മികച്ച തുടക്കത്തിന് ശേഷം ശ്രീലങ്കയ്ക്ക് നാല് പേരെ നഷ്ടമായി; ചാഹലിന് രണ്ട് വിക്കറ്റ്

By Web TeamFirst Published Jul 20, 2021, 5:10 PM IST
Highlights

മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ഫെര്‍ണാണ്ടോ- മിനോദ് സഖ്യം ലങ്കയ്ക്ക് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 77 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ചാഹലിന്റെ ഇരട്ട പ്രഹരം ലങ്കയെ ബാക്ക്ഫൂട്ടിലാക്കി.

കൊളംബൊ: ഇന്ത്യക്കെതിരാത രണ്ടാം ഏകദിനത്തില്‍ മികച്ച തുടക്കത്തിന് ശേഷം ശ്രീലങ്കയ്ക്ക് നാല് വിക്കറ്റുകള്‍ നഷ്ടം. കൊളംബൊ പ്രേമദാസ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ശ്രീലങ്ക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 28 ഓവറില്‍ നാലിന് 137 എന്ന നിലയിലാണ്. ചരിത് അസലങ്ക (5), ദസുന്‍ ഷനക (1) എന്നിവരാണ് ക്രീസില്‍. അവിഷ്‌ക ഫെര്‍ണാണ്ടോ (50), മിനോദ് ഭാനുക (36), ഭാനുക രാജപക്‌സ (0),  ധനഞ്ജയ ഡിസില്‍വ (32) എന്നിവരുടെ വിക്കറ്റുകളാണ് ആതിഥേയര്‍ക്ക് നഷ്ടമായത്. യൂസ്‌വേന്ദ്ര ചാഹല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ഫെര്‍ണാണ്ടോ- മിനോദ് സഖ്യം ലങ്കയ്ക്ക് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 77 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ചാഹലിന്റെ ഇരട്ട പ്രഹരം ലങ്കയെ ബാക്ക്ഫൂട്ടിലാക്കി. 14-ാം ഓവറിലെ അടുത്തടുത്ത പന്തുകളില്‍ ചാഹല്‍ മിനോദ്, രാജപക്‌സ എന്നിവരെയാണ് ചാഹല്‍ മടക്കിയത. നാലാമനായി ക്രീസിലെത്തിയത് ധനഞ്ജയ ഡിസില്‍വ സിംഗിളുകളും ഡബിളുമായി താരം പതുക്കെ കളം പിടിച്ചു. 

ഫെര്‍ണാണ്ടോയ്‌ക്കൊപ്പം നാലാം വിക്കറ്റില്‍ 47 കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ഇതിനിടെ ഫെര്‍ണാണ്ടോ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. എന്നാല്‍ നേരിട്ട അടുത്ത പന്തില്‍ താരം പവലിയനിലേക്ക് മടങ്ങി. ഭുവനേശ്വറിന്റെ പന്തില്‍ ക്രുനാല്‍ പാണ്ഡ്യക്ക് ക്യാച്ച് നല്‍കുകയായിരുന്നു താരം. വൈകാതെ റണ്‍നിരക്ക് ഉയര്‍ത്താനുള്ള ശ്രമത്തില്‍ ധനഞ്ജയയും മടങ്ങി. ദീപക് ചാഹറിനായിരുന്നു വിക്കറ്റ്.

നേരത്തെ, ഒരു മാറ്റവും കൂടാതെയാണ് ഇന്ത്യ ഇറങ്ങിയത്. ശ്രീലങ്ക ഒരു മാറ്റം വരുത്തി. ഇസുരു ഉഡാനയ്ക്ക് പകരം കഷുന്‍ രജിത ടീമിലെത്തി. മലയാളിതാരം സഞ്ജു സാംസണ് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇടം നേടാനായില്ല. രണ്ടാം ഏകദിനത്തില്‍ സഞ്ജു കളിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ പ്ലയിംഗ്് ഇലവനില്‍ ഇടം നേടാനായില്ല. 

ഇന്ത്യ: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, മനീഷ് പാണ്ഡെ, സൂര്യുകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ദീപക് ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍.

ശ്രീലങ്ക: അവിഷ്‌ക ഫെര്‍ണാണ്ടോ, മിനോദ് ഭാനുക, ഭാനുക രാജപക്‌സ, ധനഞ്ജയ ഡിസില്‍വ, ചരിത് അസലങ്ക, ദസുന്‍ ഷനക, വാനിഡു ഹസരങ്ക, ചാമിമ കരുണരത്‌നെ, കഷുന്‍ രജിത, ദുഷ്മന്ത ചമീര, ലക്ഷന്‍ സന്ധാകന്‍.

click me!