഫ്രിക്കന്‍ പ്രഫഷണല്‍ ടീമുകള്‍ക്കായി കളിച്ചിരിക്കണമെന്ന നിബന്ധനയുണ്ട്. ഇത് ഡൂപ്ലെസിക്ക് മുന്നില്‍ വിലങ്ങുതടിയായേക്കുമെന്നാണ് കരുതുന്നത്.

കോച്ച് മാര്‍ക്ക് ബൗച്ചറുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് 2021 ഫെബ്രുവരിയില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച 37കാരനായ ഡൂപ്ലെസി ഏകദിന, ടി20 ക്രിക്കറ്റുകളില്‍ നിന്ന് ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല. അടുത്ത് നടക്കാന്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കുള്ള ടീമിലേക്കും ഡൂപ്ലെസിയെ പരിഗണിച്ചിട്ടില്ല. ടെംബാ ബാവുമയെ തന്നെയാണ് നായകനായി നിലനിര്‍ത്തിയിരിക്കുന്നത്.

click me!