വനിതാ ടി20 ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍; ഇന്ത്യയുടെ റെക്കോര്‍ഡ് തകര്‍ത്ത് ദക്ഷിണാഫ്രിക്ക

By Web TeamFirst Published Feb 28, 2020, 3:45 PM IST
Highlights

2018 ടി20 ലോകകപ്പില്‍ അഞ്ച് വിക്കറ്റിന് 194 റണ്‍സ് നേടിയിരുന്നു ഇന്ത്യ. സെഞ്ചുറി നേടിയ ഹര്‍മന്‍പ്രീത് കൗറിന്‍റെ മികവിലാണ് അന്ന് ഇന്ത്യ റെക്കോര്‍ഡ് പടുത്തുയര്‍ത്തിയത്

കാന്‍ബറ: വനിതാ ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയും തായ്‌ലന്‍ഡും തമ്മിലുള്ള മത്സരം സാക്ഷിയായത് അപൂര്‍വ റെക്കോര്‍ഡിന്. ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് പ്രോട്ടീസ് വനിതകള്‍ പടുത്തുയര്‍ത്തിയത്. കാന്‍ബറയില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 195 റണ്‍സെടുത്തു.

ടീം ഇന്ത്യയുടെ റെക്കോര്‍ഡാണ് ദക്ഷിണാഫ്രിക്കന്‍ വെടിക്കെട്ടിന് മുന്നില്‍ തകര്‍ത്തത്. 2018 ടി20 ലോകകപ്പില്‍ അഞ്ച് വിക്കറ്റിന് 194 റണ്‍സ് നേടിയിരുന്നു ഇന്ത്യ. സെഞ്ചുറി നേടിയ ഹര്‍മന്‍പ്രീത് കൗറിന്‍റെ മികവിലാണ് അന്ന് ഇന്ത്യ റെക്കോര്‍ഡ് പടുത്തുയര്‍ത്തിയത്. കൗര്‍ 51 പന്തില്‍ ഏഴ് ബൗണ്ടറിയും എട്ട് സിക്‌സും സഹിതം 103 റണ്‍സെടുത്തപ്പോള്‍ ജെമീമ റോഡ്രിഡ് 54 പന്തില്‍ 59 റണ്‍സും നേടി. മത്സരം ഇന്ത്യ 34 റണ്‍സിന് വിജയിച്ചിരുന്നു.

ഓപ്പണര്‍ ലിസല്‍ ലീയുടെ സെഞ്ചുറിക്കരുത്തിലാണ് തായ്‌ലന്‍ഡിനെതിരെ ദക്ഷിണാഫ്രിക്ക റെക്കോര്‍ഡ് സ്‌കോറിലെത്തിയത്. ലീ 60 പന്തില്‍ 16 ഫോറും മൂന്ന് സിക്‌സും സഹിതം 101 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ഡെയ്‌ന്‍ വാന്‍ നീകേര്‍ക് രണ്ട് റണ്‍സിനും ട്രയോണ്‍ 24ലും പുറത്തായി. സുനി ലൂയിസ് 41 പന്തില്‍ 61 റണ്‍സുമായും മൂന്ന് റണ്‍സെടുത്ത് മിഗ്‌നോനും പുറത്താകാതെ നിന്നു. 

മറുപടി ബാറ്റിംഗില്‍ തായ്‌ലന്‍ഡ് വനിതകള്‍ 19.1 ഓവറില്‍ 82 റണ്‍സില്‍ പുറത്തായി. 113 റണ്‍സിന്‍റെ കൂറ്റന്‍ ജയമാണ് ദക്ഷിണാഫ്രിക്ക നേടിയത്. തായ്‌ലന്‍ഡ് താരങ്ങളില്‍ രണ്ട് താരങ്ങള്‍ക്ക് മാത്രമാണ് രണ്ടക്കം കാണാനായത്. ഇതാദ്യമായാണ് തായ്‌ലന്‍ഡ് ടീം ലോകകപ്പ് കളിക്കുന്നത്. ശബ്നിം ഇസ്‌മായിലും സുനി ലൂയിസ് രണ്ടുവിക്കറ്റ് വീതം വീഴ്‌ത്തി. 

click me!