ഐപിഎല്‍ പതിനഞ്ചാം സീസണില്‍ 150 കിലോമീറ്ററിലേറെ വേഗത്തില്‍ സ്ഥിരമായി പന്തെറിഞ്ഞ് ശ്രദ്ധ നേടിയ താരമാണ് ജമ്മു കശ്‌മീരില്‍ നിന്നുള്ള ഉമ്രാന്‍ മാലിക്

മുംബൈ: ഐപിഎല്ലില്‍(IPL 2022) തിളങ്ങുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ്(Sunrisers Hyderabad) പേസ് എക്‌സ്‌പ്രസ് ഉമ്രാന്‍ മാലിക്കിനെ(Umran Malik) പ്രശംസകൊണ്ട് മൂടി ലങ്കന്‍ പേസ് ഇതിഹാസം ചാമിന്ദ വാസ്(Chaminda Vaas). ഉമ്രാന്‍ മാലിക് ടീം ഇന്ത്യയുടെ വമ്പന്‍ ബൗളര്‍ ആകുമെന്നാണ് വാസിന്‍റെ പ്രവചനം. 111 ടെസ്റ്റില്‍ 355 ഉം 322 ഏകദിനത്തില്‍ 400 വിക്കറ്റുമുള്ള ഇടംകൈയന്‍ ബൗളറാണ് വാസ്. 

'ഓരോ ദിവസവും മികവാര്‍ജിക്കുകയാണ് ഉമ്രാന്‍ മാലിക്. അവസാന ഐപിഎല്‍ മത്സരത്തിലും ഇത് കണ്ടു. സ്ഥിരതയോടെ ഉമ്രാന്‍ പന്തെറിയുകയാണ്. ടി20 ക്രിക്കറ്റില്‍ കൃത്യത വളരെ പ്രധാനമാണ്. ടീം ഇന്ത്യയുടെ മികച്ച ബൗളറായി മാറും. ടീം ഇന്ത്യ അവസരം നല്‍കിയാല്‍ ഉമ്രാന്‍ മാലിക്കിനൊപ്പം ജസ്‌പ്രീത് ബുമ്രയുണ്ട് പന്തെറിയാന്‍. മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഉമ്രാന്‍ മാലിക്കിനാകും' എന്നും ചാമിന്ദ വാസ് മുംബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

തിരിച്ചുവന്ന ഉമ്രാന്‍ മാലിക്

ഐപിഎല്‍ പതിനഞ്ചാം സീസണില്‍ 150 കിലോമീറ്ററിലേറെ വേഗത്തില്‍ സ്ഥിരമായി പന്തെറിഞ്ഞ് ശ്രദ്ധ നേടിയ താരമാണ് ജമ്മു കശ്‌മീരില്‍ നിന്നുള്ള ഉമ്രാന്‍ മാലിക്. സീസണില്‍ ഇതിനകം 21 വിക്കറ്റ് നേടി. സീസണിലെ ഉയര്‍ന്ന നാലാമത്തെ വിക്കറ്റ് വേട്ടക്കാരനാണ്. 25 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് നേടിയതാണ് മികച്ച പ്രകടനം. മൂന്ന് മത്സരങ്ങളില്‍ വിക്കറ്റ് നേടാതെ റണ്‍സ് വഴങ്ങിയതിന് ഏറെ പഴി കേട്ടെങ്കിലും അതിശക്തമായി തിരിച്ചുവന്നു ഉമ്രാന്‍ മാലിക്. അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ മൂന്ന് ഓവറില്‍ 23 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. 

ഇന്നലെ മുംബൈ ഇന്ത്യന്‍സിനോട് സണ്‍റൈസേഴ്‌സ് മൂന്ന് റണ്‍സിന്‍റെ നിര്‍ണായക വിജയം നേടിയത് രാഹുല്‍ ത്രിപാഠിയുടെ ബാറ്റിംഗ് മികവിലും ഉമ്രാന്‍ മാലിക്കിന്‍റെ ബൗളിംഗ് മികവിലുമായിരുന്നു. ഹൈദരാബാദിന്‍റെ 193 റണ്‍സിന് മറുപടിയായി മുംബൈക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 190 റണ്‍സെടുക്കാനേയായുള്ളൂ. രാഹുല്‍ ത്രിപാഠി 44 പന്തില്‍ 9 ഫോറും മൂന്ന് സിക്‌സറും സഹിതം 76 റണ്‍സെടുത്തു. ഇഷാന്‍ കിഷന്‍, ഡാനിയേല്‍ സാംസ്, തിലക് വര്‍മ എന്നിവരെയാണ് മാലിക് പുറത്താക്കിയത്. 

IPL 2022 : 'അവനെ ഇന്ത്യന്‍ ടീമിലെടുക്കൂ'...തീപ്പൊരി ബാറ്റിംഗ് കണ്ട് മുന്‍താരങ്ങളുടെ കൂട്ട ആവശ്യം