ലിയോണ്‍ സംഭവം തന്നെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്; ഇന്ത്യന്‍ ബാറ്റര്‍ എടുത്തിട്ട് പൊരിച്ചത് ഓ‍ര്‍മ്മിപ്പിച്ച് ഡികെ

By Web TeamFirst Published Feb 6, 2023, 12:18 PM IST
Highlights

ടീമിലെ നിര്‍ണായക താരം എന്ന നിലയില്‍ തന്‍റെ മേല്‍ വലിയ സമ്മര്‍ദമുണ്ടെന്ന് അദേഹത്തിന് അറിയാം എന്ന് ഡികെ 

നാഗ്‌പൂര്‍: സ്‌പിന്നിനെ തുണയ്ക്കുന്നതാണ് ഇന്ത്യന്‍ പിച്ചുകളുടെ പൊതു സ്വഭാവം എന്നതിനാല്‍ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ടീം ഇന്ത്യക്ക് ഏറ്റവും ഭീഷണി സൃഷ്ടിക്കാന്‍ പോകുന്ന ഓസീസ് ബൗളര്‍ പരിചയസമ്പന്നനായ സ്‌‌പിന്നര്‍ നേഥന്‍ ലിയോണാണ്. 2004ന് ശേഷം ആദ്യമായി ഇന്ത്യയില്‍ പരമ്പര നേടാന്‍ കൊതിക്കുന്ന ഓസീസിന്‍റെ ഭാരമത്രയും ലിയോണിന്‍റെ ചുമലിലാണ്. സമ്മര്‍ദത്തെ അതിജീവിച്ചാല്‍ ഈ പരമ്പരയില്‍ ലിയോണിന്‍റെ സ്‌പിന്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് വലിയ ഭീഷണിയാകുമെന്ന് പറയുന്നു വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്. എന്നാല്‍ ലിയോണിനെ അടിച്ചുപറത്തിയ ചരിത്രം ഒരു ഇന്ത്യന്‍ താരത്തിനുണ്ട് എന്ന് ഡികെ ഓസീസിന് മുന്നറിയിപ്പ് നല്‍കുന്നു.

'ഓസ്ട്രേലിയക്ക് ലോകോത്തര സ്‌പിന്നറായ നേഥന്‍ ലിയോണുണ്ട്. ടീമിലെ നിര്‍ണായക താരം എന്ന നിലയില്‍ തന്‍റെ മേല്‍ വലിയ സമ്മര്‍ദമുണ്ടെന്ന് അദേഹത്തിന് അറിയാം. ലിയോണിന്‍റെ ഒരു മോശം സെഷന്‍ മത്സരം ഓസീസിന്‍റെ കയ്യില്‍ നിന്ന് അകറ്റും. അതിനാല്‍ ഒരുപാട് സമ്മര്‍ദം ലിയോണ്‍ കൈകാര്യം ചെയ്യേണ്ടതുണ്ട്' എന്നും ഡികെ വ്യക്തമാക്കി. 

2016/17 പരമ്പരയിലെ പരിശീലന മത്സരത്തില്‍ ശ്രേയസ് അയ്യരുടെ ബാറ്റിന്‍റെ ചൂടറിഞ്ഞ ലിയോണിന്‍റെ കഥയും ദിനേശ് കാര്‍ത്തിക് പറയുന്നുണ്ട്. 'അന്ന് പരിശീലന മത്സരത്തില്‍ അയ്യര്‍ 210 പന്തില്‍ 202 റണ്‍സ് നേടിയിരുന്നു. ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ 28.3 ഓവര്‍ എറിഞ്ഞ ലിയോണ്‍ ഓസീസ് ബൗളര്‍മാരുടെ ഏറ്റവും മോശം ഇക്കോണമിയില്‍(5.61) 162 റണ്‍സാണ് വഴങ്ങിയത്. ശ്രേയസ് അയ്യര്‍ ലിയോണിനെ അടിച്ചുപറത്തിക്കളഞ്ഞു. സമ്മര്‍ദത്തിന് അനുസരിച്ച് ഫോമിലേക്ക് ലിയോണ്‍ ഉയരേണ്ടതുണ്ട്. ഇന്ത്യയ്ക്ക് രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജയും അക്‌സര്‍ പട്ടേലുമുള്ളപ്പോള്‍ ലിയോണല്ലാതെ കൂടുതല്‍ പരിചയസമ്പന്നരായ സ്‌പിന്നര്‍മാര്‍ ഓസീസിനില്ല' എന്നും ഡികെ കൂട്ടിച്ചേര്‍ത്തു.  

നാഗ്‌പൂരിലെ ആദ്യ ടെസ്റ്റില്‍ ശ്രേയസ് അയ്യര്‍ കളിക്കില്ല എന്നാണ് റിപ്പോര്‍ട്ട്. നടുവിനേറ്റ പരിക്കുമൂലം ന്യൂസിലന്‍ഡിന് എതിരായ വൈറ്റ് ബോള്‍ സീരീസ് പൂര്‍ണമായും അയ്യര്‍ക്ക് നഷ്‌ടമായിരുന്നു. 2021ല്‍ ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ശ്രേയസ് അയ്യര്‍ ഏഴ് മത്സരങ്ങളില്‍ 56.72 ശരാശരിയില്‍ ഒരു സെഞ്ചുറിയും അഞ്ച് ഫിഫ്റ്റുകളും സഹിതം 624 റണ്‍സ് നേടിയിരുന്നു. ഇതില്‍ നാല് മത്സരങ്ങള്‍ ഹോം വേദികളിലായിരുന്നു. നാല് അര്‍ധ സെഞ്ചുറികളോടെ 388 റണ്‍സാണ് ഇന്ത്യയില്‍ സ്വന്തമാക്കിയത്. 2022ല്‍ കളിച്ച അഞ്ച് ടെസ്റ്റുകളില്‍ 60 ശരാശരിയില്‍ നാല് ഫിഫ്റ്റികളോടെ അയ്യര്‍ 422 റണ്‍സ് നേടിയിരുന്നു. ഫെബ്രുവരി 9-ാം തിയതി നാഗ്‌പൂരിലാണ് ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി തുടങ്ങുന്നത്. 17-ാം തിയതി ദില്ലിയിലും മാര്‍ച്ച് 1ന് ധരംശാലയിലും 9ന് അഹമ്മദാബാദിലും അവശേഷിക്കുന്ന ടെസ്റ്റ് മത്സരങ്ങള്‍ നടക്കും. 

ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എസ് ഭരത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയദേ‌വ് ഉനദ്‌ഘട്ട്, സൂര്യകുമാര്‍ യാദവ്.  

റിഷഭിന് പകരം ബാറ്റിംഗ് നെടുംതൂണ്‍ ആവേണ്ടത് അയാള്‍, പേരുമായി അശ്വിന്‍; പക്ഷേ ആശങ്ക

click me!