വലച്ച് പരിക്ക്, പകരമാരെ കളിപ്പിക്കും, ടീം കോംപിനേഷന്‍ ഒരു പിടുത്തവുമില്ല; ഇതുവരെയില്ലാത്ത ആധിയില്‍ ഓസീസ്

By Web TeamFirst Published Feb 6, 2023, 11:48 AM IST
Highlights

കാമറൂണ്‍ ഗ്രീനിന് കളിക്കാനാവാതെ വന്നാല്‍ പകരം മാത്യൂ റെന്‍ഷോ, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ് എന്നിവരിലാരെ കളിപ്പിക്കണം എന്നതാണ് പ്രധാന ചോദ്യം

നാഗ്‌പൂര്‍: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരത്തിന് മുമ്പേ പരിക്കിന്‍റെ കടുത്ത പരീക്ഷ നേരിടുകയാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം. പരിക്ക് ഭേദമാകാത്ത സ്റ്റാര്‍ പേസര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹേസല്‍വുഡും നാഗ്‌പൂരിലെ ആദ്യ ടെസ്റ്റില്‍ കളിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. പരിക്കിന്‍റെ പിടിയിലുള്ള മറ്റൊരു താരമായ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ കളിക്കുമോ എന്ന് ഇതുവരെ ഉറപ്പായിട്ടില്ല. പകരം ആരൊക്കെ പ്ലേയിംഗ് ഇലവനില്‍ വരണം എന്ന ആശങ്കയിലാണ് ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്. 

കാമറൂണ്‍ ഗ്രീനിന് കളിക്കാനാവാതെ വന്നാല്‍ പകരം മാത്യൂ റെന്‍ഷോ, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ് എന്നിവരിലാരെ കളിപ്പിക്കണം എന്നതാണ് പ്രധാന ചോദ്യം. നാഗ്‌‌പൂര്‍ ടെസ്റ്റില്‍ കളിച്ചാല്‍ തന്നെ ഗ്രീന്‍ ബൗള്‍ ചെയ്യില്ലെന്ന് ഉറപ്പാണ്. ഗ്രീനില്ലേല്‍ അഞ്ചാം ബൗളിംഗ് ഓപ്‌ഷനില്ലാതെ ഇറങ്ങേണ്ടിവരുന്ന അവസ്ഥയിലാണ് ഓസീസ്. ഇത് ടീം ഘടനയെ പ്രതികൂലമായി ബാധിക്കും. മൂന്ന് സ്‌പെഷ്യലിസ്റ്റ് പേസര്‍മാരിലേക്ക് ഓസീസ് തിരിയുമോ എന്നത് സസ്‌‌പെന്‍സ്. സ്‌പിന്നിനെ നേരിടാന്‍ മികവുള്ള താരങ്ങളായതിനാല്‍ ആറാം നമ്പറില്‍ ഗ്രീനില്ലേല്‍ റെന്‍ഷോ, ഹാന്‍ഡ്‌സ്‌കോമ്പ് എന്നിവരിലൊരാളാണ് പ്ലേയിംഗ് ഇലവനിലെത്തുക.

നാഗ്‌പൂരില്‍ കളിക്കില്ലെന്ന് ജോഷ് ഹേസല്‍വുഡ് അറിയിച്ചുകഴിഞ്ഞു. ജോഷിന് പകരം സ്‌കോട്ട് ബോളണ്ട്, ലാന്‍സ് മോറിസ് എന്നിവരില്‍ ആര് വരും എന്നതും ചോദ്യമാണ്. ബോളണ്ട് ഇന്ത്യയില്‍ ഇതുവരെ കളിച്ചിട്ടില്ല. മോറിസാണേല്‍ ഓസീസിന്‍റെ അണ്‍ക്യാപ്‌ഡ് താരമാണ്. കമ്മിന്‍സ്, ബോളണ്ട്, മോറിസ് എന്നിങ്ങനെ മൂന്ന് പേസര്‍മാരെ കളിപ്പിക്കുന്നത് ഓസീസ് തള്ളിക്കളയുന്നില്ല. സീനിയര്‍ സ്‌പിന്നര്‍ നേഥന്‍ ലിയോണിനൊപ്പം ആര് വരണം എന്നതാണ് മറ്റൊരു ചോദ്യം. ആഷ്‌ടണ്‍ അഗറും ടോഡ് മര്‍ഫിയും തമ്മിലാണ് ഇക്കാര്യത്തില്‍ പോരാട്ടം. 22കാരനായ ടോഡിന് സര്‍പ്രൈസ് അരങ്ങേറ്റത്തിന് നാഗ്‌പൂരില്‍ അവസരം നല്‍കിയാല്‍ അത്ഭുതപ്പെടാനില്ല. അദേഹം പരിശീലനത്തില്‍ മികവ് കാട്ടി എന്നാണ് കമ്മിന്‍സ് നല്‍കുന്ന സൂചന. 

ഓസ്ട്രേലിയന്‍ ടെസ്റ്റ് സ്‌ക്വാഡ്: പാറ്റ് കമ്മിന്‍സ്(നായകന്‍), ആഷ്‌ടണ്‍ ആഗര്‍, സ്കോട്ട് ബോളണ്ട്, അലക്‌സ് ക്യാരി, കാമറൂണ്‍ ഗ്രീന്‍, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ഉസ്‌മാന്‍ ഖവാജ, മാര്‍നസ് ലബുഷെയ്‌ന്‍, നേഥന്‍ ലിയോണ്‍, ലാന്‍സ് മോറിസ്, ടോഡ് മുര്‍ഫി, മാത്യൂ റെന്‍ഷോ, സ്റ്റീവ്‌ സ്‌മിത്ത്(വൈസ് ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ സ്വപ്‌സണ്‍, ഡേവിഡ് വാര്‍ണര്‍.

ഓസീസിന് കാര്യങ്ങള്‍ എളുപ്പമാവില്ല; സ്റ്റാര്‍ പേസര്‍ക്ക് ആദ്യ ടെസ്റ്റ് നഷ്‌ടം, രണ്ടാം മത്സരവും സംശയം

click me!