ലോകത്തിന് മാതൃക; കൊവിഡ് 19നെ നേരിടാന്‍ വമ്പന്‍ തുക സഹായം പ്രഖ്യാപിച്ച് ലങ്കന്‍ ക്രിക്കറ്റ്

By Web TeamFirst Published Mar 23, 2020, 4:22 PM IST
Highlights

സർക്കാരിന്‍റെ ശ്രമങ്ങള്‍ക്ക് മറ്റ് വിധത്തിലുള്ള സഹായങ്ങളും നല്‍കുമെന്നും ലങ്കന്‍ ക്രിക്കറ്റ് ബോർഡ്. ക്രിക്കറ്റ് ബോർഡിന്‍റെ സഹായത്തിന് ലങ്കന്‍ പ്രസിഡന്‍റ് മഹിന്ദ രജപക്സാ നന്ദിയറിയിച്ചു. 

കൊളംബോ: കൊവിഡ് 19 മഹാമാരിയെ നേരിടാനുള്ള ശ്രീലങ്കന്‍ സർക്കാരിന്‍റെ ശ്രമങ്ങള്‍ക്ക് പൂർണ പിന്തുണ നല്‍കി ലങ്കന്‍ ക്രിക്കറ്റ് ബോർഡ്. ഇതിന്‍റെ ഭാഗമായി 25 മില്യണ്‍ ശ്രീലങ്കന്‍ രൂപ അടിയന്തരമായി സർക്കാരിന് കൈമാറുമെന്ന് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. 'നിലവിലെ സാഹചര്യങ്ങളുടെ തീവ്രത മനസിലാക്കുന്നു. സർക്കാരിന്‍റെ ശ്രമങ്ങള്‍ക്ക് മറ്റ് വിധത്തിലുള്ള സഹായങ്ങളും നല്‍കും' എന്നും ലങ്കന്‍ ക്രിക്കറ്റ് ബോർഡ് വാർത്താകുറിപ്പില്‍ വ്യക്തമാക്കി. 

'ഈ സങ്കീർണഘട്ടത്തില്‍ സർക്കാരിന്‍റെ നിർദേശങ്ങള്‍ അനുസരിച്ച് എല്ലാ ആഭ്യന്തര മത്സരങ്ങളും ലങ്കന്‍ ക്രിക്കറ്റ് ബോർഡ് നിർത്തിവച്ചിട്ടുണ്ട്. അടുത്ത നോട്ടീസ് വരെ എല്ലാ ആഭ്യന്തര-ദേശീയ താരങ്ങളും സ്റ്റാഫും വീടുകളില്‍ തന്നെ കഴിയണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ താരങ്ങളെല്ലാം കൊവിഡ് 19നെതിരായ പോരാട്ടത്തിന് പൂർണ പിന്തുണ നല്‍കുന്നു, ജനങ്ങള്‍ സുരക്ഷിതരായി ഇരിക്കാന്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി മാർഗനിർദേശങ്ങള്‍ ആരാധകരില്‍ എത്തിക്കുന്നു. ആരോഗ്യപ്രവർത്തനങ്ങളില്‍ സജീവമായ എല്ലാവരുടെയും നിർദേശങ്ങള്‍ അനുസരിക്കുകയും അവരെ പ്രശംസിക്കുകയും ചെയ്യണം' എന്നും ബോർഡ് ആവശ്യപ്പെട്ടു. 

Sri Lanka Cricket (SLC) has taken a decision to grant a sum of LKR 25 million to the Government to help its efforts toward combating the Covid-19 pandemic, which has created a national health crisis.
READ: https://t.co/A9Cm2L6t1x pic.twitter.com/KHxEv68v6N

— Sri Lanka Cricket 🇱🇰 (@OfficialSLC)

ക്രിക്കറ്റ് ബോർഡിന്‍റെ സഹായത്തിന് ലങ്കന്‍ പ്രസിഡന്‍റ് മഹിന്ദ രജപക്സേ നന്ദിയറിയിച്ചു. 'സർക്കാരിന് 25 മില്യണ്‍ സഹായം നല്‍കുന്നതില്‍ ലങ്കന്‍ ക്രിക്കറ്റ് ബോർഡിന് നന്ദിയറിയിക്കുന്നു. എല്ലാ മേഖലകളില്‍ നിന്നുമുള്ള പിന്തുണ വലുതാണ്. സഹായങ്ങള്‍ ചെയ്യാന്‍ സന്മനസുകാണിക്കുന്ന എല്ലാ താരങ്ങള്‍ക്കും നന്ദിയറിയിക്കുന്നതായും' അദേഹം ട്വീറ്റ് ചെയ്തു. 

Thank you to for the grant of 25 million lkr to assist the govt. in its battle against . The support flowing in from all ends has been overwhelming. We also thank all the individual players who have come forward in offering support. pic.twitter.com/WZeWBWp2jf

— Mahinda Rajapaksa (@PresRajapaksa)

ശ്രീലങ്കയില്‍ ഇതുവരെ 87 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ലോകത്താകമാനം മൂന്നരലക്ഷത്തോളം പേർക്കാണ് കൊവിഡ് 19 പിടിപെട്ടത്. പതിനാലായിരത്തിലേറെ മരണങ്ങള്‍ റിപ്പോർട്ട് ചെയ്തു.  

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

click me!