രണ്ടാം നിരയല്ല, ഇന്ത്യയുടേത് കരുത്തുറ്റ ടീം; രണതും​ഗക്ക് മറുപടിയുമായി ലങ്കൻ ക്രിക്കറ്റ് ബോർഡ്

By Web TeamFirst Published Jul 2, 2021, 9:12 PM IST
Highlights

ഇന്ത്യൻ ടീമിലെ 20 പേരിൽ 14 പേരും മൂന്ന് ഫോർമാറ്റുകളിൽ ഏതെങ്കിലും ഒന്നിൽ ഇന്ത്യയെ പ്രതിനിധീകരിച്ചവരാണെന്നും ശ്രീലങ്കൻ ബോർഡ് വ്യക്തമാക്കി. പരിചയസമ്പന്നനായ ശിഖർ ധവാന്റെ നേതൃത്വത്തിലിറങ്ങുന്ന ഇന്ത്യയുടേത് കരുത്തുറ്റ ടീമാണെന്നും ലങ്കൻ ബോർഡ്.

കൊളംബോ: ഇന്ത്യയുടെ രണ്ടാം നിരക്കെതിരെ ഏകദിന-ടി20 പരമ്പരകള്‍ കളിക്കാൻ തയാറായതിന് ലങ്കന്‍ ക്രിക്കറ്റ് ബോർഡിനെ വിമർശിച്ച മുന്‍ നായകന്‍ അർജുന രണതുംഗക്ക് മറുപടിയുമായി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്. ഇന്ത്യയുടേത് രണ്ടാം നിരയല്ലെന്നും കരുത്തുറ്റ ടീമാണെന്നും ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. ഇന്ത്യൻ ടീമിലെ 20 പേരിൽ 14 പേരും മൂന്ന് ഫോർമാറ്റുകളിൽ ഏതെങ്കിലും ഒന്നിൽ ഇന്ത്യയെ പ്രതിനിധീകരിച്ചവരാണെന്നും ശ്രീലങ്കൻ ബോർഡ് വ്യക്തമാക്കി. പരിചയസമ്പന്നനായ ശിഖർ ധവാന്റെ നേതൃത്വത്തിലിറങ്ങുന്ന ഇന്ത്യയുടേത് കരുത്തുറ്റ ടീമാണെന്നും ലങ്കൻ ബോർഡ് പറഞ്ഞു.

നായകന്‍ വിരാട് കോലിയും ഉപനായകന്‍ രോഹിത് ശർമ്മയുമില്ലാത്ത ടീമിനെ ബിസിസിഐ അയക്കുന്നത് ലങ്കന്‍ ടീമിനെ അപമാനിക്കുന്നതിന് തുല്യമാണെന്നും പരമ്പരയ്ക്ക് സമ്മതം മൂളിയ ലങ്കന്‍ ബോർഡിനെയാണ് ഇതില്‍ കുറ്റപ്പെടുത്തേണ്ടതെന്നും രണതുംഗ പറഞ്ഞിരുന്നു.

'ഇത് രണ്ടാംനിര ഇന്ത്യന്‍ ടീമാണ്, അത് നമ്മുടെ ക്രിക്കറ്റിനെ അപമാനിക്കുന്നതിന് തുല്യമാണ്. ടെലിവിഷന്‍ വിപണി മാത്രം പരിഗണിച്ച് അവരുമായി കളിക്കാന്‍ സമ്മതം മൂളിയ നിലവിലെ ഭരണസമിതിയെ കുറപ്പെടുത്തുകയാണ്. ഇന്ത്യ അവരുടെ ഏറ്റവും മികച്ച ടീമിനെ ഇംഗ്ലണ്ടിലേക്കയച്ചു. ദുർബലമായ ടീമിനെ ഇങ്ങോട്ടും. ഇക്കാര്യത്തില്‍ ലങ്കന്‍ ബോർഡിനെയാണ് കുറ്റപ്പെടുത്തുന്നത്' എന്നും രണതുംഗ പറഞ്ഞിരുന്നു.

