ലോകത്തെ ഏത് പിച്ചിലും ടെസ്റ്റില്‍ 20 വിക്കറ്റും വീഴ്‌ത്താല്‍ കെല്‍പുള്ള ഗംഭീര ബൗളിംഗ് നിരയാണ് ഇന്ത്യയുടേതെന്ന് മാസ്റ്റര്‍ ബ്ലാസ്റ്ററുടെ പ്രശംസ

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയിലെ സെ‌ഞ്ചൂറിയനില്‍ (SuperSport Park Centurion) ടെസ്റ്റ് ജയിക്കുന്ന ആദ്യ ഏഷ്യന്‍ ടീം എന്ന നേട്ടത്തിലെത്തിയിരിക്കുകയാണ് വിരാട് കോലിയും (Virat Kohli) സംഘവും. ദക്ഷിണാഫ്രിക്കയില്‍ കന്നി ടെസ്റ്റ് പരമ്പര ജയിക്കുക എന്ന വമ്പന്‍ ലക്ഷ്യമാണ് ഇനി ഇന്ത്യന്‍ ടീമിന് (Team India) മുന്നിലുള്ളത്. ഇതിന് കോലിപ്പടയ്‌ക്ക് കഴിയും എന്ന് സൂചിപ്പിക്കുന്നതാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ (Sachin Tendulkar) നിരീക്ഷണം. 

'ലോകത്തെവിടെയും ടെസ്റ്റില്‍ 20 വിക്കറ്റും വീഴ്‌ത്താല്‍ കെല്‍പുള്ള ഗംഭീര ബൗളിംഗ് നിരയാണ് ഇന്ത്യയുടേത്. ബോധ്യപ്പെടുത്തുന്ന വിജയത്തില്‍ ടീം ഇന്ത്യക്ക് അഭിനന്ദനങ്ങള്‍' എന്നായിരുന്നു സെഞ്ചൂറിയനിലെ ചരിത്ര ജയത്തിന് പിന്നാലെ സച്ചിന്‍റെ ട്വീറ്റ്. ഇന്ത്യയുടേത് മഹത്തായ വിജയമാണ്, മത്സര ഫലത്തില്‍ അത്ഭുതമില്ല എന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയും കുറിച്ചു. 

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ സെഞ്ചൂറിയനിലെ ആദ്യ ടെസ്റ്റില്‍ 113 റണ്‍സിന് വിജയിച്ച് വിരാട് കോലിയും സംഘവും പരമ്പരയില്‍ 1-0ന് മുന്നിലെത്തിയിട്ടുണ്ട്. രണ്ടാം ഇന്നിംഗ്‌സില്‍ 305 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്ക 191 റണ്‍സില്‍ പുറത്തായി. സ്‌കോര്‍: ഇന്ത്യ- 327 & 174, ദക്ഷിണാഫ്രിക്ക-197 &191. ബുമ്രയും ഷമിയും മൂന്ന് വീതവും സിറാജും അശ്വിനും രണ്ട് വീതവും വിക്കറ്റും വീഴ്‌ത്തിയാണ് സെഞ്ചൂറിയനില്‍ രണ്ടാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്കയെ ചാരമാക്കിയത്. ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറി നേടിയ കെ എല്‍ രാഹുലാണ്(123 റണ്‍സ്) കളിയിലെ താരം. 

Scroll to load tweet…

ദക്ഷിണാഫ്രിക്കയില്‍ കന്നി ടെസ്റ്റ് പരമ്പര ജയിക്കാനാണ് വിരാട് കോലിക്ക് കീഴില്‍ ടീം ഇന്ത്യ എത്തിയിരിക്കുന്നത്. 1992/93 സീസണ്‍ മുതലിങ്ങോട്ട് ഏഴ് തവണ പര്യടനം നടത്തിയപ്പോള്‍ ആറ് പരമ്പര ജയങ്ങള്‍ പ്രോട്ടീസിനൊപ്പം നിന്നു. 2010/11 സീസണില്‍ എം എസ് ധോണിക്ക് കീഴില്‍ ടെസ്റ്റ് പരമ്പര സമനിലയിലാക്കിയതാണ് ഇന്ത്യയുടെ ഇതുവരെയുള്ള മികച്ച പ്രകടനം. മൂന്ന് വര്‍ഷം മുമ്പ് വിരാട് കോലിയുടെ നേതൃത്വത്തില്‍ ടീം ഇന്ത്യ പര്യടനം നടത്തിയപ്പോള്‍ 1-2ന്‍റെ തോല്‍വി നേരിട്ടിരുന്നു. 

SA vs IND : ഞാന്‍ കണ്ട ഏറ്റവും മികച്ച ഇന്ത്യന്‍ പേസര്‍; ജസ്‌പ്രീത് ബുമ്രയെ വാഴ്‌ത്തിപ്പാടി ജവഗല്‍ ശ്രീനാഥ്