IPL 2022 : 'മണിക്കൂറുകള്‍ കൂടെത്തന്നെ'; മിന്നുംഫോമിന്‍റെ ക്രഡിറ്റ് ആര്‍ക്കെന്ന് വെളിപ്പെടുത്തി ഉമ്രാന്‍ മാലിക്

By Jomit JoseFirst Published May 18, 2022, 7:36 PM IST
Highlights

തന്‍റെ മികവിന് പേസ് ഇതിഹാസവും സണ്‍റൈസേഴ്‌സിന്‍റെ ബൗളിംഗ് പരിശീലകനുമായ ഡെയ്‌ല്‍ സ്റ്റെയ്‌നാണ് ഉമ്രാന്‍ മാലിക് കടപ്പാട് നല്‍കുന്നത്

മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണില്‍(IPL 2022) ഏറ്റവും കൂടുതല്‍ ഇംപാക്‌ട് ഉണ്ടാക്കിയ ബൗളര്‍മാരില്‍ ഒരാള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്(Sunrisers Hyderabad) പേസര്‍ ഉമ്രാന്‍ മാലിക്കാണ്(Umran Malik). ഗംഭീര തുടക്കത്തിന് ശേഷം റണ്‍വഴങ്ങി വിമര്‍ശനം വിളിച്ചുവരുത്തിയെങ്കിലും അതിശക്തമായ തിരിച്ചുവരവാണ് കഴിഞ്ഞ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ(Mumbai Indians) ഉമ്രാന്‍ കാഴ്‌ചവെച്ചത്. തന്‍റെ വിജയരഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ തീപ്പൊരി ബൗളര്‍. 

തന്‍റെ മികവിന് പേസ് ഇതിഹാസവും സണ്‍റൈസേഴ്‌സിന്‍റെ ബൗളിംഗ് പരിശീലകനുമായ ഡെയ്‌ല്‍ സ്റ്റെയ്‌നാണ് ഉമ്രാന്‍ മാലിക് കടപ്പാട് നല്‍കുന്നത്. 'ഞാന്‍ മൂന്ന് മണിക്കൂര്‍ നെറ്റ്‌സില്‍ പരിശീലനം നടത്തുന്നുണ്ടെങ്കില്‍ ആ സമയമത്രയും സ്റ്റെയ്‌ന്‍ എന്‍റെ പിന്നിലുണ്ടാകും. നല്ല വേഗമുള്ളതിനാല്‍ ടെന്നീസ് ബോളില്‍ കളിക്കുമ്പോള്‍ എനിക്കെതിരെ കളിക്കാന്‍ എതിരാളികള്‍ ഇഷ്‌ടപ്പെട്ടിരുന്നില്ല' എന്നും സഹ പേസര്‍ ഭുവനേശ്വര്‍ കുമാറുമായുള്ള സംഭാഷണത്തില്‍ ഉമ്രാന്‍ മാലിക് വ്യക്തമാക്കി. 

ഐപിഎല്‍ പതിനഞ്ചാം സീസണില്‍ 150 കിലോമീറ്ററിലേറെ വേഗത്തില്‍ സ്ഥിരമായി പന്തെറിഞ്ഞ് ശ്രദ്ധ നേടിയ താരമാണ് ജമ്മു കശ്‌മീരില്‍ നിന്നുള്ള ഉമ്രാന്‍ മാലിക്. സീസണില്‍ ഇതിനകം 21 വിക്കറ്റ് നേടി. സീസണിലെ ഉയര്‍ന്ന നാലാമത്തെ വിക്കറ്റ് വേട്ടക്കാരനാണ്. 25 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് നേടിയതാണ് മികച്ച പ്രകടനം. മൂന്ന് മത്സരങ്ങളില്‍ വിക്കറ്റ് നേടാതെ റണ്‍സ് വഴങ്ങിയതിന് ഏറെ പഴി കേട്ടെങ്കിലും അതിശക്തമായി തിരിച്ചുവന്നു ഉമ്രാന്‍ മാലിക്. അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ മൂന്ന് ഓവറില്‍ 23 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. സീസണിലെ ഏറ്റവും വേഗമേറിയ പന്ത്(157 കിലോമീറ്റര്‍) ഈ വലംകൈയന്‍റെ പേരിലാണ്. 