ചരിത്രത്തിലാദ്യമായാണ് വ്യത്യസ്ത ഫോർമാറ്റുകളില്‍ വേറിട്ട രണ്ട് ടീമുകളെ ബിസിസിഐ ഒരേസമയം രണ്ട് രാജ്യങ്ങളിലേക്ക് പര്യടനത്തിന് അയക്കുന്നത്. ഇംഗ്ലണ്ടിലുള്ള വിരാട് കോലി നയിക്കുന്ന സീനിയർ ടീം ടെസ്റ്റ് പരമ്പരയാണ് കളിക്കുന്നതെങ്കില്‍ ലങ്കയില്‍ ശിഖർ ധവാന്‍റെ നായകത്വത്തില്‍ എത്തിയ ടീം ഏകദിന, ടി20 പരമ്പരകളാണ് കളിക്കുന്നത്. കോലിപ്പട ഇംഗ്ലണ്ടില്‍ അഞ്ച് ടെസ്റ്റുകള്‍ കളിക്കുമെങ്കില്‍ ധവാനും സംഘവും മൂന്ന് വീതം ഏകദിനങ്ങളും ടി20യും ശ്രീലങ്കയില്‍ കളിക്കും.

കോലിക്കും രോഹിത്തിനും പുറമെ ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, കെ എല്‍ രാഹുല്‍, റിഷഭ് പന്ത് തുടങ്ങിയ പ്രമുഖ താരങ്ങളും ശ്രീലങ്കന്‍ പര്യടനത്തിനില്ല. പരിമിത ഓവർ മത്സരങ്ങളില്‍ സ്ഥിരാംഗങ്ങളായ ഹർദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വർ കുമാർ എന്നിവർ ലങ്കയില്‍ കളിക്കും. ടെസ്റ്റ് ടീമിനെ രവി ശാസ്ത്രിയും പരിമിത ഓവർ ടീമിനെ രാഹുല്‍ ദ്രാവിഡുമാണ് പരിശീലിപ്പിക്കുന്നത്.

ശ്രീലങ്കയിലുള്ള ഇന്ത്യന്‍ പരിമിത ഓവർ സ്ക്വാഡ്: ശിഖര്‍ ധവാന്‍(ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍(ഉപനായകന്‍), പൃഥ്വി ഷാ, ദേവ്‌ദത്ത് പടിക്കല്‍, റിതുരാജ് ഗെയ്‌ക്‌വാദ്, സൂര്യകുമാര്‍ യാദവ്, മനീഷ് പാണ്ഡെ, ഹര്‍ദിക് പാണ്ഡ്യ, നിതീഷ് റാണ, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), യുസ്‌വേന്ദ്ര ചാഹല്‍, രാഹുല്‍ ചഹാര്‍, കൃഷ്‌ണപ്പ ഗൗതം, ക്രുനാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ദീപക് ചഹാര്‍, നവ്‌ദീപ് സെയ്‌നി, ചേതന്‍ സക്കറിയ.

നെറ്റ് ബൗളര്‍മാര്‍: ഇഷാന്‍ പോറല്‍, സന്ദീപ് വാര്യര്‍, അര്‍ഷ്‌ദീപ് സിംഗ്, സായ് കിഷോര്‍, സിമര്‍ജീത്ത് സിംഗ്.

ഇംഗ്ലണ്ടിലുള്ള ഇന്ത്യന്‍ ടെസ്റ്റ് സ്ക്വാഡ്: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുമ്ര, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ.

സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍: അഭിമന്യു ഈശ്വരന്‍, പ്രസിദ്ധ് കൃഷ്ണ, ആവേഷ് ഖാന്‍, അര്‍സാന്‍ നാഗ്വസ്വല്ല, കെ എസ് ഭരത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!