
ലണ്ടൻ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് പരിശീലന മത്സരം വേണമെന്ന ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ(ബിസിസിഐ) ആവശ്യം ഒടുവിൽ ഇംഗ്ലൺ് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് അംഗീകരിച്ചു. ടെസ്റ്റ് പരമ്പരക്ക് മുമ്പ് കൗണ്ടി ടീമുമായി ത്രിദിന പരിശീലന മത്സരം നടത്താമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് സമ്മതിച്ചു. ഈ മാസം 20 മുതൽ 22 വരെയായിരിക്കും പരിശീലന മത്സരം. എന്നാൽ ഏത് കൗണ്ടി ടീമുമായാണ് പരിശീലന മത്സരം കളിക്കുക എന്നത് ഇപ്പോൾ തീരുമാനമായിട്ടില്ല.
അടുത്ത മാസം നാലിന് ഇംഗ്ലണ്ടിനെതിരെ തുടങ്ങുന്ന അഞ്ച് മത്സര ടെസ്റ്റ് പരമ്പരക്ക് മുമ്പ് പരിശീലന മത്സരം വേണമെന്ന് ബിസിസിഐ നിരന്തരം ആവശ്യപ്പെട്ടിരുന്നു. പരിശീലന മത്സരത്തിന്റെ അഭാവം ന്യൂസിലൻഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യക്ക് തിരിച്ചടിയായ പശ്ചാത്തലത്തിലായിരുന്നു ഇത്. ഇംഗ്ലണ്ടിനെതിരെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പര കളിച്ചുവന്ന ന്യൂസിലൻഡിന് ഫൈനലിൽ ഇന്ത്യക്കെതിരെ വ്യക്തമായ മുൻതൂക്കം ലഭിച്ചിരുന്നു.
അതുകൊണ്ടുതന്നെ ഇംഗ്ലണ്ടിനെതിരായ പരമ്പരക്ക് മുമ്പെങ്കിലും പരിശീലന മത്സരം വേണമെന്ന് ബിസിസിഐ ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡിനോട് അഭ്യർത്ഥിച്ചത്. എന്നാൽ പരിശീലന മത്സരം കളിക്കാനായി മാത്രം കൗണ്ടി ടീം അംഗങ്ങളെ ബയോ ബബ്ബിളിൽ പ്രവേശിപ്പിക്കുക പ്രായോഗികമല്ലെന്ന് പറഞ്ഞാണ് ബിസിസിഐയുടെ ആവശ്യം ഇംഗ്ലീഷ് ബോർഡ് നിരസിച്ചത്. ടീം അംഗങ്ങൾ തമ്മിൽ പരസ്പരം ടീമായി തിരിഞ്ഞ് പരീശീലന മത്സരം കളിക്കുക എന്നത് മാത്രമാണ് പ്രായോഗികമെന്നും ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് അറിയിച്ചിരുന്നു.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ തോൽവിക്കുശേഷവും പരിശീലന മത്സരം ആവശ്യമാണെന്ന് ഇന്ത്യൻ നായകൻ വിരാട് കോലി ആവശ്യപ്പെട്ടിരുന്നു. ഫൈനലിലെ തോൽവിക്കുശേഷം വിശ്രമത്തിലാണ് ഇന്ത്യൻ ടീം ഇപ്പോൾ. ഈ മാസം 14നാണ് ടീം അംഗങ്ങൾ വീണ്ടും പരിശീലനം പുനരാരംഭിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!