SA vs IND : വിയോജിപ്പ് സ്റ്റംപ് മൈക്കിനോട് തീർക്കണോ; വിരാട് കോലിക്കെതിരെ ആഞ്ഞടിച്ച് മുന്‍താരം

By Web TeamFirst Published Jan 14, 2022, 1:54 PM IST
Highlights

കോലിയുടെ പ്രതികരണം അതിരുകടന്നു എന്നാണ് മുന്‍താരം ആകാശ് ചോപ്രയുടെ നിരീക്ഷണം

കേപ് ടൗണ്‍: ദക്ഷിണാഫ്രിക്ക-ഇന്ത്യ മൂന്നാം ടെസ്റ്റിലെ (South Africa vs India 3rd Test) വിവാദ ഡിആർഎസ് (DRS) തീരുമാനത്തില്‍ വിവാദം പുകയുകയാണ്. പ്രോട്ടീസ് രണ്ടാം ഇന്നിംഗ്സിലെ 21-ാം ഓവറിൽ ഡീൻ എൽഗാറിനെ (Dean Elgar) ആ‍ർ അശ്വിൻ (Ravichandran Ashwin) വിക്കറ്റിന് മുന്നിൽ കുടുക്കിയെങ്കിലും മൂന്നാം അംപയർ നോട്ടൌട്ട് വിധിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇന്ത്യന്‍ നായകന്‍ വിരാട് കോലി (Virat Kohli) ഉള്‍പ്പടെയുള്ളവർ പ്രതിഷേധം രേഖപ്പെടുത്തി. എന്നാല്‍ കോലിയുടെ പ്രതികരണം അതിരുകടന്നു എന്നാണ് മുന്‍താരം ആകാശ് ചോപ്രയുടെ (Aakash Chopra) നിരീക്ഷണം. 

ഇന്ത്യൻ അപ്പീലിനെ തുട‍ർന്ന് അംപയ‍ർ മറൈസ് ഇറസ്മസ് ഔട്ട് നൽകി. എന്നാൽ എൽഗാർ തീരുമാനം റിവ്യൂ ചെയ്തു. മൂന്നാം അംപയ‍ർ നോട്ടൗട്ട് വിളിച്ചു. ഇതിനിടെ റിവ്യൂവിൽ പന്ത് ലൈനിൽ പതിച്ചത് വളരെ വ്യക്തമായിരുന്നു. പക്ഷേ പന്തിന്‍റെ ഗതി ലെഗ്സ്റ്റംപിന് മുകളിലൂടെ പോകുന്നതാണ് പിന്നെ കണ്ടത്. ദക്ഷിണാഫ്രിക്ക പന്തെറിയുമ്പോൾ മാത്രം ശ്രദ്ധ മതി എന്നായിരുന്നു ഇതിനോട് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ പ്രതികരണം. സ്റ്റംപ് മൈക്കിന് അരികിലെത്തിയാണ് കോലി പ്രതിഷേധം അറിയിച്ചത്. ഈ പ്രതിഷേധം അതിരുകടന്നു എന്നാണ് ചോപ്ര പറയുന്നത്. 

'റിപ്ലെയില്‍ പന്ത് സ്റ്റംപ് മിസ് ചെയ്യുന്നത് കണ്ടാല്‍ ആരും സ്തംഭിച്ചുപോകും. ഞാനും ഞെട്ടി. നോട്ടൌട്ടാണ് എന്നറിഞ്ഞപ്പോള്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ടതിന്‍റെ ചെറിയ സന്തോഷം മാത്രമായിരുന്നു എൽഗാറിന്‍റെ മുഖത്തുണ്ടായിരുന്നത്. നിങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശമുണ്ടെങ്കിലും ഇതാണോ ശരിയായ രീതി എന്ന്' കോലിയെ ലക്ഷ്യമാക്കി ചോപ്ര ചോദിച്ചു. ഒട്ടേറെ കുട്ടികള്‍ മത്സരം വീക്ഷിക്കുന്നുണ്ട് എന്ന് ചോപ്ര ഓർമ്മിപ്പിച്ചു. 

കോലി മാത്രമല്ല, പന്തെറിഞ്ഞ ആർ അശ്വിനും ഉപനായകന്‍ കെ എല്‍ രാഹുലും ഡിആർഎസ് തീരുമാനത്തെ എതിർത്തു. സൂപ്പ‍‍ർ സ്പോട്ടിനെ മറികടക്കാൻ മറ്റ് മാർഗം തേടേണ്ടിവരുമെന്ന് അശ്വിൻ പ്രതിഷേധത്തോടെ പറഞ്ഞു. അതേസമയം 11 പേ‍ർക്കെതിരെ ഒരു രാജ്യം മുഴുവൻ കളിക്കുന്നുവെന്നാണ് കെ എൽ രാഹുൽ പ്രതികരിച്ചത്. 

SA vs IND : '11 പേ‍ർക്കെതിരെ ഒരു രാജ്യം മുഴുവൻ കളിക്കുന്നു'; വിവാദ ഡിആ‍ർഎസില്‍ പ്രതിഷേധിച്ച് ഇന്ത്യൻ താരങ്ങൾ

click me!