SA vs IND: ഓസീസിന് ഗാബ പോലെ ദക്ഷിണാഫ്രിക്കക്ക് സെഞ്ചൂറിയന്‍, ഇന്ത്യയെ ആശങ്കയിലാഴ്ത്തുന്നത് ഈ കണക്കുകള്‍

Published : Dec 25, 2021, 07:48 PM IST
SA vs IND: ഓസീസിന് ഗാബ പോലെ ദക്ഷിണാഫ്രിക്കക്ക് സെഞ്ചൂറിയന്‍, ഇന്ത്യയെ ആശങ്കയിലാഴ്ത്തുന്നത് ഈ കണക്കുകള്‍

Synopsis

ഇതുവരെ സെഞ്ചൂറിയനിലെ സൂപ്പര്‍ സ്പോര്‍ട്ട് പാര്‍ക്കില്‍ നടന്ന 26 ടെസ്റ്റില്‍ 21 എണ്ണവും ദക്ഷിണാഫ്രിക്ക വിജയിച്ചുവെന്നത് ഇന്ത്യക്ക് ആശങ്ക സമ്മാനിക്കുന്ന കണക്കാണ്.

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ(South Africa vs India) ആദ്യ ടെസ്റ്റിന് നാളെ സെഞ്ചൂറിയനില്‍(Centurion) തുടക്കമാകുകയാണ്. ബോക്സിംഗ് ഡേ ദിനത്തില്‍ തുടക്കമാകുന്ന ടെസ്റ്റില്‍ ഇന്ത്യ പതിവില്‍ കവിഞ്ഞ ആത്മവിശ്വാസത്തിലാണ് ഇത്തവണ ഇറങ്ങുന്നത്. ദക്ഷിണാഫ്രിക്കക്ക് പഴയ കരുത്തില്ലെന്നതിന് പുറമെ ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും നേടിയ വിജയങ്ങളും ഇന്ത്യയുടെ ആത്മവിശ്വാസം കൂട്ടുന്നു.

അതുകൊണ്ടുതന്നെ ദക്ഷിണാഫ്രിക്കയില്‍ ഇത്തവണ പരമ്പര നേടാന്‍ ഇന്ത്യക്ക് സുവര്‍ണാവസരമാണെന്ന് വിലിയിരുത്തുന്നവരുണ്ട്. എന്നാല്‍ ആദ്യ ടെസ്റ്റ് നടക്കുന്ന സെഞ്ചൂറിയനിലെ സൂപ്പര്‍ സ്പോര്‍ട്ട് പാര്‍ക്ക്(SuperSport Park, Centurion) ഓസ്ട്രേലിയന്‍ ക്രിക്കറ്റിന് ഗാബ(Gabba) പോലെ ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ഉരുക്കുകോട്ടയാണെന്നതിനാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല.

ഇതുവരെ സെഞ്ചൂറിയനിലെ സൂപ്പര്‍ സ്പോര്‍ട്ട് പാര്‍ക്കില്‍ നടന്ന 26 ടെസ്റ്റില്‍ 21 എണ്ണവും ദക്ഷിണാഫ്രിക്ക വിജയിച്ചുവെന്നത് ഇന്ത്യക്ക് ആശങ്ക സമ്മാനിക്കുന്ന കണക്കാണ്. മൂന്ന് മത്സരങ്ങള്‍ സമനിലയായപ്പോള്‍ വെറും രണ്ട് ടെസ്റ്റില്‍ മാത്രമാണ് ദക്ഷിണാഫ്രിക്ക ഈ വേദിയില്‍ തോറ്റത്. 2020ല്‍ ശ്രീലങ്കക്കെതിരെ ദക്ഷിണാഫ്രിക്ക നേടിയ 621 റണ്‍സാണ് സെഞ്ചൂറിയനിലെ ഉയര്‍ന്ന ടീം സ്കോര്‍.

കുറഞ്ഞ സ്കോറാകട്ടെ 2016ല്‍ ദക്ഷിണാഫ്രിക്കക്ക് മുന്നില്‍ 101 റണ്‍സിന് പുറത്തായ ഇംഗ്ലണ്ടിന്‍റെ പേരിലും. ഹാഷിം അംല നേടിയ 208 റണ്‍സാണ് സെഞ്ചൂറിയനിലെ ഉയര്‍ന്ന വ്യക്തിഗത സ്കോര്‍. 2014ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ആയിരുന്നു അംലയുടെ നേട്ടം. 2013ല്‍ പാക്കിസ്ഥാനെതിരെ കെയ്ല്‍ ആബട്ട് 29 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റെടുത്തതാണ് ഒരു ഇന്നിംഗ്സിലെ മികച്ച ബൗളിംഗ് പ്രകടനം. 2016ല്‍ ഇംഗ്ലണ്ടിനെതിരെ കാഗിസോ റബാദ 144 റണ്‍സ് വഴങ്ങി 13 വിക്കറ്റെടുത്തതാണ് ഒരു മത്സരത്തിലെ മികച്ച ബൗളിംഗ് പ്രകടനം. 251 റണ്‍സാണ് നാലാം ഇന്നിംഗ്സിലെ വിജയകരമായ ചേസ്.

ഇനി ഇന്ത്യയെ ശരിക്കും ആശങ്കയിലാഴ്ത്തുന്ന മറ്റൊരു കണക്കുകൂടിയുണ്ട്. സെഞ്ചൂറിയനില്‍ ദക്ഷിണാഫ്രിക്കക്കെതിരെ കളിച്ച രണ്ട് ടെസ്റ്റില്‍ രണ്ടിലും ഇന്ത്യ തോറ്റു. കണക്കുകള്‍ ഇങ്ങനെയൊക്കൊണെങ്കിലും 32 വര്‍ഷമായി ഓസീസ് കോട്ടയായിരുന്ന ഗാബ കീഴടക്കാമെങ്കില്‍ സെഞ്ചൂറിയനിലും അതാവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടി20 റാങ്കിംഗ്: സഞ്ജുവിനും ഗില്ലിനും സൂര്യക്കും സ്ഥാന നഷ്ടം, ബുമ്രയുടെ റെക്കോര്‍ഡ് തകര്‍ത്ത് വരുണ്‍ ചക്രവര്‍ത്തി
'അവന് ഇനി ഒന്നും നഷ്ടപ്പെടാനില്ല, കിട്ടുന്നതെല്ലാം ബോണസ്', ശുഭ്മാൻ ഗില്ലിനെക്കുറിച്ച് മുന്‍ ചീഫ് സെലക്ടര്‍