
സെഞ്ചൂറിയന്‍: വിരാട് കോലിക്ക് (Virat Kohli) കീഴില്‍ ടീം ഇന്ത്യ (Team India) മറ്റൊരു ചരിത്രം കൂടി കുറിച്ചിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയിലെ സെഞ്ചൂറിയനിലും (SuperSport Park Centurion) ടീം ഇന്ത്യ ടെസ്റ്റ് മത്സരം ജയിച്ചിരിക്കുന്നു. അതും സെഞ്ചൂറിയനില്‍ ടെസ്റ്റ് വിജയിക്കുന്ന ആദ്യ ഏഷ്യന്‍ ടീം എന്ന റെക്കോര്‍ഡോടെ. ഇതോടെ ടീം ഇന്ത്യക്ക് ഹൃദയസ്‌പര്‍ശിയായ പ്രശംസ നല്‍കിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ പേസ് ഇതിഹാസം ഡെയ്‌ല്‍ സ്റ്റെയ്‌ന്‍ (Dale Steyn).
'ഇന്ത്യ നന്നായി കളിച്ചു. കഴിഞ്ഞ കുറച്ച് ദക്ഷിണാഫ്രിക്കന്‍ പര്യടനങ്ങളില്‍ ടീം ഇന്ത്യ പ്രകടനം മെച്ചപ്പെടുത്തിയിരുന്നു. എവേ മത്സരങ്ങളില്‍ ജയിക്കുന്നതാണ് ഒരു ടീമിനെ ലോകോത്തരമാക്കുന്നത്. അതാണ് ടീം ഇന്ത്യ ഇപ്പോള്‍ കാട്ടുന്നത്. അഭിനന്ദനങ്ങള്‍' എന്നാണ് ഡെയ്‌ല്‍ സ്റ്റെയ്‌ന്‍റെ ട്വീറ്റ്.
ചരിത്രം കുറിക്കുമോ കോലിപ്പട?
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ സെഞ്ചൂറിയനിലെ ആദ്യ ടെസ്റ്റില്‍ 113 റണ്‍സിന് വിജയിച്ച് വിരാട് കോലിയും സംഘവും പരമ്പരയില്‍ 1-0ന് മുന്നിലെത്തുകയായിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഏഷ്യന്‍ ടീം സെഞ്ചൂറിയനില്‍ ടെസ്റ്റ് വിജയിക്കുന്നത്. ഇതിന് മുമ്പുള്ള 27ല്‍ 21 മത്സരങ്ങളും സെഞ്ചൂറിയനില്‍ വിജയിച്ച റെക്കോര്‍ഡ് പ്രോട്ടീസിനുണ്ടായിരുന്നു. ആദ്യ ടെസ്റ്റ് ജയിച്ചതോടെ ഇനിയുള്ള രണ്ട് മത്സരങ്ങളും പിടിച്ചടുക്കി ദക്ഷിണാഫ്രിക്കയില്‍ കന്നി ടെസ്റ്റ് പരമ്പര സ്വന്തമാക്കുകയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം.
1992/93 സീസണ്‍ മുതലിങ്ങോട്ട് ടീം ഇന്ത്യ ഏഴ് ദക്ഷിണാഫ്രിക്കന്‍ പര്യടനം നടത്തിയപ്പോള്‍ ആറ് പരമ്പര ജയങ്ങള്‍ പ്രോട്ടീസിനൊപ്പം നിന്നു. 2010/11 സീസണില്‍ എം എസ് ധോണിക്ക് കീഴില്‍ ടെസ്റ്റ് പരമ്പര സമനിലയിലാക്കിയതാണ് ഇന്ത്യയുടെ ഇതുവരെയുള്ള മികച്ച പ്രകടനവും ഏക ആശ്വാസവും. മൂന്ന് വര്‍ഷം മുമ്പ് വിരാട് കോലിയുടെ നേതൃത്വത്തില്‍ ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയിലെത്തിയപ്പോള്‍ ടെസ്റ്റ് പരമ്പരയില്‍ 1-2ന്‍റെ തോല്‍വി നേരിട്ടിരുന്നു.
രണ്ടാം ഇന്നിംഗ്‌സില്‍ 305 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്ക 191 റണ്‍സില്‍ പുറത്തായി. സ്‌കോര്‍: ഇന്ത്യ- 327 & 174, ദക്ഷിണാഫ്രിക്ക-197 &191. ബുമ്രയും ഷമിയും മൂന്ന് വീതവും സിറാജും അശ്വിനും രണ്ട് വീതവും വിക്കറ്റും വീഴ്‌ത്തിയാണ് സെഞ്ചൂറിയനില്‍ രണ്ടാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്കയെ ചാരമാക്കിയത്. ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറി നേടിയ കെ എല്‍ രാഹുലാണ്(123 റണ്‍സ്) കളിയിലെ താരം.