
കറാച്ചി: ആവേശപ്പോരില്‍ പാകിസ്ഥാനെ ആറ് റണ്‍സിന് തോല്‍പിച്ച് ശ്രീലങ്ക ത്രിരാഷ്ട്ര ടി20 ടൂര്‍ണമെന്‍റിന്‍റെ ഫൈനലിലെത്തി. നാളെ നടക്കുന്ന ഫൈനലില്‍ പാകിസ്ഥാന്‍ തന്നെയാണ് ശ്രീലങ്കയടെ എതിരാളികള്‍. ശ്രീലങ്ക ജയിച്ചതോടെ സിംബാബ്‌വെ ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായി.
അവസാന ഗ്രൂപ്പ് മത്സരത്തില്‍ പാകിസ്ഥാനെ ആറ് റണ്‍സിനായിരുന്നു ശ്രീലങ്കയുടെ ജയം.185 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന് ദുഷ്മന്ത് ചമീര എറിഞ്ഞ അവസാന ഓവറില്‍ 10 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. ഫഹീം അഷ്റഫും 44 പന്തില്‍ 63 റണ്‍സെടുത്ത സല്‍മാന്‍ ആഗയുമായിരുന്നു ക്രീസില്‍. എന്നാല്‍ അവസാന ഓവറില്‍ മൂന്ന് റണ്‍സ് മാത്രമെ പാകിസ്ഥാന് നേടാനായുള്ളു. സല്‍മാന്‍ ആഗക്ക് പുറമെ 23 പന്തില്‍ 33 റണ്‍സെടുത്ത ഉസ്മാൻ ഖാന്‍ 16 പന്തില്‍ 27 റണ്‍സെടുത്ത മുഹമ്മദ് നവാസ്, 18 പന്തില്‍ 27 റണ്‍സെടുത്ത സയ്യിം അയൂബ് എന്നിവരാണ് പാകിസ്ഥാന് വേണ്ടി ഭേദപ്പെട്ട പ്രകടനം നടത്തിയത്. സ്കോര്‍ ശ്രീലങ്ക 20 ഓവറില്‍ 184-5, പാകിസ്ഥാന്‍ 20 ഓവറില്‍ 178-7.
മുന്‍ നായകന്‍ ബാബര്‍ അസം രണ്ട് പന്ത് നേരിട്ട് പൂജ്യനായി പുറത്തായി. ഇതോടെ ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായ പാക് ബാറ്ററെന്ന നാണക്കേടിനൊപ്പം ബാബര്‍ അസം എത്തി. പത്താം തവണയാണ് ബാബര്‍ ടി20 ക്രിക്കറ്റില്‍ പൂജ്യനായി പുറത്താവുന്നത്. മുന്‍ താരം ഉമര്‍ അക്മല്‍, സയ്യിം അയൂബ് എന്നിവരും ടി20 മത്സരങ്ങളില്‍ 10 തവണ വീതം പൂജ്യത്തിന് പുറത്തായിട്ടുണ്ട്. സയ്യിം അയൂബ് വെറും 55 മത്സരങ്ങളില്‍ നിന്നാണ് 10 തവണ പൂജ്യത്തിന് പുറത്തായതെങ്കില്‍ ബാബര്‍ 135 മത്സരങ്ങളില്‍ നിന്നാണ് 10 തവണ പൂജ്യത്തിന് പുറത്തായത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 48 പന്തില്‍ 76 റണ്‍സെടുത്ത ഓപ്പണര്‍ കാമില്‍ മിഷാരയുടെയും 23 പന്തില്‍ 40 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസിന്‍റെയും 10 പന്തില്‍ പുറത്താകാതെ 17 റണ്‍സെടുത്ത ക്യാപ്റ്റൻ ദാസുന്‍ ഷനകയുടെയും ബാറ്റിംഗ് മികവിലാണ് 20 ഓവറില്‍ 184 റണ്‍ടിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!