ഇന്നലെ മുംബൈ ഇന്ത്യന്‍സിനോട് സണ്‍റൈസേഴ്‌സ് മൂന്ന് റണ്‍സിന്‍റെ നിര്‍ണായക വിജയം നേടിയത് രാഹുല്‍ ത്രിപാഠിയുടെ ബാറ്റിംഗ് മികവിലും ഉമ്രാന്‍ മാലിക്കിന്‍റെ ബൗളിംഗ് മികവിലുമായിരുന്നു. ഹൈദരാബാദിന്‍റെ 193 റണ്‍സിന് മറുപടിയായി മുംബൈക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 190 റണ്‍സെടുക്കാനേയായുള്ളൂ. രാഹുല്‍ ത്രിപാഠി 44 പന്തില്‍ 9 ഫോറും മൂന്ന് സിക്‌സറും സഹിതം 76 റണ്‍സെടുത്തു. ഇഷാന്‍ കിഷന്‍, ഡാനിയേല്‍ സാംസ്, തിലക് വര്‍മ എന്നിവരെയാണ് മാലിക് പുറത്താക്കിയത്. 

ടീമിലെടുക്കണമെന്ന് ശക്തമായ ആവശ്യം

സീസണിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഉമ്രാന് ഇന്ത്യന്‍ ടീമില്‍ അവസരം നല്‍കണമെന്ന ആവശ്യം ശക്തമാണ്. ഉമ്രാനെ എത്രയും പെട്ടന്ന് ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ ഉള്‍പ്പെടുത്തണമെന്ന് ഇന്ത്യന്‍ മുന്‍ പരിശീലകന്‍ രവി ശാസ്‌ത്രി ആവശ്യപ്പെട്ടു. ''ഇനിയും ഉമ്രാനെ പുറത്തുനിര്‍ത്തരുത്. അദ്ദേഹത്തെ എത്രയും പെട്ടന്ന് ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ ഉള്‍പ്പെടുത്തൂ. പരിചയസമ്പന്നരായ മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര എന്നിവര്‍ക്കൊപ്പം ഇടപഴകാനുള്ള അവസരം നല്‍കൂ. അവരില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട് ഉമ്രാന്'' എന്നും ശാസ്ത്രി പറഞ്ഞു. 

ഉമ്രാന്‍ മാലിക്കിനെ പ്രശംസിച്ച് ലങ്കന്‍ പേസ് ഇതിഹാസം ചാമിന്ദ വാസും രംഗത്തെത്തി. 'ഓരോ ദിവസവും മികവാര്‍ജിക്കുകയാണ് ഉമ്രാന്‍ മാലിക്. അവസാന ഐപിഎല്‍ മത്സരത്തിലും ഇത് കണ്ടു. സ്ഥിരതയോടെ ഉമ്രാന്‍ പന്തെറിയുകയാണ്. ടി20 ക്രിക്കറ്റില്‍ കൃത്യത വളരെ പ്രധാനമാണ്. ടീം ഇന്ത്യയുടെ മികച്ച ബൗളറായി മാറും. ടീം ഇന്ത്യ അവസരം നല്‍കിയാല്‍ ഉമ്രാന്‍ മാലിക്കിനൊപ്പം ജസ്‌പ്രീത് ബുമ്രയുണ്ട് പന്തെറിയാന്‍. മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഉമ്രാന്‍ മാലിക്കിനാകും' എന്നും ചാമിന്ദ വാസ് മുംബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

IPL 2022 : ഉമ്രാന്‍ മാലിക് ടീം ഇന്ത്യക്ക് മുതല്‍ക്കൂട്ട്; പ്രശംസിച്ച് സാക്ഷാല്‍ ചാമിന്ദ വാസ്

click me!