എളുപ്പമാവില്ല, എന്നാലും... ഇന്ത്യ-ഓസീസ് ടെസ്റ്റ് പരമ്പര വിജയികളെ പ്രവചിച്ച് ജയവര്‍ധനെ

By Web TeamFirst Published Feb 6, 2023, 12:49 PM IST
Highlights

ഫെബ്രുവരി 9-ാം തിയതി നാഗ്‌പൂരിലാണ് ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി തുടങ്ങുന്നത്. 17-ാം തിയതി ദില്ലിയിലും മാര്‍ച്ച് 1ന് ധരംശാലയിലും 9ന് അഹമ്മദാബാദിലും അവശേഷിക്കുന്ന ടെസ്റ്റ് മത്സരങ്ങള്‍ നടക്കും.

നാഗ്‌പൂര്‍: പരമ്പരയില്‍ വമ്പന്‍ ജയം നേടി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ ടീം ഇന്ത്യ, 2004ന് ശേഷം ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര ജയിക്കാന്‍ സന്ദര്‍ശകരായ ഓസ്ട്രേലിയ! ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളിലൊന്നായ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിക്ക് തുടക്കമാകാന്‍ രണ്ട് ദിവസം മാത്രം അവശേഷിക്കേ ആവേശം വാനോളം ഉയരുകയാണ്. പ്രവചനാതീതമായ പരമ്പര ആര് കൊണ്ടുപോകും എന്ന് പ്രവചിച്ചിരിക്കുകയാണ് ലങ്കന്‍ ബാറ്റിംഗ് ഇതിഹാസം മഹേള ജയവര്‍ധനെ. 

ഓസ്ട്രേലിയ 2-1ന് പരമ്പര സ്വന്തമാക്കും എന്നാണ് ജയവര്‍ധനെയുടെ പ്രവചനം. 'ഇന്ത്യ-ഓസീസ് പരമ്പര വാശിയേറിയ പോരാട്ടമാകും. ഇന്ത്യന്‍ സാഹചര്യങ്ങളെ ഓസീസ് ബാറ്റര്‍മാര്‍ എങ്ങനെ അതിജീവിക്കും, അവര്‍ക്ക് മികച്ച ബൗളിംഗ് സംഘമുണ്ട്. അതിനെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ എങ്ങനെ നേരിടും. എങ്ങനെ ഇരു ടീമുകളും പരമ്പര ആരംഭിക്കും എന്നതിനേയും ആശ്രയിച്ചിരിക്കും അന്തിമ വിധി. പരമ്പര ആവേശമാകും, പ്രവചനം എളുപ്പമല്ല, എന്നാലും ഓസീസ് 2-1ന് പരമ്പര നേടും എന്നാണ് തോന്നുന്നത്. പക്ഷേ അതത്ര എളുപ്പമാവില്ല' എന്നും ജയവര്‍ധനെ ഐസിസിയോട് പറഞ്ഞു. 

ഫെബ്രുവരി 9-ാം തിയതി നാഗ്‌പൂരിലാണ് ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി തുടങ്ങുന്നത്. 17-ാം തിയതി ദില്ലിയിലും മാര്‍ച്ച് 1ന് ധരംശാലയിലും 9ന് അഹമ്മദാബാദിലും അവശേഷിക്കുന്ന ടെസ്റ്റ് മത്സരങ്ങള്‍ നടക്കും. ആദ്യ ടെസ്റ്റില്‍ സ്റ്റാര്‍ പേസര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹേസല്‍വുഡും ഇല്ലാത്തത് ഓസീസിന് തിരിച്ചടിയാണ്. ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ കളിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്തം നിലനില്‍ക്കുകയും ചെയ്യുന്നു. ഇന്ത്യന്‍ നിരയില്‍ ശ്രേയസ് അയ്യര്‍ ആദ്യ ടെസ്റ്റിനുണ്ടാവില്ല എന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ പ്ലേയിംഗ് ഇലവന്‍ തീരുമാനിക്കുക ഇരു ടീമിലും വലിയ വെല്ലുവിളിയാണ്. 

ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എസ് ഭരത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയദേ‌വ് ഉനദ്‌ഘട്ട്, സൂര്യകുമാര്‍ യാദവ്.

ഓസ്ട്രേലിയന്‍ ടെസ്റ്റ് സ്‌ക്വാഡ്: പാറ്റ് കമ്മിന്‍സ്(നായകന്‍), ആഷ്‌ടണ്‍ ആഗര്‍, സ്കോട്ട് ബോളണ്ട്, അലക്‌സ് ക്യാരി, കാമറൂണ്‍ ഗ്രീന്‍, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ഉസ്‌മാന്‍ ഖവാജ, മാര്‍നസ് ലബുഷെയ്‌ന്‍, നേഥന്‍ ലിയോണ്‍, ലാന്‍സ് മോറിസ്, ടോഡ് മുര്‍ഫി, മാത്യൂ റെന്‍ഷോ, സ്റ്റീവ്‌ സ്‌മിത്ത്(വൈസ് ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ സ്വപ്‌സണ്‍, ഡേവിഡ് വാര്‍ണര്‍.

ലിയോണ്‍ സംഭവം തന്നെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്; ഇന്ത്യന്‍ ബാറ്റര്‍ എടുത്തിട്ട് പൊരിച്ചത് ഓ‍ര്‍മ്മിപ്പിച്ച് ഡികെ

click me!